koodathayi-

കോഴിക്കോട് : കൂടത്തായി കൂട്ടക്കൊല കേസിൽ മൂന്നാമത്തെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിലാണ് താമരശേരി കോടതിയിൽ കുറ്റപത്രം നൽകിയത്. ജോളിക്ക് പുറമെ സയനൈഡ് നൽകിയ എം.എസ്.മാത്യു, കെ. പ്രജികുമാർ എന്നിവരും കേസിൽ പ്രതികളാണ്. ഷാജുവിനെ വിവാഹം കഴിക്കാനായി 2014 മേയ് മൂന്നിനാണ് ബ്രഡിൽ സയനൈഡ് പുരട്ടി നൽകി ആൽഫൈനെ ജോളി കൊലപ്പെടുത്തിയത്.

ഷാജുവിനെ വിവാഹം ചെയ്ത് കഴിയുമ്പോൾ പെൺകുഞ്ഞ് എന്ന നിലയിൽ ആൽഫെൻ ബാദ്ധ്യതയാകും എന്ന ചിന്തയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമൺ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഷാജുവിന്റെ മകന്റെ ആദ്യ കുർബാന ചടങ്ങ് നടക്കുന്നതിനിടെ ബ്രഡിൽ സയനൈഡ് ചേർത്തുനൽകിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സങ്കീർണമായ കേസാണെന്നും സാക്ഷിമൊഴികൾ കൂട്ടിയോജിപ്പിച്ചാണ് കൊലപാതകം തെളിയിച്ചതെന്നും എസ്.പി. കെ.ജി.സൈമൺ പറഞ്ഞു.