മനുഷ്യ സ്നേഹത്തിന്റെ മാതൃകൾ കാട്ടി മലയാളികൾ എന്നും അമ്പരപ്പിച്ചിട്ടേയുള്ളൂ. കേരളക്കരയാകെ ദുരിതത്തിലാഴ്ത്തിയ പ്രളയത്തിലും ഉരുൾപൊട്ടലിലും ശക്തമായ തിരിച്ചുവരവ് നടത്തിയത് കേരള ജനതയുടെ സ്നേഹവും ഐക്യവും ഒന്നുകൊണ്ട് മാത്രമാണ്. ഇപ്പോൾ മറ്റൊരു പ്രവർത്തിയിലൂടെ മലയാളികളുടെ സ്നേഹം രാജസ്ഥാനി സ്വദേശി ലിസി തിരിച്ചറിയുകയാണ്. വർഷങ്ങളായി തെരുവിന്റെ മകളായി വളർന്ന ലിസിക്ക് സ്വന്തമായി വീടൊരുക്കിയിരിക്കുകയാണ് നാട്ടുകാർ.
പേരാമ്പ്രയിലെ റോഡുവക്കിൽ ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റ മുഖവും, കഴുത്തുമായി വർഷങ്ങളായി ജീവിക്കുന്ന ലിസിക്ക് വീടൊരിക്കിയത് പേരാമ്പ്രയിലെ നന്മ നിറഞ്ഞ മനുഷ്യരാണ്. റോഡുവക്കിൽ ചെരുപ്പുതുന്നിയാണ് ഇവർ ജീവിച്ചിരുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
‘ഇത് ലിസി. എന്റെ ചെറുപ്പകാലം മുതൽ തന്നെ പേരാമ്പ്രയിലെ റോഡുവക്കിൽ ആസിഡ് പൊള്ളലേറ്റ മുഖവും, കഴുത്തുമായി യുവതിയായിരുന്ന ഇവരെ കണ്ടിരുന്നു. രാജസ്ഥാനിൽ നിന്നും അമ്മാവനും മറ്റു ചില ബന്ധുക്കളും സ്വത്തു തർക്കത്തെ തുടർന്ന് ആസിഡ് കൊണ്ട് പൊള്ളിച്ചു, അവിടെ നിന്നും പൊള്ളിയ മുഖവുമായി ട്രെയിനിൽ കയറി കേരളത്തിലും, അവസാനം പേരാമ്പ്ര പട്ടണത്തിലും എത്തി. റോഡുവക്കിൽ ചെരുപ്പുതുന്നി ജീവിച്ചു.
പത്തു മുപ്പതു വർഷം റോഡുവക്കിൽ കിടന്നുറങ്ങിയപ്പോഴും താൻ ജോലി ചെയ്തു കിട്ടിയതിൽ നിന്നും അവർ സ്വയം ചാരിറ്റി പ്രവർത്തനം നടത്തി. അവസാനം പേരാമ്പ്ര ക്കാരിയായി മാറിയ ലിസിക്ക് സ്കൂൾ വിദ്യാർഥികളും പേരാമ്പ്രയിലെ പൊതു ജനവും ചേർന്ന് കുറച്ചു സ്ഥലം വാങ്ങി ഒരു വീട് വച്ചു കൊടുത്തു.