ബംഗളുരു: ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെങ്കിൽ ഗർഭനിരോധന ഉറ ധരിക്കണമെന്ന് ആവശ്യപ്പെട്ട യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. ബംഗളുരുവിലെ രാജാജി നഗറിലാണ് സംഭവം നടന്നത്. ലൈംഗിക തൊഴിലാളിയായ യുവതി രാജാജി നഗറിൽ തന്റെ മകനോടൊപ്പമാണ് താമസിച്ചിരുന്നത്. ജനുവരി 11ന് ഉച്ചയോടെ താൻ 2500 രൂപയ്ക്ക് ലൈംഗിക ബന്ധത്തിന് തയാറാണെന്ന് അറിയിച്ചുകൊണ്ട് യുവതി മെജസ്റ്റിക്ക് ബസ് സ്റ്റോപ്പിൽ രാമണ്ണ എന്ന യുവാവിനെ സമീപിച്ചത്. ഒടുവിൽ 1500 രൂപയ്ക്ക് തമ്മിൽ കരാർ ഉറപ്പിച്ച ശേഷം ഇവർ യുവതി താമസിക്കുന്ന രാജാജി നഗറിലെ വീട്ടിലേക്ക് ബസിൽ കയറി യാത്ര തിരിച്ചു.
ഇതിനിടെ 500 രൂപ ഇയാൾ അഡ്വാൻസായി യുവതിക്ക് നൽകിയിരുന്നു. ഇവർ ഇരുവരും വീട്ടിലെത്തിയ ശേഷം ബാക്കി 1000 രൂപയും രാമണ്ണ യുവതിക്ക് നൽകി. പണം വാങ്ങിയ ശേഷം ഗർഭനിരോധന ഉറ ധരിച്ച ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന് യുവതി പറയുകയും ചെയ്തു. എന്നാൽ രാമണ്ണ ഉറ ധരിക്കാൻ തയാറായില്ല. അങ്ങനെയെങ്കിൽ ലൈംഗിക ബന്ധം സാദ്ധ്യമാകില്ല എന്ന് യുവതി അറിയിച്ചതോടെ താൻ തന്ന പണം തിരികെ നൽകണമെന്ന് രാമണ്ണ ആവശ്യപ്പെടുകയായിരുന്നു. യുവതി ഇതിനു തയാറാകാതിരുന്നതോടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അത് മൂർഛിച്ച് രാമണ്ണ യുവതിയുടെ അടിവയറ്റിൽ ഊക്കോടെ ചവിട്ടുകയും ചെയ്തു.
കലശലായ വേദന കാരണം യുവതി നിലവിളിക്കാൻ ആരംഭിച്ചതോടെ ഇയാൾ ഇവരെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊല നടത്തിയ ശേഷം യുവതിയുടെ രണ്ട് മൊബൈലുകളും മാലയും കൈക്കലാക്കിയാണ് ഇയാൾ മടങ്ങിയത്. വൈകിട്ട് 3:45ഓടെ വീട്ടിലേക്ക് മടങ്ങിയെത്തിയ യുവതിയുടെ മകനാണ് തന്റെ അമ്മ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് കണ്ടതും പൊലീസിനെ വിവരമറിയിച്ചതും. തുടർന്ന് ബംഗളുരു ഇലക്ട്രിക് സിറ്റിക്ക് സമീപം താമസിക്കുന്ന രാമണ്ണയെ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങളും യുവതിയുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയും പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാൾ ചെയ്ത കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.