ന്യൂഡൽഹി: കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാനിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി. അതേസമയം, പ്രമേയം പാസാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി നിയമസഭാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നിയമസഭയുടെ നടുത്തളത്തിലേക്കിറങ്ങി. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളവും പഞ്ചാബും നേരത്തെ പ്രമേയം പാസാക്കിയിരുന്നു.
വെള്ളിയാഴ്ച തുടങ്ങിയ ബഡ്ജറ്റ് സമ്മേളനത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍പൈലറ്റ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുടെ ശബ്ദം കേള്‍ക്കാന്‍ തയാറാകണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് ഒരു പുനര്‍ചിന്ത വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സി.എ.എക്ക് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. സർക്കാറിനെ കേൾക്കാതെ സ്റ്റേ അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കോടതി കൈക്കൊണ്ടത്. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രത്തിന് നാല് ആഴ്ച സമയം നൽകുകയും ചെയ്തു. വിഷയത്തിലെ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം കൂടി കേട്ടതിനുശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ തീരുമാനമെടുക്കാനാവൂ എന്നായിരുന്നു സുപ്രീം കോടതി നിരീക്ഷണം.