കൊച്ചി : എറണാകുളം പാവക്കുളത്തെ പ്രശസ്തമായ ക്ഷേത്രത്തിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഒരു സംഘം സ്ത്രീകൾ നടത്തിയ യോഗത്തിൽ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയ യുവതിയെ ആക്രമിച്ച സംഭവത്തിൽ 29ഓളം ബി.ജ.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്രത്തിന് സമീപത്തുള്ള ഹോസ്റ്റലിൽ താമസിക്കുന്ന ആതിര എന്ന തിരുവനന്തപുരം സ്വദേശിയാണ് ക്ഷേത്രത്തിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിനെ പരസ്യമായി ചോദ്യം ചെയ്തത്. എന്നാൽ ഇതിൽ പ്രകോപിതരായ ഒരു സംഘം ആളുകൾ ആതിരയെ ആക്രമിക്കുകയും, ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ആതിര പൊലീസിൽ പരാതി നൽകിയത്. സംഘം ചേർന്ന് ആക്രമിക്കൽ, ഭീഷണിപ്പെടുത്തൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ പരാതികളുടെ അടിസ്ഥാനത്തിൽ എട്ടോളം വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വിമർശനവുമായി എത്തിയ യുവതിക്കെതിരേ നേരത്തെ ബി.ജെ.പി. വ്യാവസായിക സെൽ കൺവീനറായ സജിനി നോർത്ത് പോലീസിൽ പരാതി നൽകിയിരുന്നു. ആതിരയോട് അപമര്യാദയായി കയർക്കുന്ന സംഘത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ഷെയർ ചെയ്തിരുന്നു. വർഗീയ ചുവയോടുള്ള സംസാരത്തെ പരിഹസിച്ചു കൊണ്ട് ട്രോളുകളും പ്രചരിച്ചിരുന്നു.