coronavirus

ന്യൂഡൽഹി: മരണ ഭീതി വിതച്ച് ലോകമെങ്ങും വ്യാപിക്കുന്ന എൻ - കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തിൽ ഇന്ത്യയിൽ ഏഴുപേർ കൂടി നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചു. ചൈനയിൽ നിന്ന് തിരിച്ചെത്തിയ ഇവരുടെ സ്രവങ്ങൾ പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നിരീക്ഷണത്തിലായിരുന്ന നാലു പേർക്ക് വൈറസ് ഇല്ലെന്ന് തെളിഞ്ഞു. ചൈനയിൽ നിന്ന് വന്നവരിൽ കേരളത്തിൽ 7 പേരും മുംബയിൽ രണ്ട് പേരും ബംഗളൂരുവിലും ഹൈദരാബാദിലും ഓരോരുത്തരും നിരീക്ഷണത്തിലാണ്.

ഡൽഹി, കൊൽക്കത്ത, മുംബയ്, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊച്ചി വിമാനത്താവളങ്ങളിൽ എത്തുന്നവരെ തെർമൽ സ്ക്രീനിംഗ് അടക്കമുള്ള പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.

ഇന്നലെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ഇന്ത്യയിലെ കൊറോണ മുൻകരുതലും സുരക്ഷയും വിലയിരുത്തി. നേപ്പാളിൽ വൈറസ് സ്ഥിരീകരിച്ചതിനാൽ അതിർത്തി വഴി ഇന്ത്യയിലേക്ക് വരുന്നവരെ കർശനമായി പരിശോധിക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട്, കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.

12 വിമാനത്താവളങ്ങളിൽ കൂടി ജാഗ്രത

കൊറോണ വൈറസിനെതിരെ തിരുവനന്തപുരം ഉൾപ്പടെ 12 വിമാനത്താവളങ്ങളിൽ കൂടി ജാഗ്രതാ നിർ‌ദ്ദേശം പുറപ്പെടുവിച്ചു. അഹമ്മദാബാദ്, അമൃത്‌സർ, കോയമ്പത്തൂർ, ഗുവാഹത്തി, ഗയ, ബാഗ്‌ദോഗ്ര, ജയ്‌പൂർ, ലക്‌നൗ, ട്രിച്ചി, വാരണാസി, വിശാഖപട്ടണം എന്നിവയാണവ.

നേരത്തെ കൊച്ചി ഉൾപ്പെടെ 7 വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവരെ കർശനമായി പരിശോധിക്കാനാണ് നിർദ്ദേശം.

ചൈനയിൽ മരണം 41;

ലോകരാജ്യങ്ങൾ ഭീതിയിൽ

ചൈനയിൽ വൈറസ് മരണം 41ആയി ഉയർന്നു. ചൈനയിലെ വൂഹാനിൽ രോഗികളെ ചികിത്സിച്ച ഡോക്ടർ മരിച്ചു. വൂഹാനിൽ 57 പേർ ഗുരുതരാവസ്ഥയിലാണ്. ലോകവ്യാപകമായി 1300ഓളം പേരെ വൈറസ് ബാധിച്ചിട്ടുണ്ട്.

വൈറസ് യൂറോപ്പിലേക്കും വ്യാപിച്ചതോടെ ഫ്രാൻസിൽ മൂന്ന് പേർക്കും ആസ്ട്രേലിയയിൽ ഒരു ചൈനാക്കാരനും രോഗം സ്ഥിരീകരിച്ചു.

ഹോങ്കോംഗിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഫെബ്രുവരി 17 വരെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ചൈനയിലെ ഇന്ത്യൻ എംബസിയുടെ പതിവ് റിപ്പബ്ലിക് ദിനാഘോഷം റദ്ദാക്കി.

സൗദിയിൽ കൊറോണ ബാധിച്ച മലയാളി നഴ്സിന്റെ നില മെച്ചപ്പെട്ടതായി ജിദ്ദ കോൺസുലേറ്റ് വ്യക്തമാക്കി. അസീർ ആശുപത്രിയിലെ 25 മലയാളികളടക്കമുള്ള നൂറോളം ഇന്ത്യൻ നഴ്സുമാർക്ക് കൊറോണയില്ലെന്നും സ്ഥിരീകരിച്ചു.

14 വിദ്യാർത്ഥികൾ മടങ്ങിയെത്തി

ചൈനയിലെ വൂഹാനിൽ നിന്ന് 14 മെഡിക്കൽ വിദ്യാർത്ഥിൾ കൂടി ഇന്ത്യയിലെത്തി. കൊൽക്കത്ത വിമാനത്താവളത്തിലെത്തിയ ഇവരെ നിരീക്ഷണ വാർഡുകളിലേക്കു മാറ്റി.

23,000 ഇന്ത്യൻ വിദ്യാത്ഥികൾ

ചൈനീസ് നഗരങ്ങളിൽ 23,000 ഇന്ത്യൻ വിദ്യാർത്ഥികളുണ്ടെന്നാണു കണക്ക്. വൂഹാനിൽ മാത്രം 600 പേരുണ്ട്. ഇതിൽ നിരവധി മലയാളികളുണ്ട്.

കൊറോണ ബാധിച്ച രാജ്യങ്ങൾ

തായ്ലാൻഡ്, വിയറ്റ്നാം, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ, നേപ്പാൾ, ഫ്രാൻസ്, അമേരിക്ക, ആസ്ട്രേലിയ