മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മുംബയിലെ വീടിന്റെ സുരക്ഷയ്ക്ക് വിന്യസിച്ച സി.ആർ.പി.എഫ് ജവാൻ അബദ്ധത്തിൽ സ്വയം വെടിവച്ച് മരിച്ചു.
ഗുജറാത്തിലെ ജുനഗഢിൽ നിന്നുള്ള ദേവദാൻ ബകോത്രയാണ് (31) മരിച്ചത്. നെഞ്ചിൽ വെടിയേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി.
പെഡാർ റോഡിലുള്ള അംബാനിയുടെ 27 നില ബംഗ്ലാവ് ആന്റിലിയക്ക് മുന്നിലെ സി.ആർ.പി.എഫിന്റെ സുരക്ഷാ പോസ്റ്റിൽ ബുധനാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.
ആത്മഹത്യയാണോ അതോ അപകടമാണോ എന്ന് വ്യക്തമല്ല. ബകോത്ര അബദ്ധത്തിൽ വീണതിനെ തുടർന്ന് റൈഫിളിൽ നിന്ന് വെടിപൊട്ടി എന്നാണ് പ്രാഥമിക നിഗമനം. നെഞ്ചിൽ രണ്ട് ബുള്ളറ്റുകൾ ഏറ്റതായി സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
''ഇത് അബദ്ധത്തിൽ വെടിയേറ്റതാണ്. ആത്മഹത്യയാണെന്ന് തോന്നുന്നില്ല.''
-ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രാജീവ് ജെയിൻ പറഞ്ഞു. സംഭവത്തിൽ ഗാംദേവി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും മുംബയ് പൊലീസ് അറിയിച്ചു.