
ന്യൂഡൽഹി: മണിപ്പൂരിലെ പരിമിത സാഹചര്യങ്ങളോട് പടവെട്ടി ഇന്ത്യയുടെ മാനസപുത്രിയായി മാറിയ ഇടിക്കൂട്ടിലെ ഉരുക്കുവനിത മേരി കോമിന് ലഭിച്ച പദ്മ വിഭൂഷൺ ബഹുമതി അർഹതയ്ക്കുള്ള അംഗീകാരമായി. ലോക ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണം നേടി ചരിത്രം സൃഷ്ടിച്ച മേരിക്ക് രാജ്യത്തിന്റെ ഏറ്രവും വലിയ രണ്ടാമത്തെ സിവിലിയൻ  ബഹുമതി നൽകി രാഷ്ട്രം ആദരിക്കുകയായിരുന്നു. 36കാരിയായ മേരികോം നിലവിൽ രാജ്യ സഭാ എം.പി കൂടിയാണ്. 2012 ലെ ഒളിമ്പിക്സിൽ വെങ്കലവും നേടിയിരുന്നു.
നിലവിലെ ലോകചാമ്പ്യനും ഒളിമ്പിക് വെള്ളിമെഡൽ ജേതാവുമായ പി.വി. സിന്ധുവിന് ഇനി രാഷ്ട്രത്തിന്റെ പരമോന്നതമായ മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പദ്മഭൂഷണിന്റെ തിളക്കംഅലങ്കാരവും അഭിമാനവുമാകും. 24 കാരിയായ സിന്ധുവിന് 2015ലാണ് പദ്മ ശ്രീ ലഭിച്ചത്. ക്രിക്കറ്റർ സഹീർ ഖാൻ, വനിതാ ഹോക്കി ടീം ക്യാപ്ടൻ റാണി രാംപാൽ, മുൻ പുരുഷ ഹോക്കി ടീം ക്യാപ്ടൻ എം.പി ഗണേഷ്, ഷൂട്ടർ ജിത്തു റായ്, മുൻ വനിതാ ഫുട്ബാൾ ടീം ക്യാപ്ടൻ ഒയിനാം ബംബം ദേവി, അമ്പെയ്ത്ത് താരം തരുൺ ദീപ് റായ് ഉൾപ്പെടെയുള്ളവർ പദ്മ ശ്രീ പുരസ്കാരത്തിനുള്ള പട്ടികയിലുണ്ട്.