ന്യൂഡൽഹി: ഒരു സ്വതന്ത്ര ജനാധിപത്യത്തി രാജ്യത്തിലെ പൗരന്മാരെന്ന നിലയിൽ എല്ലാ ഇന്ത്യാക്കാർക്കും ഭരണഘടന ചില അവകാശങ്ങൾ നൽകിയിട്ടുണ്ടെന്നും സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഭരണഘടനയാണ് വഴികാട്ടിയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. 71-ാം റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
' ഭരണഘടനയ്ക്കുള്ളിൽ തന്നെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമനിർമ്മാണം, ഭരണനിർവഹണം, നീതിന്യായം എന്നിവ രാജ്യത്തിന്റെ മൂന്ന് അവയവങ്ങളാണ്. പക്ഷേ, അടിസ്ഥാനപരമായി ജനങ്ങളാണ് രാജ്യത്തിന്റെ ശക്തി.
പൊതുജനക്ഷേമത്തിനായി സർക്കാർ നിരവധി പരിപാടികൾ ആരംഭിച്ചു. അധികാരം, പണം, പ്രശസ്തി എന്നിവയേക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിനാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ അറിവ് പകരുന്ന ക്ഷേത്രങ്ങളായി കണക്കാക്കുന്നതാണ് നമ്മുടെ പാരമ്പര്യം. വിദ്യാഭ്യാസരംഗത്ത് നമുക്ക് എണ്ണപ്പെട്ട നേട്ടങ്ങൾ കരസ്ഥമാക്കാനായി. ഒരു കുട്ടിക്കും വിഭ്യാഭ്യാസം നേടാനുള്ള അവസരം നഷ്ടമാകാതിരിക്കാനാണ് പ്രയത്നിക്കേണ്ടത്. മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ഇന്നും പ്രസക്തമാണ്. സത്യവും അഹിംസയും ഇന്നും ഏറെ പ്രാധാന്യം അർഹിക്കുന്നു. ആവശ്യം എന്തുമാകട്ടെ, സമരം ചെയ്യുന്നവർ, പ്രത്യേകിച്ച് യുവജനങ്ങൾ മഹാത്മജിയുടെ അഹിംസാ മന്ത്രം ഓർക്കണം.'- രാഷ്ട്രപതി പറഞ്ഞു.
മുഖ്യാതിഥി ബ്രസീൽ പ്രസിഡന്റ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിയ ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൾസൊനാരോ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാത്ഥിയാകും. അദ്ദേഹത്തിന്റെ നാലു ദിവസത്തെ സന്ദർശനത്തിനിടെ പതിനഞ്ചോളം കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ഡൽഹിയിലെ പാലം വ്യോമത്താവളത്തിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ബോൾസൊനാരോയെ സ്വീകരിച്ചു.
ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന വിരുന്നിൽ ബോൾസൊനാരോ പങ്കെടുത്തു. രാജ്ഘട്ട്, താജ്മഹൽ എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിക്കും.