shashi-tharoor-

ജയ്പൂർ: ഹിന്ദുനേതാവ് വീർ സവർക്കറാണ് രണ്ടുരാഷ്ട്രങ്ങളെന്ന സിദ്ധാന്തം ആദ്യമായി കൊണ്ടുവന്നതെന്ന് ശശി തരൂർ എം.പി. മുസ്ലിം ലീഗ് പാകിസ്ഥാൻ പ്രമേയം പാസാക്കുന്നതിന് മൂന്ന് വർഷം മുമ്പുതന്നെ സർക്കർ ദ്വിരാഷ്ട്ര സിദ്ധാന്തം ആവശ്യപ്പെട്ടിരുന്നതായി തരൂർ പറഞ്ഞു. വിഭജന കാലത്ത്, മതം ദേശീയതയെ നിർണയിക്കുമോ എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാൽ അതിന് മൂന്ന് വര്‍ഷം മുൻപേ ഈ സിദ്ധാന്തത്തിനായി വാദിച്ചിരുന്നുവെന്ന് തരൂർ പറഞ്ഞു. ജയ്പൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതെങ്കിലും ആശയങ്ങളുടെയോ, ഭൂമിശാസ്ത്രത്തിന്റെയോ പേരിലല്ലായിരുന്നു ഈ വിഭജനം. മതമാണോ ദേശീയതയെ നിർണയിക്കേണ്ടത്? മുസ്ലിം വിശ്വാസമുള്ളവർ പാകിസ്ഥാൻ രൂപീകരിച്ചു. എന്നാൽ ദേശീയതയെ നിർണയിക്കുന്നത് മതമല്ലെന്ന ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ആശയങ്ങളിൽ വിശ്വസിച്ച വലിയ വിഭാഗം മുസ്ലിങ്ങൾ ഇന്ത്യയിൽ തന്നെ തുടർന്നു. എല്ലാവരും അടങ്ങുന്ന ഒരു രാജ്യത്തിന്റെ, എല്ലാവർക്കും ഒരുപോലെ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്തിന്റെ സൃഷ്ടിക്കായി നമ്മൾ പോരാടി. അതിനുവേണ്ടി ഒരു ഭരണഘടനയ്ക്ക് രൂപം നൽകിയെന്ന് തരൂർ പറഞ്ഞു

ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ കടന്നുവരവോടെയാണ് ഭരണഘടനയോടുള്ള പുച്ഛം ആരംഭിക്കുന്നത്. ഹിന്ദുക്കൾക്ക് ഇന്ത്യ പിതൃഭൂമിയാണ്, പൂർവ്വികരുടെ നാടാണ്, വിശുദ്ധ സ്ഥലമാണ് എന്നെല്ലാമാണ് സവർക്കർ വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദുത്വ പ്രസ്ഥാനങ്ങൾ ഭരണഘടനയെ പൂർണമായും തള്ളിയിരുന്നു. മതം ദേശീയതയെ നിർവചിക്കുമെന്ന് വിശ്വസിച്ച് പാകിസ്ഥാൻ രൂപീകരിച്ച മുസ്ലിങ്ങളെ അവർ അംഗീകരിച്ചുവെന്ന് തരൂർ പറഞ്ഞു

ഇന്ത്യ ഒരു ഭൂപ്രദേശമാണെന്നല്ല അത്തരക്കാർ വിശ്വസിച്ചിരുന്നത്. ജനങ്ങൾ ഒന്നുചേർന്ന ഒരു സ്ഥലം മാത്രമാണ് അവർക്ക് ഇന്ത്യ. ആ ജനങ്ങൾഹിന്ദുക്കള്‍ മാത്രമാണെന്നും അവര്‍ വിശ്വസിച്ചു. ഹിന്ദു താല്‍പര്യങ്ങളേക്കാൾ മുസ്ലിം താത്പര്യങ്ങൾക്ക് ഗാന്ധി കൂടുതൽ പ്രാധാന്യം നൽകിയെന്ന വിശ്വാസത്തെ തുടർന്നാണ് മുൻ ആർ.എസ്.എസ് പ്രവർത്തകൻ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. ബ്രിട്ടീഷുകാർ വിതച്ച വിഭജന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ രക്തസാക്ഷിയാണ് ഗാന്ധി. ഇപ്പോൾ വെറും ഒരു കണ്ണട മാത്രമായി ഗാന്ധി അവശേഷിച്ചതിൽ അതിശയമില്ലെന്ന് ശശി തരൂർ പറഞ്ഞു.