അടിമാലി: നേരത്തേ ഉറങ്ങാൻ കിടന്ന അലീന മാത്രം ഒടുവിൽ ബാക്കിയായി. നാലു ഗ്ലാസ്സുകളിലായി വിഷം കലക്കി വച്ചിരുന്നെങ്കിലും നേരത്തേ ഉറങ്ങിപ്പോയതിനാൽ അലീനയ്ക്കു മാത്രം കൊടുത്തില്ല. വിഷം കഴിച്ച മൂവരും ഒരേ മുറിയിൽ അലീനയോടൊപ്പം കിടന്നുറങ്ങി. രാവിലെ ഉണർന്ന അലീന പല്ലു തേച്ച് തിരികെവന്നിട്ടും പപ്പയും അമ്മയും ചേട്ടനും എഴുന്നേൽക്കാത്തതിനാൽ അവരോടെപ്പം വീണ്ടും കിടന്നുറങ്ങി.
ഒൻപതരയോടെ വീണ്ടും ഉണർന്നപ്പോഴും അവർ മൂവരും എഴുന്നേറ്റിട്ടില്ലെന്നു കണ്ട് കുലുക്കിവിളിച്ചു നോക്കി. പ്രതികരണം കാണാഞ്ഞപ്പോൾ ആ കുഞ്ഞുമനസിൽ എന്തോ പന്തികേടു തോന്നി. വയനാട്ടിലുള്ള അമ്മയുടെ വീട്ടിലേയ്ക്ക് പട്ടോളി അമ്മയെ (മിനിയുടെ അമ്മ) ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു. അടുത്തുള്ള ആരെയെങ്കിലും പെട്ടെന്ന് അറിയിക്കാൻ അവർ നിർദ്ദേശിച്ചതനുസരിച്ചാണ് അലീന പപ്പയുടെ ഫോണിലെ അവസാനത്തെ കോളിൽ വിളിച്ചത്. ചിന്നാർ സ്വദേശി പീതാംബരനായിരുന്നു അത്. പീതാംബരൻ വഴിയാണ് മറ്റുള്ളവർ സംഭവമറിഞ്ഞത്.