tamilnadu-psc

 6 പേർ അറസ്റ്റിൽ, 99 പേർക്ക് ആജീവനാന്ത വിലക്ക്

ആളോന്നുക്ക് പിരിച്ചത് പത്ത് ലക്ഷം രൂപ

ചെന്നൈ: ഉത്തരമെഴുതി മണിക്കൂറുകൾക്കകം മാഞ്ഞുപോകുന്ന 'മാജിക് പേന' ഉപയോഗിച്ച് തമിഴ്നാട് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ നടത്തിയ വൻ തിരിമറി പുറത്തായി.

കഴിഞ്ഞ സെപ്തംബറിൽ നടന്ന ഗ്രൂപ്പ് 4 പരീക്ഷയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തിരിമറി നടത്തി 36 പേർ റാങ്ക്ലിസ്റ്റിൽ മുന്നിലെത്തി.

സംഭവം അന്വേഷിച്ച തമിഴ്നാട് പി.എസ്.സി 99 ഉദ്യോഗാർത്ഥികൾക്ക് ആജീവനാന്തം വിലക്കേർപ്പെടുത്തി. രണ്ട് പി.എസ്.സി ഉദ്യോഗസ്ഥരടക്കം 6 പേർ അറസ്റ്റിലായി.

പി.എസ്.സിയിലെ ഉന്നത ഉദ്യോഗസ്ഥരടക്കം തട്ടിപ്പിൽ ഉൾപ്പെട്ടതായി കണ്ടെത്തി.

തിരിമറി ഇങ്ങനെ

പരീക്ഷയിൽ ഉന്നത റാങ്ക് വാഗ്ദാനം ചെയ്ത് ഉദ്യോഗസ്ഥർ, ഉദ്യോഗാർത്ഥികളിൽ നിന്ന് 10-12 ലക്ഷം വീതം വാങ്ങി. ഇവരോട് തമിഴ്നാട്ടിലെ രാമേശ്വരം, കീലകരൈ എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചു.

പരീക്ഷയ്‌ക്കെത്തിയവർക്ക് രണ്ടു പേനകൾ നൽകി. രജിസ്റ്റർ നമ്പരും മറ്റും എഴുതാൻ സാധാരണ പേനയും ഒബ്‌ജക്ടീവ് ഉത്തരമെഴുതാൻ 'മാജിക് പേനയും'. ഉത്തരം അടയാളപ്പെടുത്തി, ഒരു മണിക്കൂറിനു ശേഷം മാഞ്ഞുപോകുന്ന കള്ളമഷിയാണ് അതിൽ നിറച്ചിരുന്നത്.

പരീക്ഷ കഴിഞ്ഞ് ഉത്തരക്കടലാസ് ശേഖരിച്ച ഉദ്യോഗസ്ഥർ, മഷി മാഞ്ഞിടത്ത് ശരിയായ ഉത്തരം രേഖപ്പെടുത്തും. ഇതാണ് തട്ടിപ്പിന്റെ രീതി.

തിരിമറിക്ക് സമയം തികഞ്ഞില്ല

പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകൾ എത്തിക്കേണ്ടിടത്തേക്ക് കൊണ്ടു പോകുന്നതിനിടയിലുള്ള സമയത്താണ് മഷി മാഞ്ഞിടത്ത് ശരിയുത്തരം രേഖപ്പെടുത്തുന്നത്. ഗ്രൂപ്പ് 4 പരീക്ഷയ്‌ക്ക് മൊത്തം 99 പേരിൽ നിന്നാണ് പണം വാങ്ങിയത്. ഇവരിൽ 39 പേർക്ക് ഉയർന്ന റാങ്ക് ലഭിച്ചു. എല്ലാരുടെയും ഉത്തരക്കടലാസിൽ തിരിമറി നടത്താൻ ഉദ്യോഗസ്ഥർക്ക് സമയം തികഞ്ഞില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർ പരാതി നൽകി. അവർക്ക് ഉത്തരക്കടലാസ് പരിശോധിക്കാൻ അവസരം കിട്ടി. ഇവരുടെ ഉത്തരക്കടലാസുകളിൽ ഒറ്റ ഉത്തരം പോലും രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ പരീക്ഷാ ഹാളിലെ ഇൻവിജിലേറ്ററുടെ ഒപ്പും എഴുതിയ ഉത്തരങ്ങളുടെ എണ്ണവും ഇവയിൽ രേഖപ്പെടുത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പ് വ്യക്തമായത്.