മൂന്നു കുഞ്ഞുങ്ങളുടെ മരണത്തിനൊപ്പം നോവ് നൽകുന്ന കാഴ്ചയായിരുന്നു ഈറനോടെ കർമം ചെയ്യുന്ന രണ്ടര വയസുകാരൻ ആരവ്. ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകൻ ആരവാണ് പ്രവീണിനും ശരണ്യയ്ക്കുമായി അന്ത്യകർമങ്ങൾ ചെയ്തത്. താൻ എന്താണ് ചെയ്യുന്നതെന്നറിയാതെ അച്ഛൻ ജിബിയുടെ ഒക്കത്തിരുന്ന് ചുറ്റുമുള്ളവർ പറയുന്നതൊക്കെ അവൻ ചെയ്തു. ഒരിറ്രു കണ്ണീരോ കുഞ്ഞുങ്ങളുടെ വാശിയോ ഒന്നുമില്ലാതെ നിശബ്ദനായി വല്യമ്മയുടെയും വല്യച്ഛന്റെയും കാലിൽ തൊട്ട് വന്ദിച്ച് അവൻ തീ പകർന്നു. അവന്റെയൊപ്പം കളിച്ചും കൂട്ടുകൂടിയും വാശി കാണിച്ചും ഒന്നിച്ചുണ്ടായിരുന്ന ശ്രീഭദ്രയും ആർച്ചയും അഭിനവും എല്ലാറ്റിനും മൂക സാക്ഷിയായി തൊട്ടടുത്തെ കുഴിയിൽ അന്ത്യനിദ്രയിലാഴ്ന്നിരുന്നു.
ശരണ്യയ്ക്കും പ്രവീണിനും ഏറെ പ്രിയപ്പെട്ടവനായിരുന്നു ആരു എന്ന് വിളിക്കുന്ന ആരവ്. അവൻ തന്നെ അന്ത്യകർമങ്ങൾ ചെയ്ത് അവരെ യാത്രയാക്കിയത് നെഞ്ചുപൊട്ടിയാണ് പ്രിയപ്പെട്ടവർ കണ്ടുനിന്നത്.