തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ. എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ ഫോറൻസിക് വിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് രണ്ടാഴ്ച്ചയ്‌ക്കകം സമർപ്പിച്ചേക്കും. അന്തിമ റിപ്പോർട്ട് ലഭിച്ചാലുടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. കാറിൽ നിന്നും ബഷീറിന്റെ ബൈക്കിൽ നിന്നും അപകടസ്ഥലത്തു നിന്നും ശേഖരിച്ച സാമ്പിളുകൾ വിശകലനം ചെയ്ത ഫോറൻസിക് റിപ്പോർട്ടാണ് കൈമാറുക. കവടിയാറിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് ശ്രീറാം വെങ്കിട്ടരാമൻ അമിത വേഗതയിലാണ് കാറോടിച്ചിരുന്നതെന്ന റിപ്പോർട്ട് ഫോറൻസിക് സംഘം നേരത്തേ നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പ് നൽകിയ റിപ്പോർട്ട് സാധൂകരിക്കും വിധം അപകട സമയത്ത് കാർ 120 കിലോമീറ്റർ വേഗതയിലായുരന്നു എന്നാണ് ഈ റിപ്പോർട്ട്. വെള്ളയമ്പലത്തെ കെ എഫ് സിക്ക് മുന്നിലെ കാമറയിലെ ദൃശ്യം പരിശോധിച്ചാണ് വാഹനം 120 കിലോമീറ്ററിനടുത്ത് വേഗത്തിലാണ് സഞ്ചരിച്ചതെന്ന് വ്യക്തമായത്. ബഷീറിന്റെ ബൈക്കിൽ നിന്ന് കിട്ടിയ പെയിന്റിന്റെ അംശം ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച ഫോക്സ് വാഗൺ വെന്റോ കാറിന്റേതാണെന്ന ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ശ്രീറാം വെങ്കിട്ടരാമന്റെ വസ്ത്രത്തിലെ രക്തത്തിന്റെ അംശം കെ എം ബഷീറിന്റേതാണെന്നും ഫോറൻസിക് റിപ്പോർട്ടിലുണ്ട്. സ്റ്റിയറിംഗിലെ വിരലടയാളം ശ്രീറാം വെങ്കിട്ടരാമന്റേതാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. വാഹനം ഓടിച്ചത് താനല്ല എന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ മൊഴി. എന്നാൽ കാറോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിക്കുന്ന വിശദാംശങ്ങൾ ശേഖരിച്ചാകും അന്തിമ ഫോറൻസിക് റിപ്പോർട്ട് സമർപ്പിക്കുക.

ശ്രീറാം വെങ്കിട്ടരാമനെതിരെ വകുപ്പുതല അന്വേഷണവും പുരോഗിക്കുകയാണ്.
കഴിഞ്ഞ വർഷം ആഗസ്റ്റ് മൂന്നിന് പുലർച്ചെ 12.55നാണ് ശ്രീറാം സഞ്ചരിച്ച കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെട്ടത്.