തിരുവനന്തപുരം: പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ പിൻവശത്തുള്ള പ്രവേശനകവാടവും മതിലും അപകടാവസ്ഥയിൽ. പ്രവേശനകവാടത്തിന്റെ ഭിത്തിയിൽ വിള്ളലുകൾ രൂപപ്പെട്ടിട്ട് കാലങ്ങളായി. വാതിലിനോടു ചേർന്നുള്ള ചുമരിലെ സിമന്റ് പൊളിഞ്ഞിളകിയിരിക്കുന്നതിനാൽ കവാടത്തിന്റെ ഒരു വാതിൽ പാളി മാത്രമാണ് ഇപ്പോൾ തുറക്കാറുള്ളത്. പ്രവേശനകവാടം കഴിഞ്ഞ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന വഴിയുടെ ഇരുഭാഗത്തുമുള്ള മതിലുകളിലും വിള്ളലുകളുണ്ട്. നിരവധി ഭക്തജനങ്ങളാണ് ഓരോ ദിവസവും ഇതുവഴി ക്ഷേത്രത്തിലെത്തുന്നത്.
ഏകദേശം 50 വർഷത്തിലധികം പഴക്കമുണ്ട് ഈ കവാടത്തിന്. പഴയ രീതിയിൽ ചുടുകട്ടയും മണലും ചുണ്ണാമ്പും ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മഴക്കാലത്ത് വെള്ളമിറങ്ങിയതാണ് ബലക്ഷയത്തിന് കാരണമെന്ന് കരുതുന്നതായി ക്ഷേത്ര ഭാരവാഹികൾ പറയുന്നു. കുട്ടികളടക്കം നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന വഴിയാണിത്. മതിലിന്റെ വശത്തായി സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാറുമുണ്ട്. റോഡിൽ നിന്നും ഉയർന്ന മതിലിന്റെ ബലക്ഷയം വലിയ അപകടഭീഷണിയാണ് സൃഷ്ടിക്കുന്നത്. എത്രയും പെട്ടെന്ന് പ്രവേശനകവാടം നവീകരിക്കുകയോ പുതുക്കി നിർമിക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന ക്ഷേത്രത്തിന്റെ പ്രവേശനകവാടം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ഭാരവാഹികൾ മാസങ്ങൾക്ക് മുൻപ് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ഇതിനായുള്ള അനുമതി അവസാനഘട്ടത്തിലാണെന്നും ഉടൻതന്നെ പുതിയ കവാടം സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ക്ഷേത്രം ഓഫീസർ ഉണ്ണികൃഷ്ണൻ പറഞ്ഞു.