women

സ്ത്രീക്കും പുരുഷനും തുല്യത വേണമെന്ന് വാതോരാതെ സംസാരിക്കുന്ന സമൂഹമാണ് നമ്മളുടേത്. പലപ്പോഴും ചില വീടുകളിലെങ്കിലും പെൺകുട്ടികൾക്ക് നൽകുന്ന പരിഗണനയേക്കാൽ കൂടുതൽ പരിഗണന ആൺകുട്ടികൾക്ക് നൽകാറുണ്ട്. ഇതുസംബന്ധിച്ച ഒരു കുറിപ്പാണ് കൗൺസലിംഗ് സൈക്കോളജിസ്റ്റ് കല ഫേസ്ബുക്കിൽ പങ്കുവച്ചത്. " പെണ്ണിന് വില ഉണ്ടെങ്കിലും ആണിനാണ് കൂടുതൽ മതിപ്പ്.. ഈ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന രണ്ടു പേര് കൂടുമ്പോൾ എന്താകും അവസ്ഥ ! വിവാഹമോചനത്തിൽ എത്തിയില്ല എങ്കിലേ അതിശയം ഉള്ളു. എത്ര പുരോഗതി വന്നാലും മാറാത്ത ചില അടിയുറച്ചു പോയ ചിന്തകളുണ്ട്" -ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം

നമ്മുടെ സമൂഹത്തിൽ രണ്ടു തരം കുടുംബങ്ങൾ ഉണ്ട്..
റിമ പറഞ്ഞത് പോൽ, പൊരിച്ച മീൻ ഒന്നേയുള്ളു എങ്കിൽ,
പെണ്പിള്ളേര്ക്ക് കൊടുക്കാതെ ആണ്മക്കൾക്കു, കൊടുക്കുന്ന വീട്..

നല്ല ഭക്ഷണം
ആണുങ്ങൾക്ക് കൊടുക്കുക, പിന്നെ പെണ്ണുങ്ങൾ മിച്ചം ഉണ്ടേൽ കഴിക്കുക..
അവിടത്തെ ആ രീതി,
ഒട്ടേറേ കാര്യങ്ങളിൽ പ്രതിഫലിക്കും.. എന്തിനും,
മകന്റെ വാക്കിനു ആകും പ്രാധാന്യം..

അതേ കുടുംബത്തിൽ നിന്നും
ഒഴിമുറി സിനിമയിൽ ശ്വേതാ മേനോൻ പറഞ്ഞ പോലെ,
ആന നടക്കും പോലെ, ചവിട്ടി കുലുക്കി തലയുയർത്തി പിടിച്ചു, നടക്കുന്ന പെണ്ണുങ്ങൾ ഉള്ള,
അവർ വരയ്ക്കുന്ന വരയുടെ അപ്പുറം പോകാത്ത ഒരു പുരുഷൻ, പെണ്ണെടുക്കുന്നു..
അവൻ തയ്യാറാകും.. പെണ്ണ് വീട്ടിൽ കിടക്കാൻ അവന് നാണക്കേടൊന്നും ഇല്ല..
അവന്റെ കുടുംബത്തിൽ എല്ലാവരും പെണ്ണ് വീട്ടിൽ താമസം ആക്കിയവർ ആണ്..
പക്ഷെ,
ഭാര്യ വീട്ടിൽ അതല്ലല്ലോ അവസ്ഥ..
പെണ്ണിന് വില ഉണ്ടെങ്കിലും ആണിനാണ് കൂടുതൽ മതിപ്പ്..
ഈ രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്ന രണ്ടു പേര് കൂടുമ്പോൾ എന്താകും അവസ്ഥ !
വിവാഹമോചനത്തിൽ എത്തിയില്ല എങ്കിലേ അതിശയം ഉള്ളു..
എത്ര പുരോഗതി വന്നാലും മാറാത്ത ചില അടിയുറച്ചു പോയ ചിന്തകളുണ്ട്...
പൂർവ്വികരുടെ സ്വാധീനം കൊണ്ട് ഉണ്ടായി തീർന്ന ജീവിത വിശകലനങ്ങൾ..

അതിന്റെ അടിസ്ഥാനത്തിൽ ആണ് പലപ്പോഴും മനുഷ്യൻ തന്റെ ശെരികളോട് ശഠിക്കുന്നത്..
ആണുങ്ങൾ മുന്നിലിരുന്നാൽ അങ്ങോട്ട് ചെല്ലാത്ത രീതിയിൽ വളർന്ന സ്ത്രീയുടെ മകനും,
കുടുംബത്തിൽ പെണ്ണ് കാര്യങ്ങൾ നോക്കി നടത്തുന്ന പെണ്ണിന്റെ മകളും ചേർന്നാലും, അവിടെ പ്രശ്നം ഗുരുതരം ആണ്...

ജാതിയും മതവും സ്ത്രീധനവും അല്ല,
വളർന്നു വന്ന ""ഇസം ""എന്താണെന്നു ഉള്ളതാണ് രണ്ടു പേരുടെ ബന്ധങ്ങളിൽ മുന്നോട്ടുള്ള ഒരുമ ഉണ്ടാക്കിയെടുക്കുന്നത്..

ആണിനാൽ കീറപ്പെടുന്ന ഒരു നേരിയ ചർമ്മത്തിന്റെ പ്രശ്നം ആണ് കന്യാചർമ്മം എന്ന് പോസിറ്റീവ് ആയും നെഗറ്റീവ് ആയും കാണാം..
മാധവികുട്ടി പറഞ്ഞ പോലെ,
മുക്കി മുള്ളി ഡെറ്റോൾ സോപ്പ് ഇട്ടു കഴുകി കളഞ്ഞാൽ പോകുന്ന കറയെ ഉള്ളു ഓരോ ലൈംഗിക ബന്ധത്തിലും എന്ന പോടാ പുല്ലേ നയം,
അപഥസഞ്ചാരിണിയുടേത് ആയി കരുതുന്ന ആളുകൾ കൂടി ഉൾപ്പെടുന്ന സമൂഹമാണ് നമ്മുടേത്.
എന്നാലോ, ജാതകപൊരുത്തം നോക്കുന്ന സമയത്തു യോനീ പൊരുത്തം പ്രധാനമാണ്..!

പെണ്ണിന്റെ സർഗാത്മകതയെ, സാമൂഹിക വീക്ഷണത്തെ പരിഗണിക്കുന്ന കാരണവന്മാർ കുടുംബത്തിൽ ഉണ്ടേൽ,
അവിടെ ജനിക്കുന്ന പുരുഷൻ സ്ത്രീത്വത്തെ കുറിച്ച് അധമബോധം വെച്ച് പുലർത്തില്ല..
കരുത്തുറ്റ വക്ഷത്തിൽ അബലയായി തല ചായ്ക്കുന്നത് മാത്രമാണ് സ്ത്രീത്വം എന്ന് ഉറച്ചു വിശ്വസിക്കില്ല..
ആണിനും പെണ്ണിനും തുല്യത..
അത് പക്ഷെ, വിരളമാണ് ഇന്നും..

"" പ്രഭാതത്തിൽ സ്ത്രീ പുരുഷന് ആത്മസമർപ്പണം ചെയ്യും..
അതിന്റെ വിലയായി രാത്രിയിൽ അവൻ വന്നു അവൾക്കു പാദസേവ ചെയ്യണം..
അതായിരുന്നു രാധയുടെ മതം എന്ന് വായിച്ചിട്ടുണ്ട്..
അത് മറ്റൊരു മനഃശാസ്ത്രം..

എന്ത് കൊണ്ട് വിവാഹമോചനം എന്ന് ചോദിച്ചാൽ,
പറയുന്നത് പല ഉത്തരങ്ങൾ ആകും..
പക്ഷെ അടിസ്ഥാനപരമായി,
ഇത്തരം കാര്യങ്ങളാണ് മറ്റു പലതിലും ചെന്നെത്തുന്നത്..

ജീവിതത്തിന്റെ വൈരുദ്ധ്യധാരകളെ കുറിച്ച്,
ആത്മാവിന്റെ അഗാധമായ ദാർശനിക പ്രശ്നങ്ങളെ പറ്റി ഒന്നും ധാരണ വേണ്ട.
മനുഷ്യത്വം മാത്രം മതി പരസ്പരം...
കല, കൗൺസലിംഗ് സൈക്കോളജിസ്റ്