നമ്മുടെ ഉറക്കവും ചർമ്മത്തിന്റെ ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് അറിയാമോ? ഉറക്കം കുറയുന്തോറും ചർമ്മത്തെ വാർദ്ധക്യം കീഴടക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഉറക്കക്കുറവ് കാരണം ഹോർമോൺ പ്രവർത്തനങ്ങൾ തകരാറിലാകുകയാണ് ആദ്യ പ്രശ്നം. അങ്ങനെ മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടും.
ചർമത്തെ ചെറുപ്പമാക്കി നിറുത്തുന്ന ഘടകമായ കൊളാജന്റെ ഉത്പാദനം തകരാറിലാകുകയാണ് കടുത്ത ഭീഷണി. ഇതോടെ ചർമം അയഞ്ഞ് ആകർഷകത്വം നഷ്ടപ്പെടും. ഉറക്കക്കുറവ് ചർമ്മത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുത്തുന്നത് കാരണം അണുബാധയും അലർജിയുമെല്ലാം വിരുന്നെത്തും.
കണ്ണിനുതാഴെ കറുപ്പ്, കൺപോളകൾക്ക് വീക്കം എന്നിവയിലൂടെ മുഖത്തിന്റെയും കണ്ണുകളുടെയും ആകർഷകത്വം നഷ്ടപ്പെടുത്തുന്നു ഉറക്കക്കുറവ്. ചർമത്തിലെ കോശങ്ങൾക്ക് കേടുപാടു വരുത്തുന്നതും ചർമ്മത്തിൽ കറുത്ത പാടുകളും കലകളും പ്രത്യക്ഷപ്പെടാനുള്ള പ്രധാന കാരണവും ഉറക്കക്കുറവ് തന്നെ. രാത്രി വൈകി സിനിമ കണ്ടും മൊബൈലിൽ നോക്കിയും ഇരിക്കുന്നവർ ചർമ്മത്തിന്റെ ആകർഷകത്വം നഷ്ടപ്പെടുത്തുകയാണെന്ന കാര്യം മറക്കരുത്.