shaheenbag

ന്യൂഡൽഹി: എട്ടുവയസുകാരി മുതൽ 80 പിന്നിട്ട വൃദ്ധകൾ വരെ ഒരായിരം സ്ത്രീകൾ. നെറ്റിയിൽ കുങ്കുമം ചാർത്തിയവരും തലയിൽ തട്ടമിട്ടവരും മുലകുടി മാറാത്ത കുട്ടികളുള്ളവരുമുണ്ട്. കവിളിൽ ത്രിവർണം പൂശി,​ തലയിൽ ത്രിവർണ ബാൻഡ് കെട്ടി,​ ത്രിവർണ പതാകയുമായി കൊടുംശൈത്യത്തെ അവഗണിച്ച്,​ രാവ് പകലാക്കി നടുറോഡിൽ പ്രതിഷേധ തീയെരിക്കുകയാണവർ. പൗരത്വനിയമത്തിനെതിരെ തെക്കൻ ഡൽഹിയിലെ ഷഹീൻബാഗ് 13 എ റോഡിൽ നടക്കുന്ന സമരം ചരിത്രത്തിൽ ഇടംപിടിക്കുന്നത് അതിന്റെ സമാധാന സ്വഭാവവും സ്‌ത്രീകളുടെ നിശ്ചയ ദാർഢ്യവും കൊണ്ടാണ്. ഹൃദയം പൊട്ടി മുഴക്കുന്ന ദേശസ്‌നേഹ മുദ്രാവാക്യങ്ങൾ കേന്ദ്രം കേട്ടാലേ അവർക്ക് വിശ്രമമുള്ളൂ. അതുവരെ ഈ തെരുവിന് ഉറക്കമില്ല.

തുടക്കം

ഡിസംബർ 15ന് പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത ജാമിയ മിലിയയിലെ വിദ്യാർത്ഥികളെ പൊലീസ് കാമ്പസിൽ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കുറച്ച് സ്ത്രീകളാണ് ഷഹീൻബാഗിൽ റോഡ് ഗതാഗതം തടഞ്ഞ് സമരം തുടങ്ങിയത്. ഇന്നിതാ ആയിരക്കണക്കിന് സ്ത്രീകൾ സമരം നയിക്കുന്നു. പിന്തുണയുമായി നൂറുകണക്കിന് പുരുഷന്മാരും വിദ്യാർത്ഥികളുമുണ്ട്.
നേതാക്കളില്ലാത്ത സമരം

ഷഹീൻബാഗിലെ സമരത്തിന് നേതാക്കളില്ല. വേദിയിൽ ഒരാൾക്ക് പിന്നാലെ മറ്റൊരാൾ പ്രസംഗിക്കുന്നു. ഇടതടവില്ലാതെ മുദ്രാവാക്യം മുഴക്കുന്നു. വോളണ്ടിയർമാർ ഭക്ഷണം പങ്കുവയ്ക്കുന്നു. ദേശീയപതാകയുമായി കുട്ടികൾ ആർത്തുല്ലസിക്കുന്നുമുണ്ട്. അച്ചടക്കം പാലിക്കുന്നതിനാൽ സംഘർഷം ഇല്ല.

 വായന മരിക്കുന്നില്ല

ഗാന്ധിജിയും അംബേദ്കറും നിരന്നിരിക്കുന്ന സമരപ്പന്തലിന്റെ ഒരു ഭാഗത്ത് താത്കാലിക ലൈബ്രറിയാണ്.നിരവധി പുസ്തകങ്ങളുണ്ടിവിടെ. കസേരകളിലിരുന്ന് വായിക്കാം. കുട്ടികളുടെ കലാ പ്രവർത്തനങ്ങൾക്കും ഇടമുണ്ട്.

 നോ കാഷ്, നോ പേ ടി എം, നോ അക്കൗണ്ട്

പ്രതിഷേധ ബാനറുകൾക്കൊപ്പം മറ്റൊരു ബാനറുമുണ്ട് ഇവിടെ. നോ കാഷ്. നോ പേ ടി എം. നോ അക്കൗണ്ട്. പ്രതിഷേധിക്കാൻ 500 രൂപ ദിവസക്കൂലിയെന്ന ബി.ജെ.പി വക്താവിന്റെ ആരോപണത്തിനെതിരായാണിത്. പ്രധാനമന്ത്രി മോദിയെ ചായ കുടിക്കാനായി ക്ഷണിച്ചിരിക്കയാണിവർ. ' പ്രധാനമന്ത്രി ഞങ്ങളെ കേൾക്കണം. 500 രൂപയ്ക്കല്ല, 5000 വർഷത്തിന് മേൽ ചരിത്രമുള്ള ഈ നാടിന്റെ പാരമ്പര്യം സംരക്ഷിക്കാനാണ് സമരം.' രാപ്പകൽ സമരം ഡൽഹിയിൽ ജാഫ്‌റാബാദ്, ഖുറേജി , കൊൽക്കത്തയിൽ പാർക് സർക്കസ് ഗ്രൗണ്ട് അസൻസോൾ, ഭോപ്പാലിൽ ഇഖ്ബാൽ മൈതാനം, ഇൻഡോറിലെ മണിക്ബാഗ്, അലഹബാദിലെ മൻസൂർ അലി പാർക്ക്, കാൺപൂരിൽ മുഹമ്മദലി പാർക്ക്, ബറേലിയിൽ ഇസ്ലാമിയ കോളേജ്, ദയൂബന്ദിലെ ഈദ് ഗാഹ് മൈതാൻ, ബിഹാറിൽ പട്‌നയിലെ സബ്ജിബാഗ്, ഹാറൂൺ നഗർ, ഗയയിലെ ശാന്തിബാഗ്, അഹമ്മദാബാദിലെ റഖിയാൽ, മഹാരാഷ്ട്രയിൽ പൂനെയിൽ സ്ത്രീകൾ രാപ്പകൽ സമരത്തിലാണ്.