കൊച്ചി: ജനാധിപത്യമര്യാദകൾ ലംഘിക്കുകയും നിയമസഭയെ അവഹേളിക്കുകയും ചെയ്യുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി സ്പീക്കർക്ക് നോട്ടീസ് നൽകിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ പരസ്യനിലപാട് സ്വീകരിക്കുന്ന ഗവർണറുടെ നടപടികളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം. സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷം സ്പീക്കർക്ക് കത്ത് നൽകുന്നത്.
ഗവർണർ നിയമസഭയുടെ അന്തസ് ചോദ്യം ചെയ്യുകയാണ്. ഭരണ, പ്രതിപക്ഷാംഗങ്ങൾ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തെ ഗവർണർ തള്ളിപ്പറഞ്ഞത് സഭയുടെ അന്തസിന് കളങ്കമാണ്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വിശദീകരണം തേടിയത് കടന്ന കൈയാണ്. അതിനുള്ള അധികാരം ഗവർണർക്കുണ്ടോയെന്ന് സംശയമുണ്ട്. . ഗവർണർ സംസ്ഥാനത്തിന് ബാദ്ധ്യതയായിട്ടും മുഖ്യമന്ത്രി നിശബ്ദത പാലിക്കുന്നത് ഭയന്നിട്ടാണോയെന്ന് സംശയമുണ്ട്. .
ഗവർണറെ കേന്ദ്രം തിരികെ വിളിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയത്തിന് സഭാചട്ടം 130 പ്രകാരമാണ് പ്രതിപക്ഷം സ്പീക്കർക്ക് നോട്ടീസ് നൽകിയത്. നിയമസഭ ചട്ടം 284 (5) അനുസരിച്ച് ഉന്നത സ്ഥാനീയരായ വ്യക്തികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് സാരവത്തായ പ്രമേയം ( സബ്സ്റ്റാന്റീവ് മോഷൻ) ആവശ്യമുണ്ട്. 1989ൽ അന്നത്തെ സ്പീക്കറായിരുന്ന വർക്കല രാധാകൃഷ്ണന്റെ റൂളിംഗ് പ്രകാരം ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
നിയമസഭയുടെ ഭാഗമാണ് ഗവർണർ. മുമ്പും കേന്ദ്ര സർക്കാരിനെതിരെ നിയമസഭ പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. പ്രമേയത്തോട് ഗവർണർക്ക് എതിർപ്പുണ്ടെങ്കിൽ സ്പീക്കറെ രേഖാമൂലം അറിയിക്കുകയാണ് വേണ്ടത്. സംസ്ഥാനത്ത് ഒരുകാലത്തും ഗവർണർ സർക്കാരുമായോ പ്രതിപക്ഷവുമായോ ഏറ്റുമുട്ടിയിട്ടില്ല. - ചെന്നിത്തല പറഞ്ഞു.