ss

തിരുവനന്തപുരം:അട്ടപ്പാടിയിലെ ഉൾപ്രദേശങ്ങളിൽ വിവിപാറ്റ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തിയതിലൂടെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പതിനാലു ശതമാനം വോട്ട് വർദ്ധിപ്പിച്ചതിൽ പ്രമുഖ പങ്കു വഹിച്ച 44 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭിനന്ദിച്ചു.
സമ്മതിദാനദിനത്തോടനുബന്ധിച്ച് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് കേഡറ്റുകളെയും അതിനു നേതൃത്വം നൽകിയ അഗളി ഗവൺമെന്റ് വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ സത്യൻ മാസ്റ്റർ, അദ്ധ്യാപകരായ ജോസഫ് ആന്റണി, സിസിലി ടീച്ചർ, രംഗസ്വാമി മാസ്റ്റർ എന്നിവരെയും ഡി.ജി.പി അഭിനന്ദിച്ചത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പ്രവർത്തനഫലമായി 104 വയസുള്ള നഞ്ചി മുത്തശ്ശി വോട്ട് ചെയ്യാൻ എത്തിയത് ദേശീയ മാദ്ധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു.
രാവിലെ അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും അദ്ധ്യാപകർക്കും ബോധവത്കരണ പരിപാടിക്ക് നേതൃത്വം നൽകിയ ഐ.ജി പി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്മരണികയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ്, ചീഫ് ഇലക്ട്റൽ ഓഫീസർ ടിക്കാറാം മീണ, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവർ പങ്കെടുത്തു.