തിരുവനന്തപുരം: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട എൻ - കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടർന്ന് കേരളത്തിൽ വിവിധ ജില്ലകളിൽ 10 പേരെ നിരീക്ഷണത്തിലാക്കി. തൃശൂരിൽ ഏഴു പേരും കോട്ടയത്ത് മൂന്നു പേരും എറണാകുളത്ത് കളമശേരിയിൽ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരെല്ലാം ചൈനയിൽ നിന്ന് മടങ്ങിയെത്തിയവരാണ് കോട്ടയത്ത് രണ്ട് മെഡിക്കൽ വിദ്യാർത്ഥികളും ചൈനയിൽ ജോലിയുള്ള ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ നില തൃപ്തികരമാണെന്ന് ഡി.എം.ഒ ഡോ.ജേക്കബ് വറുഗീസ് പറഞ്ഞു.
സംസ്ഥാനത്ത് ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനയിൽ നിന്ന് വരുന്നവർ ജില്ലാ മെഡിക്കൽ ഓഫീസറെ ബന്ധപ്പെടണം. അതിനിടെ, ചൈനയിൽ നിന്ന് മുംബയ് വിമാനത്താവളത്തിൽ എത്തിയ രണ്ടു പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിലെ വുഹാനിൽ 20 മലയാളികൾ ഉൾപ്പെടെ 25 ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. വിവിധ രാജ്യക്കാരായ 56 മെഡിക്കൽ വിദ്യാർത്ഥികളാണ് ഭക്ഷണം പോലും കിട്ടാതെ വിഷമിക്കുന്നത്. മലയാളി നഴ്സിന് കൊറോണയില്ല: സൗദി മലയാളി നഴ്സിന് കൊറോണ ബാധിച്ചെന്ന റിപ്പോർട്ട് സൗദി ആരോഗ്യ മന്ത്രാലയം തള്ളി. ചൈനയിലെ കൊറോണ വൈറസ് രാജ്യത്ത് റിപ്പോർട്ടു ചെയ്തിട്ടില്ലെന്നും അസീറിലെ ആശുപത്രിയിൽ കഴിയുന്ന മലയാളി നഴ്സിനു ബാധിച്ചത് മിഡിൽ ഈസ്റ്റ് റെസ്‌പിറേറ്ററി സിൻഡ്രോം (മെർസ്) ആണെന്നും സൗദി അധികൃതർ അറിയിച്ചു.