local
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം

എരുമപ്പെട്ടി : എരുമപ്പെട്ടി മുരിങ്ങത്തേരിയിൽ ക്ഷേത്രത്തിനകത്ത് നിന്ന് വാറ്റ് ചാരായം പിടികൂടിയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ ബി.ജെ.പി പൊലീസിൽ പരാതി നൽകി. ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ബി.ജെ.പി ജില്ലാ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ പരാതി നൽകിയത്. എരുമപ്പെട്ടി മുരിങ്ങത്തേരിയിൽ ക്ഷേത്രത്തിനകത്ത് ചാരായം വാറ്റുന്നതിനിടയിൽ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരെ എരുമപ്പെട്ടി പൊലീസ് പിടികൂടിയെന്നുള്ള വ്യാജ വാർത്ത കഴിഞ്ഞ ദിവസം മുതലാണ് വാട്‌സ് ആപ്, ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

മറ്റേതോ സ്ഥലത്ത് നിന്നുള്ള ഫോട്ടോയും വീഡിയോയും ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടത്തുന്നത്. ചില ഓൺലൈൻ പത്രങ്ങളിലും വാർത്ത വന്നിട്ടുണ്ട്. ബിനീഷ് കോടിയേരി ഉൾപ്പെടെ വാർത്ത പ്രചരിപ്പിച്ചവരിൽ ഉൾപ്പെട്ടതായി ബി.ജെ.പി ആരോപിക്കുന്നു. ക്ഷേത്രത്തെയും ബി.ജെ.പി പ്രവർത്തകരെയും കുറിച്ച് വ്യാജ പ്രചരണം നടത്തി മതസ്പർധയും സംഘർഷവുമുണ്ടാക്കാനുള്ള ഗൂഢ ശ്രമമാണ് വ്യാജ പ്രചാരണത്തിന് പിറകിലെന്ന് ബി.ജെ.പി നേതാക്കളായ കെ. രാജേഷ് കുമാർ, സി.ജി. അനൂപ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതായും ബി.ജെ.പി നേതാക്കൾ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.