ഓക്‌ലൻഡ്:ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി - 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.20 മുതലാണ് മത്സരം. ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്. ഇതേ വേദിയിൽ നടന്ന ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 204 റൺസിന്റെ വമ്പൻ വിജയ ലക്ഷ്യം അനായാസം മറികടക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. മറുവശത്ത് ആദ്യ മത്സരത്തിലെ തോൽവിക്ക് ഇന്ത്യയോട് പകരം വീട്ടി പരമ്പരയിൽ ഒപ്പത്തിനൊപ്പം എത്താനാണ് ന്യൂസിലൻഡിന്റെ ശ്രമം.
വിജയക്കുതിപ്പ് തുടരാൻ
ആദ്യ മത്സരത്തിൽ അത്ര പരിചിതമല്ലാത്ത സാഹചര്യത്തിലും വമ്പൻ ടോട്ടൽ പിന്തുടർന്ന് വിജയിക്കാനായത് ഇന്ത്യൻ ടീമിന് നൽകുന്ന ആത്മവിശ്വാസം ചില്ലറയില്ല. ബാറ്റിംഗ് നിരയിൽ ശ്രേയസും കൊഹ്‌ലിയും രാഹുലും പുറത്തെടുത്ത ബാറ്രിംഗാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. നാലാം നമ്പറിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് ശ്രേയസ് കാഴ്ചവച്ചത്. ഏത് പൊസിഷനിലും ഉപയോഗിക്കാവുന്ന രാഹുൽ ഫോം തുടരുന്നതും വിക്കറ്റ് കീപ്പറെന്ന നിലയിൽ മികവ് നിലനിറുത്തുന്നതും ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്. അതേ സമയം ബൗളിംഗ് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ല എന്നത് കൊഹ്‌ലിപ്പടയെ കുഴയ്ക്കുന്ന ഘടകമാണ്. ചെറിയ ഗ്രൗണ്ടിൽ എതിരാളികളുടെ റണ്ണൊഴുക്കിന് തടയിടാൻ ആദ്യ മത്സരത്തിൽ പേരുകേട്ട ഇന്ത്യൻ ബൗളിംഗ് നിരയ്ക്കായിരുന്നില്ല.
ആൾ റൗണ്ടർമാരായ ശിവം ദുബെയും രവീന്ദ്ര ജഡേജയും നിരാശപ്പെടുത്തി. കഴിഞ്ഞ മത്സരത്തിൽ വളരെ റൺസ് വിട്ടുകൊടുത്ത ഷർദ്ദുൾ താക്കൂറിന് പകരം നവദീപ് സെയ്‌നി അവസാന ഇലവനിൽ ഇടം നേടിയേക്കും. മനീഷ് പാണ്ഡേ ഇന്നും കളിച്ചേക്കും.സഞ്ജു പുറത്തിരിക്കാനാണ് സാധ്യത.
സാധ്യതാ ടീം: രോഹിത്, രാഹുൽ, കൊഹ്‌ലി, ശ്രേയസ്, മനീഷ്, ദുബെ, ജഡേജ,ചഹൽ,ഷമി, സെയ്‌നി, ബുംര.
തിരിച്ചടിക്കാൻ
ആദ്യ മത്സരത്തിലെ തോൽവിക്ക് പകരമായി ഇന്ന് വിജയത്തിൽക്കുറഞ്ഞൊന്നും ആതിഥേയർ ലക്ഷ്യം വയ്ക്കുന്നില്ല. ഇത്രയും ചെറിയ ഗ്രൗണ്ടിൽ ഇന്ത്യയെപ്പോലൊരു ടീമിനെതിരെ കഴിഞ്ഞ മത്സരത്തിലേതിനെക്കാൾ പതിനഞ്ച് ഇരുപത് റൺസെങ്കിലും കൂടുതൽ നേടിയാലെ വിജയപ്രതീക്ഷയുള്ളൂവെന്നാണ് കിവി ക്യാമ്പിലെ സംസാരം. കിവീസും ആദ്യ ഇലവനിൽ മാറ്രംവരുത്താൻ സധ്യത കുറവാണ്. സാന്റ്നർക്ക് പകരം ഡാരിൽ മിച്ചൽ കളിക്കാൻ വിദൂര സാധ്യതയുണ്ട്.
സാധ്യതാ ടീം: ഗപ്ടിൽ, മൂൺറോ, വില്യംസൺ, ഗ്രാൻഡ്ഹോമ്മെ, ടെയ്ലർ, സെയിഫർറ്ര്,സാന്റ്നർ/ഡാരിൽ മിച്ചൽ, സോധി, സൗത്തി,ടിക്‌നർ, ബെന്നറ്ര്.
ഗ്രൗണ്ടും കാലാവസ്ഥയും
ചെറിയ ഗ്രൗണ്ടായതിനാൽ ഇന്നും മികച്ച സ്കോർ പിറക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
ആദ്യ മത്സരത്തിനിടെ ചെറിയ മഞ്ഞ് വീഴ്ചയുണ്ടായിരുന്ന കാര്യം ടോസിനിറങ്ങുമ്പോൾ ക്യാപ്ടൻമാരുടെ മനസിൽ ഉണ്ടാകും.
ഓർമ്മിക്കാൻ
ഇഷ് സോധിക്ക് ട്വന്റി-20യിൽ 50 വിക്കറ്റ് തികയ്ക്കാൻ ഇനി ഒരു വിക്കറ്റ് കൂടി മതി. മിച്ചൽ സാന്റ്നർ വെള്ളിയാഴ്ച 50 വിക്കറ്റ് എന്ന നാഴികക്കല്ലിൽ എത്തിയിരുന്നു.
ഇവിടെ അവസാനം നടന്ന ആറ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ആദ്യം ബാറ്ര് ചെയ്ത് ടീം ജയിച്ചത്.
ഇവിടെ ഞങ്ങൾക്ക് ഗംഭീര പിന്തുണയാണ് ലഭിക്കുന്നത്. വളരെ വലിയൊരു അനുഭവമായിരുന്നു അത്. കളികാണാനെത്തിയ 80% പേരും ഇന്ത്യയുടെ ആരാധകരായിരുന്നു. ഇങ്ങനെ പിന്തുണ കിട്ടിയാൽ എത്രവലിയ ടോട്ടലും പിന്തുടർന്ന് ജയിക്കാനുള്ള ഊർജ്ജം കിട്ടും.
വിരാട് കൊഹ്‌ലി
ഇവിടെ ഇന്ത്യ കളിക്കാൻ വരുമ്പോഴൊക്കെയും വലിയ പിന്തുണയാണ് അവർക്ക് ലഭിക്കുന്നത്. ഹോം ടീം അവരാണോയെന്ന് ഞങ്ങൾക്ക് പലപ്പോഴും തോന്നാറുണ്ട്. കഴിഞ്ഞ മത്സരം കാണാൻ 20000 ത്തോളം ഇന്ത്യൻ ആരാധകരെങ്കിലും എത്തിക്കാണും.
റോസ് ടെയ്‌ലർ