നീണ്ട ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിലിന്റെ നായികയായി നസ്രിയ നസീം വീണ്ടുമെത്തുന്ന ട്രാൻസിലെ പുതിയ ഗാനം പുറത്ത്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് എന്ന ചിത്രത്തിൽ ഒരു പാസ്‌റ്ററുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ചിത്രത്തിൽ നസ്രിയ പ്രത്യക്ഷപ്പെടുന്ന ഗാനരംഗമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദിയിലെ വരികൾ കമൽ കാർത്തികും മലയാളത്തിലുള്ള വരികളെഴുതിയത് വിനായക് ശശികുമാറുമാണ്.
ഏഴുവർഷത്തിനു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. ഉസ്‌താദ് ഹോട്ടലാണ് അൻവർ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. സുപ്രീം സുന്ദറാണ് ട്രാൻസിലെ ആക് ഷൻ ഡയറക്ടർ. ഒരു പാസ്റ്ററുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് പ്രമേയം. 18 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ട്രാൻസ് നിർമ്മിക്കുന്നത് അൻവർ റഷീദ് എന്റർടെയിൻമെന്റാണ്. അമൽ നീരദാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ചെമ്പൻ വിനോദ്, വിനായകൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, അർജുൻ അശോക്, ധർമ്മജൻ ബോൾഗാട്ടി, അമൽഡ ലിസ്, അശ്വതി മേനോൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.വിസന്റ് വടക്കൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സൺ വിജയൻ സംഗീതം നൽകുന്നു.