വൂഹാൻ: കൊറോണ രോഗം അതിവേഗം പടരാൻ തുടങ്ങിയതോടെ ഈ രോഗികളെ ചികിത്സിക്കാൻ വേണ്ടി മാത്രം ചൈന പുതിയ ആശുപത്രി നിർമ്മിക്കുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ വൂഹാൻ നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് ആയിരം കിടക്കകളുള്ള കൂറ്റൻ ആശുപത്രിയുടെ നിർമ്മാണം ഒരാഴ്ചയ്‌ക്കുള്ളിൽ പൂർത്തിയാക്കും. ഫെബ്രുവരി 3ന് ആശുപത്രി പ്രവർത്തനം തുടങ്ങും.
2003ൽ സാർസ് വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ വെറും ആറ് ദിവസം കൊണ്ട് ചൈന ഒരു കൂറ്റൻ ആശുപത്രി നിർമ്മിച്ചിരുന്നു. ബീജിംഗിലെ ഷിയാവോതാങ്ഷാനിൽ നിർമ്മിച്ച ആ ആശുപത്രിയുടെ മാതൃകയിലാണ് കൊറോണ ആശുപത്രിയും കെട്ടിപ്പടുക്കുന്നത്.
കൊറോണ വ്യാപകമായതോടെ ചൈനയിലെ പത്ത് നഗരങ്ങൾ പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിച്ച നിലയിലാണ്.
ഈ നഗരങ്ങളിലെ മൊത്തം ജനസംഖ്യ മൂന്നര കോടിയാണ്. മദ്ധ്യ ചൈനയിലെ ഹ്യൂബേ പ്രവിശ്യയിലെ വൂഹാനും 9 അയൽ നഗരങ്ങളുമാണ് ഒറ്റപ്പെട്ട നിലയിലായത്.
ഈ നഗരങ്ങളിലെല്ലാം ജനജീവിതം മിക്കവാറും നിശ്ചലമായിട്ടുണ്ട്. തിരക്കുള്ള തെരുവുകളും മാളുകളും എല്ലാം ഏതാണ്ട് വിജനമായി. റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും സബ്‌വേകളും അടച്ചു. പൊതുസ്ഥലങ്ങളിലെല്ലാം മാസ്‌ക് നിർബന്ധമാക്കി. ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങി ശേഖരിച്ചതോടെ കടകളിലെ സാധനങ്ങളുടെ സ്റ്റോക്ക് തീർന്നു.തലസ്ഥാനമായ ബെയ്ജിംഗിൽ പൊതുപരിപാടികളെല്ലാം റദ്ദാക്കി.
പ്രധാന വിനോദ കേന്ദ്രങ്ങളായ വിലക്കപ്പെട്ട നഗരവും (ഫൊർബിഡൻ സിറ്റി) ഷാങ്ഹായ് ഡിസ്‌നിലാൻഡും അനിശ്ചിതമായി അടച്ചു. ഒരു വർഷം ഒന്നര കോടിയിലേറെ സന്ദർശകർ എത്തുന്ന കേന്ദ്രമാണ് ഫൊർബിഡൻസിറ്റി. അഞ്ഞൂറ് വർഷം ചൈനയിലെ മിങ്, ക്വിങ് രാജവംശങ്ങളുടെ ചക്രവർത്തിമാരുടെ ആസ്ഥാനമായിരുന്ന ഇവിടെ ആയിരത്തോളം മന്ദിരങ്ങൾ ഉൾപ്പെടുന്ന കൊട്ടാര സമുച്ചയങ്ങളാണ്. ഇപ്പോൾ അവയെല്ലാം ലോകപ്രശസ്ത മ്യൂസിയങ്ങളാണ്. ചൈനയുടെ ടൂറിസം വരുമാനത്തിന്റെ നല്ലൊരു പങ്ക് ലഭിക്കുന്ന ഇവിടെ അടച്ചു പൂട്ടുന്നത് സാമ്പത്തികമായി വലിയ നഷ്‌ടമുണ്ടാക്കും.
നിർമ്മാണം പ്രീ ഫാബ്രിക്കേറ്റഡ് സങ്കേതം ഉപയോഗിച്ച്
വിസ്തൃതി 2.70ലക്ഷം ചതുരശ്ര അടി
1000 കിടക്കകൾ
7 ദിവസത്തിനുള്ളിൽ പൂർത്തിയാകും