pisharady

കുറിക്ക് കൊള്ളുന്ന മറുപടി എന്ന വാക്കിന്റെ അർത്ഥം മലയാള സിനിമയിൽ തിരഞ്ഞാൽ ലഭിക്കുക ഒരുപക്ഷേ രമേശ് പിഷാരടിയെ ആയിരിക്കും. തന്റെ വാക്‌ചാതുരിയാൽ സദസിനെ ഇത്രയേറെ രസിപ്പിക്കാൻ പിഷാരടിക്കു തുല്യം പിഷാരടി മാത്രമേയുള്ളൂ. മിനി സ്ക്രീനിൽ നിന്ന് മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെതടക്കം രണ്ട് സിനിമകളുടെ സംവിധായകനാണ് ഇപ്പോൾ പിഷാരടി. എന്നാൽ വർഷങ്ങൾ മുമ്പ് ഒരു കോളേജിലെ പരിപാടിയുമായി ബന്ധപ്പെട്ട രസകരമായ അനുഭവം കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പിഷാരടി പങ്കുവച്ചിരുന്നു.

'ഒരു കോളേജിൽ പരിപാടിയ്‌ക്ക് പോയപ്പോൾ എനിക്കൊപ്പം സുഹൃത്ത് ജോജിയുമുണ്ട്. ഞങ്ങളിരിക്കുമ്പോൾ ഒരുപയ്യൻ ഓടി വന്നിട്ട് പറഞ്ഞു, ചേട്ടാ ആ ഡൈലാമോ എന്ന പാട്ട് രണ്ടാമത് പാടണം. ഇല്ലാന്ന് ജോജി പറഞ്ഞു. അങ്ങനെ പറഞ്ഞാൽ എങ്ങനാ? ഞങ്ങൾ കാശ് തന്നതല്ലേ? നിങ്ങൾ രണ്ടാമത് പാടണം. പാടത്തില്ലാന്ന് ഞാൻ പറഞ്ഞു. അതെന്താ അങ്ങനെ പറഞ്ഞതെന്നായി ചോദ്യം. നീ വന്ന് പാടുമോ എന്ന് ചോദിച്ചിരുന്നെങ്കിൽ, വേണമെങ്കിൽ പരിഗണനയ്‌ക്ക് എടുക്കാമായിരുന്നു. നീ ഓടി വന്നിട്ട് പാടണം എന്നു പറഞ്ഞാൽ എങ്ങനെ പാടാൻ പറ്റും എന്നു ഞാൻ ചോദിച്ചു.

അവൻ ഉടനെ അവന്റെ കൂട്ടുകാരെ കൂട്ടികൊണ്ടു വന്നു. നിങ്ങളിന്ന് ഇവിടുന്ന് പോകില്ലാന്ന് ഭീഷണിയും. ഞാൻ പറഞ്ഞു- അതെങ്ങനെ ശരിയാകും അഞ്ചു മണി കഴിഞ്ഞാൽ നിങ്ങൾ പിള്ളേരെയടക്കം ഇവിടുന്ന് പറഞ്ഞു വിടും. പിന്നെ ഞങ്ങൾക്ക് ഒറ്റയ്‌ക്ക് ഇവിടെ നിൽക്കാൻ പറ്റോ? നിങ്ങൾ അക്കൊമൊഡേഷൻ തരുവാണേൽ പോകാതെ നിൽക്കാം. പാളി തുടങ്ങി അപ്പോൾ അവന്മാർക്ക് മനസിലായി.

ഞാൻ പറഞ്ഞു, മോനെ ഞാൻ ഇട്ടിരിക്കുന്ന ഷർട്ട് ലീനൻ, മീറ്ററിന് ഇത്ര രൂപയാണ്. നീ ഇട്ടിരിക്കുന്നത് യൂണിഫോമും. സ്വന്തമായി ഒരു ഷർട്ടിടാനുള്ള അവകാശം നിഷേധിക്കപ്പെട്ടവാനാണി നീ എന്നൊക്കെ പറഞ്ഞപ്പോൾ അവനങ്ങ് അമ്പരന്നു. ഞാൻ പറഞ്ഞു വരുന്നത്. വർത്തമാനം പറയുമ്പോൾ മര്യാദയ്‌ക്കൊക്കെ പറയണ്ടേ. പ്രായത്തിൽ അവനേക്കാൾ മൂത്തതല്ലേ'-പിഷാരടിയുടെ വാക്കുകൾ.