അഹമ്മദാബാദ് : പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ആസാദി മുദ്രാവാക്യം വിളിക്കുന്നവർ രാജ്യം വിട്ടുപോവട്ടെയെന്നു ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ നിധിൻ പട്ടേൽ. ഇത് കാശ്മീരല്ല ഗുജറാത്താണെന്ന് മറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. അവർക്ക് അവർ ആവശ്യപ്പെടുന്ന പോലുള്ള സ്വാതന്ത്ര്യമാണു വേണ്ടതെങ്കിൽ രാജ്യം വിട്ടുപോവട്ടെയെന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷികച്ചടങ്ങിൽ പ്രസംഗിക്കവേ നിധിൻ പട്ടേൽ പറഞ്ഞു.
ചില ആളുകൾ കൂട്ടം ചേർന്ന് ആസാദി മുദ്രാവാക്യം വിളിക്കുകയാണ്. എന്തിൽ നിന്നാണ് അവർക്കു സ്വാതന്ത്ര്യം വേണ്ടത്? മാതാപിതാക്കളിൽ നിന്നോ അതോ ഭർത്താക്കന്മാരിൽ നിന്നോ? അവരെന്താണു പറയുന്നതെന്നു മനസിലാവുന്നില്ല. ഇന്ത്യയിൽ നിന്നാണു സ്വാതന്ത്ര്യം വേണ്ടതെങ്കിൽ, ആവർക്കു വേണ്ടുന്ന സ്ഥലത്തേക്കു പോകാൻ സൗകര്യം നൽകി അതിർത്തികൾ തുറന്നിടാൻ പ്രധാനമന്ത്രിയോടു പറയേണ്ടിവരും’– നിധിൻ പട്ടേൽ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ അഹമ്മദാബാദിൽ പൊലീസുകാർക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങൾ നടന്നെന്നു പട്ടേൽ കുറ്റപ്പെടുത്തി. ഒരു ചാക്കു കല്ല് കിട്ടാനില്ലാത്ത നഗരത്തിൽ ആക്രമണങ്ങൾക്കായി ടെറസുകൾക്കും മറ്റും മീതെ ലോറിക്കണക്കിനു കല്ലുകളായിരുന്നു ശേഖരിച്ചിരുന്നത്. ഇതു കശ്മീരല്ലെന്ന് അവർ മറന്നു പോയി. നിങ്ങൾ ജീവിക്കുന്നത് ഗുജറാത്തിലാണ്. കുഴപ്പക്കാർക്കെതിരെ നടപടികൾ എടുത്തിട്ടുണ്ടെന്നും പട്ടേൽ അറിയിച്ചു.