കാഠ്മണ്ഡു: വർഷങ്ങളായി നീണ്ടുനിൽക്കുന്ന ഇന്ത്യ പാക് സംഘർഷത്തിൽ മാധ്യസ്ഥതയ്ക്ക് താൽപര്യമറിയിച്ച് നേപ്പാൾ. ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ ഇക്കാര്യം ഔദ്യോഗികമായി സർക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സാർക്ക് കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇതിനു മുന്നിട്ടിറങ്ങുന്നതെന്ന് നേപ്പാളി വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ തർക്കത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് യു.എസ് അറിയിച്ചിരുന്നു.
നേപ്പാളിന്റെ സന്നദ്ധത ഇന്ത്യ നിരാകരിക്കാനാണ് സാദ്ധ്യത. മുമ്പ് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മധ്യസ്ഥതാ താൽപര്യം അറിയിച്ചപ്പോൾ ഉഭയകക്ഷി പ്രശ്നത്തില്‍ മൂന്നാമതൊരാളുടെ മധ്യസ്ഥത വേണ്ടെന്നാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ട ആവശ്യമില്ലെന്നും ഇന്ത്യ അറിയിച്ചു.
ഇന്ത്യ ഉൾപ്പെട്ട സാർക്ക് കൂട്ടായ്മയിലെ പ്രവർത്തനങ്ങൾ മരവിച്ചു കിടക്കുന്നതിൽ നേപ്പാളിന് ആശങ്കയുണ്ട്. 2014ൽ നേപ്പാളിലാണ് അവസാന സാർക്ക് ഉച്ചകോടി നടന്നത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2016ല്‍ ഇസ്ലാമാബാദില് നടക്കേണ്ടിയിരുന്ന സാർക്ക് ഉച്ചകോടിയില്‍നിന്ന് ഇന്ത്യ പിന്മാറി. ബംഗ്ലാദേശ്, ഭൂട്ടാന്, അഫ്ഗാനിസ്ഥാന് എന്നിവരും പിന്മാറിയതോടെ ഉച്ചകോടി റദ്ദാക്കപ്പെട്ടു. പാക്കിസ്ഥാൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യ കഴിഞ്ഞ മൂന്നു വർഷമായി സാര്‍ക്കിൽ നിന്നു വിട്ടുനിൽക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് നേപ്പാൾ തർക്കത്തിൽ ഇടപെടാൻ ശ്രമിക്കുന്നത്.