കൊച്ചി: എറണാകുളം പാവക്കുളത്ത് ബി.ജെ.പി സംഘടിപ്പിച്ച പൗരത്വ ഭേദഗതി അനുകൂല പരിപാടിയെ വിമർശിച്ച് സംസാരിച്ച തിരുവനന്തപുരം പേയാട് സ്വദേശി എസ്. ആതിരയെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ സന്ദർശിച്ചു. ആതിരക്കെതിരെയുണ്ടായ ആക്രമണം അപലപനീയമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വനിത കമ്മീഷന്‍ അധ്യക്ഷ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആതിരയിൽ നിന്ന് വിവരങ്ങൾ നേരിട്ടറിനാണ് വനിത കമ്മീഷന്‍ അധ്യക്ഷ എത്തിത്.
സംഭവത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടിക്ക് വനിത കമ്മീഷന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും എതിർപ്പ് പ്രകടിപ്പിക്കാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായും എം.സി ജോസഫൈൻ പറഞ്ഞു. അതേസമയം മൂന്ന് ദിവസമായി പുറത്തേക്കിറങ്ങിയിട്ടില്ലെന്നും ആതിര പറഞ്ഞു. തനിക്കതിരെ സോഷ്യൽ മീഡിയലുണ്ടായ ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
വർഷങ്ങളായി താൻ താമസിക്കുന്ന വനിതാ ഹോസ്റ്റലിന് സമീപത്ത് വച്ചാണ് ബുധനാഴ്ച പരിപാടി നടന്നത്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പരിപാടിയിലുണ്ടായ ചില പരാമർശങ്ങള്‍ കേട്ടപ്പോൾ പ്രതികരിക്കാതിരിക്കാന്‍ സാധിച്ചില്ല. അതിനാലാണ് സ്വമേധയാ വേദിയിലേക്ക് ചെന്നത്. ചേച്ചി എന്നു വിളിച്ച് വളരെ മാന്യമായാണ് അവരോട് സംസാരിച്ചതെങ്കിലും പ്രതികരണം രൂക്ഷമായിരുന്നു. അവിടെ നടന്ന സംഭവങ്ങളെല്ലാം മൊബൈൽ പകർത്തിയതും പിന്നിട് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് താനല്ലെന്നും അവിടെ ഉണ്ടായിരുന്നവരാണെന്നും ആതിര പറഞ്ഞു. പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം നടക്കുന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് ജോസഫൈൻ വ്യക്തമാക്കിയിട്ടുണ്ട്.