ഫറ്റോർഡ (ഗോവ): ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴസ് ഗോവ എഫ്.സിയോടെ 3-2ന് പൊരുതി തോറ്രു. ഇതോടെ ബ്ലാസ്റ്രേഴ്സിന്റെ സമി പ്രതീക്ഷകൾക്ക് ഏറെക്കുറെ അവസാനമായി. ഗോവയുടെ തട്ടകമായ ഫറ്രോർദ സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച ബ്ലാസ്‌റ്റേഴ്‌സ് അവസാന നിമിഷമാണ് തോൽവിക്ക് കാരണമായ ഗോൾ വഴങ്ങിയത്. രണ്ടാം പകുതിയിൽ തകർപ്പൻ പ്രകടനമാണ് ബ്ലാസ്‌റ്റേഴ്സ് പുറത്തെടുത്തത്. ഹ്യൂഗോ ബൗമസിന്റെ ഇരട്ടഗോളുകളും ജാക്കിചന്ദ് സിംഗിന്റെ ഗോളുമാണ് ഗോവയ്ക്ക് ജയമൊരുക്കിയത്. ഒഗുബച്ചെയും മെസി ബൗളിയുമാണ് ബ്ലാസ്‌റ്റേഴ്സിനായി ഗോളുകൾ നേടിയത്. 26-ാം മിനിട്ടിൽ ബൗമസും 45-ാം മിനിട്ടിൽ ജാക്കിചന്ദും നേടിയ ഗോളുകളുടെ പിൻബലത്തിൽ ആദ്യ പകുതിയിൽ ഗോവ 2-0ത്തിന്റെ ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം ടോപ് ഗിയറിലാക്കിയ ബ്ലാസ്‌റ്റേഴ്സ് 53-ാം മിനിട്ടിൽ മെസിയിലൂടെയും 69-ാം മിനിട്ടിൽ ഒഗ്‌ബച്ചെയിലൂടെയും ഒപ്പമെത്തി. എന്നാൽ 83-ാം മിനിറ്രിൽ ബൗമസ് നേടിയ ഗോൾ കളിയുടെ വിധി നിർണയിക്കുകയായിരുന്നു. തുടർന്ന് റാഫി ഉൾപ്പെടെയുള്ളവരെ ഇറക്കി ബ്ലാസ്റ്റേഴ്സ് ആക്രമണം കനപ്പിച്ചെങ്കിലും ഗോവൻ വലകുലുക്കാനായില്ല.
ജയത്തോടെ 27 പോയിന്റുമായി ഗോവ ഒന്നാമതെത്തി. 14 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് എട്ടാമതാണ്.