വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് അനായാസ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യർ പുറത്താകാതെ 29 പന്തിൽ 58 റൺസെടുത്തു. ടി20യിലെ 10–ാം അർധസെഞ്ചുറി കണ്ടെത്തിയ ഓപ്പണർ ലോകഷ് രാഹുൽ (27 പന്തിൽ 56) മികച്ച മുന്നേറ്റമാണ് നടത്തിയത്. ക്യാപ്റ്റൻ വിരാട് കോഹ്ലി 32 പന്തിൽ 45 റൺസെടുത്തു. ശ്രേയസ് അയ്യർ – മനീഷ് പാണ്ഡെ സഖ്യമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വെറും 34 പന്തിൽനിന്നാണ് ഇരുവരും ചേർന്ന് 62 റൺസെടുത്തത്. രോഹിത് ശർമ (ആറു പന്തിൽ ഏഴ്), ശിവം ദുബെ (ഒൻപതു പന്തൽ 13) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായ താരങ്ങൾ.
ഇന്ത്യക്കെതിരെ നല്ല രീതിയിലാണ് ന്യൂസീലൻഡ് ബാറ്റ് ചെയ്തത്. ഓക്‌ലൻഡിലെ താരതമ്യേന ചെറിയ ബൗണ്ടറികളുള്ള സ്റ്റേഡിയത്തിൽ സിക്സും ഫോറും കണ്ടെത്തിയാണ് കിവീസ് കൂറ്റൻ ഉയർത്തിയത്. ഓപ്പണർ കോളിൻ മൺറോ, ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, റോസ് ടെയ്‌ലർ എന്നിവർ അർധസെഞ്ചുറി നേടി.