തിരുവനന്തപുരം: നേരം പുലർന്നപ്പോൾ മുതൽ ചേങ്കോട്ടുകോണത്തിന്റെ അന്തരീക്ഷത്തിലാകെ സങ്കടം മാത്രമായിരുന്നു. രാവിലെ ആറ് മണിക്ക് മുൻപ് തന്നെ നെഞ്ച് നിറയെ സങ്കടവുമായി, ആ സങ്കടത്തെ കണ്ണിൽ ആവാഹിച്ച് ചേങ്കോട്ടുകോണം അയ്യൻകോയിക്കലിലെ രോഹിണി ഭവന് മുന്നിൽ നൂറുകണക്കിനാളുകളാണ് എത്തിയത്. എട്ട് മണിയായപ്പോഴേക്കും ആയിരങ്ങൾ പ്രിയ പ്രവീണിനും കുടുംബത്തിനും യാത്രാമൊഴിയേകാൻ വീട്ടിലെത്തി.
കണ്ണിൽ ഒരിറ്രു വെള്ളമെങ്കിലും നിറയ്ക്കാതെ കണ്ടുനിൽക്കാൻ കഴിയില്ലായിരുന്നു ആ വീട്ടിലെ കാഴ്ചകൾ. രാവിലെ 8.15ഓടെ മൃതദേഹങ്ങൾ വിലാപയാത്രയായി ആംബുലൻസുകളിൽ വീട്ടുമുറ്റത്തെത്തിച്ചതുമുതൽ തേങ്ങലുകളും കണ്ണീരും സങ്കടം പറച്ചിലുകളുമൊക്കെയായി ദുഃഖം അണപൊട്ടിയൊഴുകുകയായിരുന്നു. നേപ്പാളിൽ വിനോദയാത്രയ്ക്കിടെ ഹോട്ടൽ മുറിയിലെ ഹീറ്ററിൽ നിന്ന് വിഷവാതക ചോർച്ചയുണ്ടായി മരണത്തിലേക്ക് യാത്രയായ പ്രവീൺ കൃഷ്ണൻനായർ (39), ഭാര്യ ശരണ്യ (34), മക്കളായ ശ്രീഭദ്ര (8), ആർച്ച (6), അഭിനവ് (5) എന്നിവർക്ക് അത്രമേൽ വികാരനിർഭരമായ യാത്രഅയപ്പാണ് പ്രിയപ്പെട്ടവർ നൽകിയത്.
സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയവരുടെ തിരക്കിനാണ് ചേങ്കോട്ടുകോണം സാക്ഷ്യം വഹിച്ചത്. മുറ്റത്ത് തയ്യാറാക്കിയിരുന്ന പന്തലിൽ അച്ഛനും അമ്മയ്ക്കും ഇരുവശത്തുമായാണ് മക്കളെ കിടത്തിയത്.
നെഞ്ചുപൊട്ടി കരഞ്ഞ പ്രവീണിന്റെ മാതാപിതാക്കളെയും സഹോദരിയെയും ശരണ്യയുടെ അച്ഛനെയും സഹോദരിയെയും ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കളും പൊട്ടിക്കരഞ്ഞു. പ്രവീണിന്റെ കൂട്ടുകാരും ശരണ്യയുടെ അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠികളും പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ എത്തിയിരുന്നു. അച്ഛന്റെയും അമ്മയുടെയും ഇരുവശത്തായാണ് മക്കൾക്ക് അന്ത്യനിദ്രയൊരുക്കിയത്. മക്കളെ ചടങ്ങുകളൊന്നുമില്ലാതെ ഒരുപോലത്തെ പെട്ടിയിൽ വലിയ കുഴിയിൽ ഇറക്കിവച്ചു. ഇടവും വലവുമായി അമ്മയുടെയും അച്ഛന്റെയും ചിതയും. 10.15 കഴിഞ്ഞതോടെ അഗ്നി പ്രവീണിനെയും ശരണ്യയെയും, ഭൂമി കുഞ്ഞുശലഭങ്ങളെയും ഏറ്രുവാങ്ങി. അപ്പോഴും അകത്തെ മുറികളിൽ നിന്ന് തേങ്ങലുകൾ അടങ്ങിയിരുന്നില്ല. കരഞ്ഞ് ചുവന്ന് വീങ്ങിയ കണ്ണുകളോടെ, പ്രാണന്റെ അംശമായവർ തിരിച്ചുവരില്ലെന്ന് വിശ്വസിക്കാനാവാതെ അവർ തളർന്നിരിക്കുകയായിരുന്നു.
പോത്തൻകോട്: മൃതദേഹങ്ങൾ വഹിച്ചുള്ള ആംബുലൻസുകൾ എത്തിയപ്പോൾ സങ്കടക്കടലായി മാറി ചേങ്കോട്ടുകോണം.
കഴിഞ്ഞ ദിവസം രാത്രി 12ഓടെ തിരുവനന്തപുരം എയർപോർട്ടിലെത്തിച്ച മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ രാവിലെ 7ഓടെ വിലാപയാത്രയായി ചെങ്കോട്ടുകോണത്തേക്ക് തിരിക്കുമ്പോൾ തന്നെ പ്രവീണിന്റെ വീടിന് സമീപം നാട്ടുകാരെക്കൊണ്ട് നിറഞ്ഞിരുന്നു. ആദ്യം പ്രവീണിന്റെയും പിന്നാലെ മകൾ ശ്രീഭദ്രയുടെയും ആർച്ചയുടെയും മകൻ അഭിനവിന്റെയും ഭാര്യ ശരണ്യയുടെയും മൃതദേഹങ്ങൾ മുറ്റത്ത് സജ്ജീകരിച്ച വേദിയിൽ കിടത്തിയപ്പോൾ ബന്ധുക്കൾ ദുഃഖമടക്കാനാകാതെ പൊട്ടിക്കരഞ്ഞു. പ്രവീണിന്റെ മാതാപിതാക്കളായ കൃഷ്ണൻകുട്ടി നായരെയും പ്രസന്നകുമാരിയെയും ശരണ്യയുടെ പിതാവ് ശശിധര കുറുപ്പിനെയും മൃതദേഹം കാണിക്കാൻ മറ്റ് ബന്ധുക്കൾ നന്നേ പാടുപെട്ടു.
നൊമ്പരക്കടലായി രോഹിണി
മന്ത്രി കെ.രാജു, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, വി.കെ. പ്രശാന്ത്, ഒ.രാജഗോപാൽ, ബി. സത്യൻ, മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ എം.എൽ.എ കോലിയക്കോട് കൃഷ്ണൻനായർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ബി.ജെ.പി നേതാക്കളായ വി.വി. രാജേഷ്, എസ്. സുരേഷ് തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.