ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ഭീമ കൊറെഗാവിൽ രണ്ട് വർഷം മുൻപ് ദളിത് സമ്മേളനത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളെ പറ്റിയുള്ള അന്വേഷണം കേന്ദ്ര സർക്കാർ എൻ. ഐ. എക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അന്വേഷണം എൻ. ഐ. എക്ക് വിടാൻ കേന്ദ്രം തീരുമാനിച്ചതായി വെള്ളിയാഴ്ച തന്നെ റിപ്പോർട്ടുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെ അന്വേഷണം എൻ. ഐ. എക്ക് വിടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് കുറ്റപ്പെടുത്തി. സംഭവത്തെ പറ്റി വിശദമായ അന്വേഷണത്തിന് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രതീരുമാനം എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2018ൽ മഹാരാഷ്‌ട്രയിൽ ശിവസേന - ബി. ജെ. പി സഖ്യ സർക്കാർ ഭരിക്കുമ്പോഴാണ് ഭീമ കൊറെഗാവ് സംഭവം അരങ്ങേറിയത്.
അക്രമം, അറസ്റ്റ്, അർബൻ മാവോയിസ്റ്റ്
1818 ജനുവരി 1ലെ ഭീമ കൊറെഗാവ് യുദ്ധത്തിൽ പെഷവാ ബാജിറാവു രണ്ടാമന്റെ സവർണ സൈന്യത്തിന് മേൽ ദളിതുകൾ ഉൾപ്പെട്ട ബ്രിട്ടീഷ് സേന നേടിയ വിജയം എല്ലാ വർഷവും ദളിതുകൾ സമാധാനപരമായി ആഘോഷിക്കാറുള്ളതാണ്. എന്നാൽ 2018 ജനുവരി 1ന് ഭീമ കൊറെഗാവിൽ വിജയാഘോഷത്തിന് എത്തിയ ലക്ഷക്കണക്കിന് അംബേദ്കർ വിഭഗക്കാരായ ദളിതുകളുടെ സമ്മേളനം സംഘർഷത്തിൽ കലാശിച്ചു. പ്രഷോഭം അക്രമാസക്തമാവുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷമുണ്ടാവുകയും ചെയ്‌തിരുന്നു. ഒരു ദളിതൻ ഉൾപ്പെടെ രണ്ട് യുവാക്കൾ കൊല്ലപ്പെടുകയും ചെയ്‌തു. അക്രമത്തിന് പിന്നിൽ അർബൻ മാവോയിസ്റ്റുകൾ ആണെന്നാരോപിച്ച് മാവോയിസ്റ്റ് സൈദ്ധാന്തികൻ വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്ടിവിസ്‌റ്റുകളായ അരുൺ ഫെരേര, വെർണൻ ഗോൺസാൽവസ്,ഗൗതം നവ്‌ലഖ തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയിരുന്നു.