തിരുവനന്തപുരം: 'ഹൃദയഭേദകം"ചേങ്കോട്ടുകോണത്ത് ഇന്നലെ നടന്ന കാഴ്ചകളെ മറ്റെന്ത് വിളിക്കാൻ. നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരിച്ച ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ലെയിൻ രോഹിണി ഭവനിൽ പ്രവീൺ കൃഷ്ണൻനായരുടെയും കുടുംബത്തിന്റെയും സംസ്കാര ചടങ്ങുകൾ വിങ്ങലടക്കാതെ കണ്ടുനിൽക്കാനായില്ല.ഹൃദയം നുറുങ്ങുന്ന കാഴ്ച. അച്ഛന്റെയും അമ്മയുടെയും ഇരുവശത്തായാണ് മക്കൾക്ക് അന്ത്യനിദ്രയൊരുക്കിയത്.
ഒന്നിച്ച് കളിച്ചുല്ലസിച്ച് നടന്ന ആ മൂന്ന് ചിത്രശലഭങ്ങൾക്കും ഒന്നിച്ച് ഒരു കുഴിയിലാണ് അന്ത്യനിദ്ര. എട്ട് അടി നീളവും ആറ് അടി വീതിയുമുള്ള കുഴിയിലാണ് മൂന്ന് പെട്ടികളിലായി കുഞ്ഞുങ്ങളെ സംസ്കരിച്ചത്. വലതുഭാഗത്ത് പ്രവീണിനായും ഇടത് ഭാഗത്ത് ശരണ്യയ്ക്കായും ചിതയൊരുങ്ങി. ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ രണ്ടര വയസുകാരൻ ആരവാണ് അന്ത്യകർമങ്ങൾ ചെയ്തത്. എന്താണ് ചെയ്യുന്നതെന്നറിയാതെ ആ കുഞ്ഞ് അച്ഛന്റെ ഒക്കത്തിരുന്ന് ചടങ്ങുകൾ ചെയ്തുതീർത്തു. തീ നാളങ്ങൾ പ്രവീണിനെയും ശരണ്യയെയും ഏറ്റുവാങ്ങിയപ്പോൾ മൺകുഴിയിൽ നിദ്രയിലാഴ്ന്നിരുന്നു ശ്രീഭദ്രയും ആർച്ചയും അഭിനവും.
രാവിലെ 8.15ഓടെ മൃതദേഹങ്ങൾ വഹിച്ച അഞ്ച് ആംബുലൻസുകൾ വീടിന് മുന്നിൽ എത്തിയപ്പോഴേക്കും നിലവിളികളുയർന്നു.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ വിലാപയാത്രയായാണ് വീട്ടിലെത്തിച്ചത്. മുന്നിൽ പ്രവീണിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ്, പിന്നിൽ മൂത്ത മകൾ ശ്രീഭദ്ര, പിറകിൽ രണ്ടാമത്തെ മകൾ ആർച്ച, ചേച്ചിമാർക്ക് പിന്നാലെ കുഞ്ഞ് അഭിനവും. ഏറ്റവും പിന്നിലായി ഭർത്താവിനും മക്കൾക്കും കാവലെന്നവണ്ണം ശരണ്യയെ വഹിച്ച ആംബുലൻസും.
മൃതദേഹങ്ങൾ മുറ്റത്ത് തയ്യാറാക്കിയിരുന്ന പന്തലിലേക്ക് ഒന്നൊന്നായി എടുക്കുമ്പോൾ കണ്ടുനിന്നവർ വിങ്ങിപ്പൊട്ടി. അച്ഛന്റെയും അമ്മയുടെയും നടുവിലായാണ് മൂന്ന് മക്കളെ കിടത്തിയത്.
കൊച്ചുമക്കളെ കാണാനാവാതെ...
പ്രവീണിന്റെ അച്ഛൻ കൃഷ്ണൻനായരെ ബന്ധുക്കൾ താങ്ങിപ്പിടിച്ചാണ് മക്കളുടെയും കൊച്ചുമക്കളുടെയും ചേതനയറ്റ ശരീരം കാണിക്കാനെത്തിച്ചത്. ആ കാഴ്ച കണ്ടതും അദ്ദേഹം വാവിട്ടുനിലവിളിച്ചു. പിന്നാലെ ബന്ധുക്കളുടെ ചുമലുകളിൽ ചാരി സഹോദരി പ്രസീതയും അമ്മ പ്രസന്നകുമാരിയുമെത്തി. അലറിക്കരഞ്ഞ ഇവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും നിസഹായരായി.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബന്ധുക്കൾക്ക് ഉടൻ തന്നെ മെഡിക്കൽ സംഘമെത്തി ചികിത്സ നൽകി.
ശരണ്യയുടെ അച്ഛൻ ശശിധരക്കുറുപ്പും നിലവിളിക്കുന്നുണ്ടായിരുന്നു. മുത്തച്ഛന്റെ ചുമലിൽ കിടന്നാണ് കൊച്ചിയിലെ വീട്ടിൽ നിന്ന് അഭിനവ് നേപ്പാളിലേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തന്റെ ചുമലിൽ കിടന്നുറങ്ങിയ കൊച്ചുമകനെ ഇനിയൊരിക്കലും കാണാനാകില്ലല്ലോയെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ആർക്കും മറുപടി പറയാനുണ്ടായിരുന്നില്ല.
ജനുവരിപ്പൂക്കൾ ഓർമ്മയായതും ജനുവരിയിൽ
പോത്തൻകോട്: 2009ൽ വിവാഹിതരായ പ്രവീൺ - ശരണ്യ ദമ്പതികളുടെ ഒമ്പതും ഏഴും അഞ്ചും വയസ് പ്രായമുള്ള മൂന്നു കുട്ടികളും ജനിച്ചത് ജനുവരി മാസത്തിലാണ്. ശ്രീഭദ്ര ജനുവരി 3നും ആർച്ച 31നും അഭിനവ് 15നുമാണ് ജനിച്ചത്. ശ്രീഭദ്രയുടെയും അഭിനവിന്റെയും ജന്മദിനം വിനോദയാത്രക്ക് പോകും മുമ്പ് എറണാകുളത്തെ വീട്ടിൽ ആഘോഷിച്ചിരുന്നു. നേപ്പാൾ യാത്ര കഴിഞ്ഞ് നാട്ടിൽ മടങ്ങിയെത്തിയശേഷം 31ന് ആർച്ചയുടെ ജന്മദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ദുരന്തം. മൂന്ന് കുരുന്നുകളുടെയും ദാരുണാന്ത്യം ജനുവരിയിൽ തന്നെയായതും വേദനയായി.