lucy-kalappura

വയനാട്: തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ചതിനടക്കം പൊലീസില്‍ നല്‍കിയ പരാതികളിലൊന്നില്‍പോലും കാര്യമായ നടപടികളെടുത്തില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര പറ‌ഞ്ഞു. പട്ടിണിക്കിട്ട് കൊല്ലാനാണ് സഭാ അധികൃതരുടെ ശ്രമമെന്നും മഠത്തില്‍ തനിക്ക് ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിക്കുകയാണെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.

തന്നെ അുമാനിച്ചതടക്കമുള്ള വിഷയത്തിൽ ഇവർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ,​ ഇതുവരെ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ലെന്നും സിസ്റ്റർ ലൂസി പറയുന്നു. ഇപ്പോൾ എഫ്.സി.സി സഭയില്‍നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ വത്തിക്കാനിലേക്ക് രണ്ടാമതും അപ്പീല്‍ നല്‍കിയിരിക്കുകയാണ് സിസ്റ്റർ ലൂസി.

മഠത്തില്‍നിന്നും പുറത്താക്കുന്നതിനെതിരെ സിസ്റ്റർ നല്‍കിയ ഹർജിയില്‍ സഭാ നടപടി നടപ്പാക്കുന്നത് താല്‍കാലികമായി മരവിപ്പിച്ചുകൊണ്ട് മാനന്തവാടി മുന്‍സിഫ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഹർജി അടുത്ത ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. നിലവില്‍ മഠത്തിലെ മറ്റെല്ലാ സിസ്റ്റർമാർക്കുമുള്ള അവകാശങ്ങള്‍ തനിക്കുമുണ്ടെന്നിരിക്കേ അതെല്ലാം നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. പ്രമുഖ മാദ്ധ്യമത്തോടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം,​ മഠങ്ങളിൽ സന്ദർശകരെന്ന വ്യാജേന എത്തി വൈദികര്‍ ലൈംഗിക ചൂഷണം നടത്താറുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര നേരത്തെ പരാതി ഉന്നയിച്ചിരുന്നു. സിസ്റ്റർ ലൂസി എഴുതിയ 'കർത്താവിന്‍റെ നാമത്തിൽ' എന്ന പുസ്തകത്തിലാണ് വൈദികര്‍ക്കെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയത്. കന്യാസ്ത്രീയായതിന് ശേഷം തനിക്ക് നേരെ പീഡനശ്രമം ഉണ്ടായെന്നാണ് സിസ്റ്റര്‍ ലൂസി പുസ്‍തകത്തിലൂടെ വെളിപ്പെടുത്തിയത്.