തൊടുപുഴ: യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് ചോദ്യം ചെയ്ത മദ്ധ്യവയസ്‌കനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ. നാഗർകോവിൽ ലക്ഷ്മിപുരം പുത്തൻപുരയ്ക്കൽ ഭാരതി ബാലനെ (68) കുത്തികൊലപ്പെടുത്തിയ കേസിൽ കട്ടപ്പന അമ്പലപ്പാറ കുടപ്പാട്ട് വീട്ടിൽ ജോസഫ് (തങ്കച്ചൻ-58) നെശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ രണ്ട് വർഷം കൂടി ശിക്ഷ അനുഭവിക്കണം. തൊടുപുഴ സെക്ഷൻസ് കോടതി ജഡ്ജി മുഹമ്മദ് വസീമാണ് ശിക്ഷ വിധിച്ചത്. മാനഭംഗശ്രമത്തിന് രണ്ടു വർഷം കഠിനതടവും അയ്യായിരം രൂപ പിഴയും വിധിച്ചു. പിഴയൊടുക്കിയില്ലങ്കിൽ ആറുമാസം കൂടി കഠിനതടവിനും ശിക്ഷിച്ചു. ശിക്ഷകൾ രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതി. 2017 മാർച്ച് 29 ന് കുന്തളംപാറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മേസ്തിരി ജോലിക്കാരനായിരുന്ന തങ്കച്ചൻ യുവതിയുടെ വീട്ടിൽ ജോലി ചെയ്യുന്നതിനിടയിൽ ഉച്ചയോടെ മദ്യപിച്ചെത്തി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതു കണ്ട് യുവതിയുടെ ഭർത്താവും മരിച്ച ഭാരതിബാലയും ചേർന്ന് തങ്കച്ചനെ പിടിച്ചുമാറ്റി യുവതിയെ രക്ഷിച്ചിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളും വഴക്കും ഉണ്ടായി. ഇതേചൊല്ലി അന്നു വൈകിട്ട് നാലരയോടെ തങ്കച്ചൻ വീണ്ടും ഇവിടെയെത്തി ഭാരതിബാലനുമായി വഴക്കുണ്ടാക്കി. ഇതിനിടയിൽ കൈയിൽ കരുതിയിരുന്ന പിച്ചാത്തിക്കൊണ്ട് തങ്കച്ചൻ ഭാരതിബാലന്റെ നെഞ്ചിൽകുത്തിയിറക്കി. കുത്തുകൊണ്ട് അരമണിക്കൂറോളം റോഡിൽ കമഴ്ന്നു കിടന്ന ഭാരതിബാലനെ കട്ടപ്പനയിൽ നിന്ന് പൊലീസെത്തിയാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. ഇവിടെയെത്തും മുമ്പ് തന്നെ ഭാരതിബാലൻ മരിച്ചിരുന്നു.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ മൂന്നു ദിവസത്തിനു ശേഷം അടുത്തുള്ള ഏലത്തോട്ടത്തിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. കുത്താൻ ഉപയോഗിച്ച കത്തി ഏലത്തോട്ടത്തിലെ ഷെഡ്ഡിൽ നിന്ന് കണ്ടെടുത്തിരുന്നു. കൊലപാതകത്തിന് ദൃക്‌സാക്ഷികളായിരുന്ന യുവതിയുടെയും ഭർത്താവിന്റെയും അയൽവാസികളുടെയും മൊഴിയാണ് കേസ് തെളിയിക്കുന്നതിൽ നിർണായകമായത്. കട്ടപ്പന സി.ഐ വി.എസ്. അനിൽ കുമാറാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. സുനിൽദത്ത് ഹാജരായി.