the-economist

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ച് ലണ്ടനിൽ നിന്ന് പുറത്തിറങ്ങുന്ന 'ദി ഇക്കണോമിസ്റ്റ്" മാസിക.

‘ഇന്ത്യയുടെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ചേർന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തെ അപകടത്തിലാക്കുന്നത് എങ്ങനെ’യെന്ന് കുറിച്ചുകൊണ്ട് പുതിയ ലക്കത്തിന്റെ കവർ ചിത്രം ‘ദ ഇക്കണോമിസ്റ്റ്’ ട്വിറ്ററിൽ പങ്കുവച്ചു. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വിമർശനം. മുള്ളുവേലിക്ക് മുകളിൽ വിരിഞ്ഞ താമരയാണ് മാഗസിന്റെ കവർ ചിത്രം. ‘അസഹിഷ്ണുത നിറഞ്ഞ ഇന്ത്യ’(Intolerant India) എന്ന തലക്കെട്ടിലാണ് കവർസ്റ്റോറി.

മോദി രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നുവെന്നും രാജ്യത്തെ ഹിന്ദുരാജ്യമാക്കി മാറ്റാൻ പ്രധാനമന്ത്രി ശ്രമിക്കുന്നതായി 20 കോടിയോളം വരുന്ന മുസ്ലിം ജനത ഭയക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

രാമജന്മഭൂമി പ്രക്ഷോഭകാലം മുതലിങ്ങോട്ടുള്ള ബി.ജെ.പിയുടെ വളർച്ച വിശദീകരിക്കുന്ന ലേഖനത്തിൽ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും അദ്ദേഹത്തിന്റെ പാർട്ടിയും നേട്ടങ്ങൾ കൊയ്യുന്നുവെന്നും വിമർശിക്കുന്നു.

രാജ്യത്തെ യഥാർത്ഥ പൗരന്മാരുടെ രജിസ്റ്റർ തയ്യാറാക്കാനുള്ള നീക്കം 130 കോടിയോളം വരുന്ന ജനങ്ങളെ ദുരിതത്തിലാക്കും. എൻ.ആർ.സി നടപടി വർഷങ്ങളോളം നീളുന്നതാണ്. പട്ടിക തയാറായാൽ പോലും അതു എതിർപ്പിനും പുനഃപരിശോധനയ്ക്കും വിധേയമാകുമെന്നു ലേഖനം നിരീക്ഷിക്കുന്നു.

ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നതിനു പിന്നാലെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തിരിച്ചടികൾ സംബന്ധിച്ച ചർച്ചകളിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടുന്നതാണു വിഭാഗീയത സൃഷ്ടിക്കാനുള്ള നീക്കങ്ങളെന്നും ലേഖനം നിരീക്ഷിക്കുന്നു. ലേഖനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി.

 ബ്രിട്ടീഷുകാർ 1947ൽ ഇന്ത്യ വിട്ടുവെന്നാണ് നാം കരുതുന്നത്. എന്നാൽ ദ ഇക്കണോമിസ്റ്റ് എഡിറ്റർമാർ ഇപ്പോഴും കൊളോണിയൽ കാലത്താണ് ജീവിക്കുന്നത്. മോദിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞിട്ടും 60 കോടിയോളം ഇന്ത്യക്കാർ അതു പാലിക്കാത്തതിൽ അവർ ദേഷ്യത്തിലാണ്.

- വിജയ്ചൗതായ്വാല, ബി.ജെ.പി നേതാവ്