arif-muhammed-khan

തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനത്തിലുള്ള, പൗരത്വ നിയമ ഭേദഗതിയെ സംബന്ധിക്കുന്ന പരാമർശങ്ങളിലാണ് ഗവർണർക്ക് വിയോജിപ്പ്. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം സഭയിൽ പരാമർശിക്കുന്നത് ഉചിതമല്ലെന്നും ഇത്തരം പരാമർശങ്ങൾ ഉൾപ്പെട്ട ഭാഗങ്ങൾ പ്രസംഗത്തിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അധികം വൈകാതെ ഗവർണർ സർക്കാരിനെ സമീപിക്കുമെന്നാണ് വിവരം.

സി.എ.എ പരാമർശങ്ങൾ നയപ്രസംഗത്തിൽ നിന്നും സർക്കാർ മാറ്റിയില്ലെങ്കിൽ എന്തുവേണമെന്നതിൽ ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നയപ്രഖ്യാപന പ്രസംഗത്തിന്റെ പകർപ്പ് സർക്കാർ ഗവർണർക്ക് അയച്ചുകൊടുത്തിരുന്നു. പൗരത്വ നിയമ ഭേദഗതിയെ എതിർത്തുകൊണ്ട്‌ നിയമസഭയിൽ പ്രമേയം പാസാക്കിയത് സംബന്ധിച്ചുള്ള പരാമർശം, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങൾ, കേന്ദ്ര സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ, എന്നിങ്ങനെയുള്ള പരാമർശങ്ങൾ നയപ്രസംഗത്തിൽ നിന്നും നീക്കണമെന്നാണ് ഗവർണർ ആവശ്യപ്പെടുന്നത്.

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ചട്ടലംഘനമാണെന്നാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. തന്റെ വിയോജിപ്പ് ഇതിനോടകം ചീഫ് സെക്രട്ടറിയേയും അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.