shivasena

മുംബയ്: പാകിസ്ഥാനിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്കെത്തിയ മുസ്ലിം സമുദായക്കാരെ രാജ്യത്തുനിന്നും പുറത്താക്കണമെന്ന നിലപാടുമായി ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന'. അതേസമയം കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിയിൽ പഴുതുകളുണ്ടെന്നും അത് പരിഹരിക്കേണ്ടതാണെന്നും 'സാമ്‌ന'യുടെ മുഖപ്രസംഗത്തിൽ ശിവസേന അഭിപ്രായപ്പെടുന്നു.

ശിവസേനയിൽ നിന്നും തെറ്റിപ്പിരിഞ്ഞുകൊണ്ട് പാർട്ടി രൂപീകരിച്ച മഹാരാഷ്ട്ര നവനിർമാൺ സേന സ്ഥാപകൻ രാജ് താക്കറെയെയും ശിവസേന മുഖപ്രസംഗത്തിലൂടെ കണക്കിന് പരിഹസിക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതി രാജ്യത്തെ മുസ്ലീങ്ങളെ മാത്രമല്ല, 30 മുതൽ 40 ശതമാനം വരുന്ന ഹിന്ദുക്കളെയും ബാധിക്കുമെന്നും സൈനികരും നിയമപാലകരും ഒരു മുൻ ഇന്ത്യൻ പ്രസിഡന്റിന്റെ കുടുംബവും നിയമം മൂലം പുറത്താക്കുമെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു.

'പാകിസ്ഥാനിലെയും ബംഗ്ളാദേശിലെയും മുസ്ലീങ്ങളെ ഇന്ത്യയിൽ നിന്നും പുറത്താക്കണമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. പക്ഷെ അതിനായി കൊടിയുടെ നിറം മാറ്റുകയാണ് നിങ്ങൾ ചെയ്യുന്നത്. ഇത് ആകാംഷ ഉളവാക്കുന്ന കാര്യമാണ്. ശിവസേന ഒരിക്കലും അതിന്റെ പതാകയിൽ മാറ്റം വരുത്തിയിട്ടില്ല. അതെപ്പോഴും കാവി നിറത്തിൽ തന്നെയായിരിക്കും. ഹിന്ദുത്വത്തിന് വേണ്ടിയാണ് ഞങ്ങൾ എപ്പോഴും പോരാടിയിട്ടുള്ളത്. സി.എ.എയിൽ നിരവധി പഴുതുകളുണ്ട്.' എം.എൻ.എസിന്റെ കൊടിയുടെ നിറം 'കാവി'യാക്കി മാറ്റിയതിനെ പരിഹസിച്ചുകൊണ്ട് ശിവസേന പറയുന്നു.

14 വർഷം മുൻപ് മറാത്താവാദ പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമാക്കിയാണ് രാജ് താക്കറെ എം.എൻ.എസ് രൂപീകരിച്ചതെന്നും എന്നാൽ ഇപ്പോൾ പാർട്ടി ഹിന്ദുത്വവാദം സ്വീകരിച്ചിരിക്കുകയാണെന്നുമാണ് ശിവസേന കുറ്റപ്പെടുത്തുന്നത്. രാജ് താക്കറെ നടത്തിയ പ്രസംഗത്തിൽ 'എന്റെ ഹിന്ദു സഹോദരീസഹോദരന്മാർക്ക് സ്വാഗതം' എന്ന് പറഞ്ഞത് ബി.ജെ.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു എന്നും ശിവസേന മുഖപ്രസംഗത്തിൽ ആരോപിച്ചു.

മുൻപ് എം.എൻ.എസിന് ഒന്നും ലഭിച്ചിരുന്നില്ലെന്നും അവർക്ക് ഇപ്പോഴും ഒന്നും ലഭിക്കാതെ ഇരിക്കുകയാണെന്നും സി.എ.എയ്ക്ക് എതിരായിരുന്ന രാജ് താക്കറെ ഇപ്പോൾ ഏതാനും വോട്ടുകൾക്കായി 'നിറംമാറുകയാണെന്നും' അത് ബി.ജെ,പിയെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും ശിവസേന പരിഹസിക്കുന്നു.