ജയ്‌പൂർ: കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാൻ നിയമസഭയും പ്രമേയം പാസാക്കി. ദേശീയ പൗരത്വ രജിസ്റ്റർ തയാറാക്കുന്നതിൽ പുതിയ വിവരങ്ങൾ ആരാഞ്ഞുള്ള ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശബ്ദവോട്ടോടെയാണ് പ്രമേയം പാസാക്കിയത്.
'പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ വ്യവസ്ഥകൾ തകർക്കുകയാണ്. അതിനാൽ ഈ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നു. എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരും നിയമങ്ങൾക്ക് മുന്നിൽ തുല്യരാണെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് പാർലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാൾ പറഞ്ഞു.
പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് ഖട്ടാരിയ പ്രമേയത്തെ ചോദ്യം ചെയ്തു. 'പൗരത്വം നൽകുന്നത് കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ളതാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം കോൺഗ്രസ് അവസാനിപ്പിക്കണമെന്നും' അദ്ദേഹം ആവശ്യപ്പെട്ടു.
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് നേരത്തെ കോൺഗ്രസ് പ്രവർത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു.
കേരളമാണ് പൗരത്വ നിയമ ഭേദദതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത്. കേരളത്തിന്റെ മാതൃക സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ 11 മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നു.
കോൺഗ്രസ് അധികാരത്തിലിരിക്കുന്ന പഞ്ചാബിൽ നിയമസഭ പ്രമേയം പാസാക്കി. സമാനമായി രാജസ്ഥാനിലും പ്രമേയം പാസായതോടെ ബിജെപി ഇതര സർക്കാരുകളുള്ള മറ്റ് സംസ്ഥാനങ്ങളും ഇതേ മാർഗം സ്വീകരിച്ചേക്കും.