'മാഡം ജി, ഞാൻ നിങ്ങളെ ശല്യപ്പെടുത്തുകയാണെന്ന് കരുതല്ലേ. എനിക്ക് വേറെ വഴിയില്ലാഞ്ഞിട്ടാണ് മാഡം.""
ബാബുറാം എന്റെ കൗണ്ടറിലേക്ക് പാതി കരച്ചിലുമായി കടന്നുവന്നു. ചുരുക്കിപറഞ്ഞാൽ ഞാൻ ഈ മനുഷ്യൻ തീർത്ത കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. മൂന്നാഴ്ച മുമ്പ് എം.ജി റോഡിലുള്ള ഈ ടെലിഫോൺ വിനിമയ കമ്പനിയുടെ പുതിയ ബ്രാഞ്ചിലെ കസ്റ്റമർ സർവീസിലേക്ക് ചാർജെടുക്കാനുള്ള കടലാസ് കൈപറ്റുമ്പോൾ എനിക്ക് അതിയായ ആഹ്ലാദമായിരുന്നു. കഴിഞ്ഞ മൂന്നുകൊല്ലമായി ഇതേ കമ്പനിയുടെ കോൾസെന്ററിലെ കസ്റ്റമർ കെയറിലായിരുന്നു ഞാൻ. ചെവിയിലെ വേദന വല്ലാതെ അലട്ടിയപ്പോഴാണ് ഞാൻ റിട്ടെയിൽ ബ്രാഞ്ചിലേക്ക് മാറ്റം ചോദിച്ചത്.
''ഹോ ഇനി ആളുകളുടെ മുഖം കണ്ട് നേർക്കുനേർ വർത്തമാനം പറയാമല്ലോ. ആശ്വാസം. ""
അവസാനദിവസം ഹെഡ് സെറ്റ് താഴെവച്ച് കോൾസെന്ററിലെ ഓഫീസിൽ നിന്നും മടങ്ങുമ്പോൾ ഞാൻ സഹപ്രവർത്തകരോട് പറഞ്ഞതാണിത്. അല്ലെങ്കിലും ഒരു പരിചയവുമില്ലാത്ത എവിടെയോ കിടക്കുന്ന മനുഷ്യരോട് രൂപമില്ലാതെ സംസാരിച്ച് എനിക്ക് മടുത്തിരുന്നു ഒരു മനുഷ്യന്റെ ദേഷ്യം, ആധി, സങ്കടം, പരിഭ്രമം ഇവയ്ക്കെല്ലാം പരിഹാരം കാണണമെങ്കിൽ അവരുമായി നേരിട്ടുതന്നെ സംസാരിക്കണം എന്നതായിരുന്നു എന്റെ നയം.
''ഈ വിശ്വാസം ഒരു കോൾസെന്റർ ഏജന്റ് എന്ന നിലയിലെ നിന്റെ കഴിവിലുള്ള വിശ്വാസമില്ലായ്മയാണ്.""
ഒരിക്കൽ എന്റെ സഹപ്രവർത്തകയായ ഷെറിൻ എന്നോട് പരിഹാസരൂപേണ അഭിപ്രായപ്പെട്ടിരുന്നു. അതിനുശേഷം ഞാൻ ഇത്തരം അഭിപ്രായങ്ങൾ ഉറക്കെ പ്രഖ്യാപിക്കാറില്ല. അന്നേരമാണ് നിരന്തരമായ ഹെഡ് സെറ്റ് ഉപയോഗം മൂലം ചെവി വേദനിക്കാൻ തുടങ്ങിയത്. വീണത് വിദ്യയാക്കി ഞാൻ ബ്രാഞ്ചിലേക്ക് ജോലി മാറ്റം സംഘടിപ്പിച്ചു.
ആയിടയ്ക്കാണ് ഞാൻ പോൾ എക്മാൻ എഴുതിയ 'unmasking the face" എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ വായനക്കായി തിരഞ്ഞെടുത്തത്. ഒരു മനുഷ്യന്റെ ചലനങ്ങൾ, തീരെ ചെറിയ ഭാവമാറ്റങ്ങൾ തുടങ്ങിയവ എപ്രകാരം നമ്മൾക്ക് അയാളെ മനസിലാക്കാൻ പ്രാപ്തരാക്കും എന്നിങ്ങനെ ഒട്ടനവധി കാര്യങ്ങൾ അടങ്ങിയ ഒരു പുസ്തകമായിരുന്നു അത്.
''ചുമ്മാ ആരംഭശൂരത്വം...നിനക്കിതിന്റെ വല്ല ആവശ്യമുണ്ടോ. മനുഷ്യനെ മനസിലാക്കാൻ ബുക്കൊന്നും വേണ്ടന്നേ. ഒരു രണ്ടുമാസം കഴിഞ്ഞാൽ നീ ഇപ്പറഞ്ഞ പുസ്തകം എഴുതിയവനെ വരെ കടത്തിവെട്ടുന്ന രീതിയിൽ ഓരോരുത്തരെയും വിലയിരുത്തും. ഏതോ ഒരു സായിപ്പ് എഴുതിയത് പോലാണോ നമ്മൾ കേരളക്കാർ? ""
എന്റെ ഭർത്താവ് മാത്യൂസിന് എല്ലാ കാര്യങ്ങൾക്കും ഇങ്ങനെ ഓരോ ന്യായീകരണങ്ങളുണ്ട്.
''അല്ലെങ്കിൽ തന്നെ നിനക്കീ 'മെ ഐ ഹെൽപ് യൂ" പറയൽ ജോലിയുടെ വല്ല ആവശ്യവുമുണ്ടോ? പണ്ടായിരുന്നെങ്കിൽ ഫോണിലൂടെ പറയണം ഇപ്പോഴാണെങ്കിൽ നേരിട്ട് പറഞ്ഞാൽ മതി.അത്രയേ ഉള്ളൂ വ്യത്യാസം.""
മാത്യൂസ് ഭക്ഷണം മതിയാക്കി എഴുന്നേറ്റു. മാത്യൂസ് ചെയ്യുന്നത് ഒരുതരം ബുദ്ധികൊണ്ടുള്ള കച്ചവടമാണെന്നാണ് വയ്പ്. ഒരു നിർമ്മാണ കമ്പനിയുടെ മാർക്കറ്റിംഗ് ഡിവിഷനിലെ അസിസ്റ്റന്റ് മാനേജർ ആണ് മാത്യൂസ്.
ചെറുതെങ്കിലും ഞാൻ അനുഭവിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം എന്റെ ചെറിയ ചെറിയ സന്തോഷങ്ങൾ അതിനെല്ലാറ്റിനുമുപരി ഞാൻ നിലനിൽക്കുന്നു എന്ന തോന്നലുണ്ടാക്കാൻ എനിക്കീ ജോലി വേണം.
ഓഫീസിലെ ആദ്യദിനം. മഹാത്മാഗാന്ധി പാർക്കിന് എതിർവശത്താണ് എന്റെ ജോലിസ്ഥലം. വാഹനം പാർക്ക് ചെയ്യാനും തൊട്ടടുത്ത ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങാനും നല്ല സൗകര്യം. അവിചാരിതമായാണ് ബാബു റാം ടേക്കനെടുത്ത് എന്റെ കൗണ്ടറിലേക്ക് വന്നത്. ഒരന്യസംസ്ഥാന തൊഴിലാളിയാണെന്ന് കണ്ടാലറിയാം.
മനുഷ്യരെ ഒരിക്കലും തരം തിരിക്ക് കാണരുത്. എല്ലാവരും ഒരു പോലെയാണ്. എന്റെ മനസിൽ ട്രെയിനിംഗ് പാഠങ്ങൾ മിന്നിമറഞ്ഞു. എങ്കിലും ഞാൻ 'സർ"വിളി ഒഴിവാക്കി പകരം നമ്മൾ മലയാളികൾ പൊതുവെ അന്യസംസ്ഥാനക്കാരെ കാണുമ്പോൾ ചെയ്യാറുള്ള ആ സംബോധനയിൽ സംഭാഷണം തുടങ്ങി.
''ബായ് എന്തു വേണം?""
''മാഡം ജി. ഞാൻ ആകെ കഷ്ടപ്പെടുകയാണ്. എന്റെ മൊബൈൽ നമ്പറിൽ നിന്നും ഞാൻ അറിയാതെ ഒരുപാട് കോളുകൾ പോകുന്നു.""
നമ്പർ പരിശോധനയ്ക്കായി ഞാൻ അയാളുടെ തിരിച്ചറിയൽ രേഖകൾ വാങ്ങി. ഒരു ജാർഖണ്ഡുകാരനാണ്. നാല്പത്തിയഞ്ച് വയസ്. ഒറ്റനോട്ടത്തിൽ ദുർബലൻ. പാവം അരപ്രാണൻ.
''അതെങ്ങനെ? നിങ്ങളുടെ മൊബൈൽ ആരെങ്കിലും ഉപയോഗിക്കാറുണ്ടോ?""
ബാബുറാം ഉത്തരം തരാൻ കഷ്ടപ്പെടുന്നപോലെ തോന്നി.
''മാഡം ജി. ഞാൻ താമസിക്കുന്ന മുറിയിൽ ആകെ ഹരിവീറും കിശോർദാസും കോസല കുമാറും മാത്രമേയുള്ളൂ. അവരാണെങ്കിൽ എന്റെ മൊബൈൽ തൊടുക പോലുമില്ല. അവരുടെ ഫോണിൽ നെറ്റും പാട്ടും സിനിമയും എല്ലാം കിട്ടും. അവർക്കെന്റെ ഫോണോ സൗഹൃദമോ ആവശ്യമില്ല. പയ്യന്മാരാണ് എന്നെപ്പോലൊരാൾ ആ മുറിയിലുണ്ടെന്നു വരെ പലപ്പോഴും മറന്നുപോകുന്ന കൂട്ടരാണവർ.""
എനിക്ക് ചിരിയാണ് വന്നത്.
''തനിയെ കോൾ ചെയ്യാൻ മൊബൈലിന് ജീവനില്ലല്ലോ ഭായ്.""
അയാളുടെ മുഖത്ത് സങ്കടം.
''ആട്ടെ... നിങ്ങൾ മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കാറുണ്ടോ?""
ചോദിച്ച ഉടനെ തന്നെ അത് അപ്രസക്തമായ ഒന്നാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയാതെ നോക്കിയയുടെ ആദ്യകാല മൊബൈലുകളിൽ ഒരെണ്ണമായിരുന്നു ബാബുറാമിന്റെ കൈയിൽ.
''മാഡം ജി. ഞാൻ ചാർജ്ജ് ചെയ്ത് ഒരു ദിവസം കഴിയുമ്പോഴേക്കും എല്ലാം തീർന്നിരിക്കും.""
എനിക്ക് കൗതുകമായി. എന്നാലും അതെങ്ങനെ? ഉപഭോക്താവിൽ നിന്നും പൈസ ഈടാക്കുന്ന തരത്തിൽ അയക്കപ്പെടുന്ന മെസേജുകളോ, മറ്റെന്തെങ്കിലും വഴി പൈസ പോകുന്നുണ്ടോ എന്ന് ഞാൻ അയാളുടെ നമ്പറിൽ തിരഞ്ഞു. ഒന്നുമില്ല.
''നിങ്ങൾ ഈ ഫോൺ തന്നെയാണോ ഉപയോഗിക്കുന്നത്? ഞാൻ ഒരല്പം കനപ്പിച്ച് പുഞ്ചിരിവിടാതെ ചോദിച്ചു ""
കാരണമുണ്ട്. ഇന്റർനെറ്റ് ഇന്നത്തെ മിക്ക ഫോണുകളിലും ഉപയോഗിക്കാം. അത്തരത്തിൽ ഉപയോഗിച്ചശേഷം കനത്ത ബില്ല് വന്നപ്പോൾ ബാബുറാം പഴയൊരു മൊബൈലും കൊണ്ടുവന്നു. ''ഇതിൽ നെറ്റ് ഉപയോഗിക്കാൻ സാധിക്കില്ല. പിന്നെ എങ്ങനെ എന്റെ പൈസ പോകുന്നു എന്ന ചോദ്യം ഉന്നയിക്കുന്നതായിരിക്കാം.""
എന്തോ ചിലപ്പോഴൊക്കെ എനിക്ക് മനുഷ്യരെ അകാരണമായി സംശയിക്കാൻ തോന്നും. എന്ത് തന്നെയായാലും അയാളുടെ നമ്പർ വിശദമായി പരിശോധിക്കാൻ ഞാൻ തീരുമാനിച്ചു. ബാബുറാം വിയർപ്പ് തുടച്ചു. പുറത്ത് നല്ല മഴയായിരുന്നിട്ടും ഓഫീസിലെ ഏസിയുടെ തണുപ്പിലും അയാൾ വിയർക്കുന്നത് ഒരു ലക്ഷണപിശകായി എനിക്ക് തോന്നി.
''മാഡം ജി കുറച്ചുവെള്ളം തരുമോ?""
ചോദിക്കാൻ പാടില്ലാത്തതെന്തോ ചോദിച്ചപോലെ തൊട്ടപ്പുറത്ത് നിന്നിരുന്ന ഓഫീസ് ബോയ് ബാബുറാമിനെ നോക്കി. അയാൾ അതിവേഗമാണ് വെള്ളം കുടിച്ചത്. പരിഭ്രമം. കളവിന്റെ മറ്റൊരു ലക്ഷണം!
നമ്പർ പരിശോധന എനിക്ക് ഞെട്ടലാണ് സമ്മാനിച്ചത്. ബാബുറാമിന്റെ മൊബൈലിൽ നിന്നും കുറേ അന്താരാഷ്ട്ര കോളുകൾ! രാജ്യാന്തര കോളുകൾ! എണ്ണമറ്റ ലോക്കൽ കോളുകൾ!
ഞാൻ അയാളുടെ തിരിച്ചറിയൽ രേഖ ഒന്നുകൂടി പരിശോധിച്ചു. കാലം മാറുകയാണ്. ഇനി ഇയാൾ ഏതെങ്കിലും തീവ്രവാദ സംഘടനയുടെ അംഗമോ മറ്റോ ആണോ? ഇയാളിൽ ഒളിഞ്ഞിരുന്ന ചാരനെ പുറത്ത് ചാടിക്കണം. ഞാൻ നിശ്ചയിച്ചു.
''നോക്കൂ... നിങ്ങളുടെ മൊബൈലിൽ നിന്നു വിളിച്ചിട്ടുള്ള അന്താരാഷ്ട്ര കോളുകളാണിവ. ഒരു സാധാരണ തൊഴിലാളിയായ നിങ്ങൾക്ക് എന്തിനാണ് ഇത്രയും ഐ.എസ്.ഡി കോളുകൾ? അതോ ഇനി നിങ്ങൾ ആർക്കെങ്കിലും ഫോൺ ഉപയോഗിക്കാൻ കൊടുത്ത് പൈസ വാങ്ങുന്നുണ്ടോ?"
ബാബുറാമിന് പേടി പോലെ തോന്നി.
''മാഡം ജി... അതെല്ലാം ഞാനല്ല ചെയ്യുന്നത് അവനാണ്. ""
''ഓഹോ...അപ്പോൾ നിങ്ങൾക്കറിയാം ഒരാൾ നിങ്ങളുടെ മൊബൈൽ ഉപയോഗിക്കുന്നുണ്ടെന്ന്. പിന്നെ നിങ്ങൾ എന്തിന് എന്നോട് കള്ളം പറഞ്ഞു?""
എന്റെ ഒച്ച പതിയെ ഉയർന്നു. മുഖത്തെ പുഞ്ചിരി ചെറുതായി മങ്ങി.
''മാഡം ജി ഞാൻ അറിയാതെ എന്റെ സമ്മതമില്ലാതെയാണ് അവൻ ഇത് ഉപയോഗിക്കുന്നത്."" എന്റെ ക്ഷമ നശിച്ചു.
''ഇത്തരം കാര്യങ്ങൾ പൊലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കുകയാണ് വേണ്ടത് .ആളെ ചൂണ്ടി കാണിച്ചുകൊടുക്കൂ. ബാക്കി അവർ ചെയ്തോളൂം.""
ഞാൻ അയാളിൽ നിന്നും കോൾ വിശദാംശങ്ങൾ പ്രിന്റെടുക്കുവാനുള്ള അനുമതിപത്രം ഒപ്പിട്ടു വാങ്ങി.
കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളിൽ അയാളുടെ നമ്പറിൽ നിന്നും പുറത്തേക്ക് വിളിച്ച കോളുകളുടെ എണ്ണം അടങ്ങിയ രണ്ടുപുറം പേജ് അയാൾക്ക് നേരെ നീട്ടികൊണ്ട് ഞാൻ പറഞ്ഞു.
''ഇനി നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ. പൊലീസിൽ പോയി പരാതി നൽകുകയോ കോടതിയിൽ പോകുകയോ അങ്ങനെയെന്തും.""
ബാബുറാം ഏറ്റവും ചെറിയ സ്വരത്തിൽ ഭീതിയോടെ പറഞ്ഞു.
''അവനെ അവർ ഒന്നും ചെയ്യില്ല മാഡം ജി. ഇനി നിങ്ങൾക്കേ എന്നെ സഹായിക്കാനാവൂ. ദയവു ചെയ്ത് എന്റെ പരാതി കണക്കിലെടുക്കൂ മാഡംജി.""
ഇത്രയും പറഞ്ഞുകൊണ്ട് അയാൾ ധൃതിയിൽ ഒാഫീസിൽ നിന്നും ഇറങ്ങിപ്പോയി. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. മേലധികാരികളുടെ ശ്രദ്ധയിൽ പെടുത്തണോ വേണ്ടയോ എന്ന ചിന്ത എന്റെ സ്വസ്ഥത നശിപ്പിച്ചു. എങ്കിലും എന്നെ ഈ വിഷയം യാതൊരു തരത്തിലും ഭാവിയിൽ ബാധിക്കാതിരിക്കുവാനായി പേരിനെങ്കിലും ഒരു പരാതി നെറ്റ് ബില്ലിംഗ് സെക്ഷനിലേക്ക് അയച്ചാലോ?
''ഉപഭോക്താവിന്റെ അറിവോ സമ്മതമോ കൂടാതെ ആരോ അദ്ദേഹത്തിന്റെ ഫോൺ നമ്പർ ഉപയോഗിക്കുന്നു. ഒപ്പം ബാബുറാമിന്റെ താമസസ്ഥലവും ചേർത്തു കഴിഞ്ഞാൽ ഇനി എന്റെ ഭാഗം സുരക്ഷിതമാണല്ലോ! പിന്നെ കംപ്ലയിന്റ് ഡിപ്പാർട്ട്മെന്റിൽ അയാളുമായി സംസാരിച്ചുകൊള്ളും.""
അതെ അതാണ് ശരി. ഞാൻ അപ്രകാരം ചെയ്തു. അപ്പോഴാണ് ഞാൻ എന്റെ സഹപ്രവർത്തകരുടെ മുഖത്തെ പുച്ഛരസം ശ്രദ്ധിച്ചത്.
''ഇതൊരു വട്ടുകേസാന്നേ ... ഇവിടുന്നു ഞങ്ങൾ തള്ളിയ കേസാ. ചുമ്മാ ആർക്കെങ്കിലും ഫോൺ വിളിക്കാൻ കൊടുക്കും. എന്നിട്ട് കാശ് പോയെന്ന് പറഞ്ഞ് നിലവിളിച്ചോണ്ട് വരും. ഒക്കെ നമ്പറാന്നേ നമ്പറ്.""
അപ്പുറത്തെ സീറ്റിലെ സുധീർ ഇത് പറഞ്ഞപ്പോഴാണ് ഏകദേശം ഇരുപത് മിനുട്ടിൽ കൂടുതൽ അയാളുടെ നുണകൾ ശ്രവിച്ച് സ്വയം വിഡ്ഢിയായ വിവരം ഞാൻ മനസിലാക്കിയത്. എനിക്ക് ബാബുറാമിനോട് കടുത്ത ദേഷ്യം തോന്നി.
*******************
വീട്ടിലെത്തി മാത്യൂസിനോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കൂട്ടത്തിൽ ബാബുറാമും കടന്നുവന്നു.
''ആഹാ അത് കലക്കി. നീ കഴിഞ്ഞദിവസം പറഞ്ഞില്ലേ അവിടെ പോസ്റ്റ് പെയിഡ് കണക്ഷനുകളുടെ പ്രൊമോഷൻ നടക്കുന്നതിനെ പറ്രി. ഒന്നാലോച്ചേ നീ അയാളുടെ നുണപുരാണം കേൾക്കുന്നതിന് പകരം മറ്റു വല്ലോർക്കും ഒരു പോസ്റ്റ് പെയ്ഡ് വിറ്റിരുന്നെങ്കിൽ അത്രേ ദൂരം പോകുമായിരുന്നില്ല. അത് മാത്രമോ അതിന്റെ പേരിൽ ചെറിയൊരു ചില്വാനം നിന്റെ മാസ ശമ്പളത്തിൽ കയറിക്കൂടുകയും ചെയ്തേനെ.""
''പക്ഷേ മാത്യൂസ് ഞാൻ അവിടിരിക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കാനല്ലേ.""
''അത് നിന്നെപ്പോലുള്ള മണ്ടികളുടെ വിചാരം. പിന്നെയെന്തിനാ നിങ്ങൾക്ക് ടാർജറ്റ് തന്നിരിക്കുന്നത്? സെയിൽസ ് ആൻഡ് സർവീസ് ഒരുമിച്ചുകൊണ്ട് പോകണം. അതാണ് മിടുക്ക്. നിന്റെ സ്ഥാനത്ത് ഞാനായിരുന്നേ സെയിൽസ് കൂട്ടാനായി നോക്കും. ഉള്ള നേരത്ത് ടാജറ്റ് എത്തിച്ച് പൈസ മേടിക്കുക. പ്രശ്ന പരിഹാരത്തിനായി വരുന്നോരെ അധികം സമയമെടുക്കാതെ അങ്ങ് തീർത്ത് വിടുക. അതാണ് ബുദ്ധിയുള്ളോര് ചെയ്യേണ്ടത്. അവനവന്റെ വളച്ചയാണ് മുഖ്യം. കമ്പനിക്ക് പേര് നേടിക്കൊടുത്തിട്ട് എന്ത് പുണ്യം കിട്ടാനാ. ഇനിയും മൂന്നോനാലോ ഫോൺ കമ്പനികൾ കൂടി ഇന്ത്യയിൽ വരുന്നുണ്ട്. ആരും പുണ്യത്തിനല്ല ജോലി ചെയ്യുന്നത്. അതോണ്ട് കിട്ടിയ സമയത്ത് നല്ല ചക്രം വാങ്ങി മറ്റൊരു നല്ല ഓഫർ വരുമ്പോൾ ചാടാൻ ഒരുങ്ങിനിൽക്കണം.""
എനിക്കന്നേരം ഈ ലോകം മുഴുവ ലാഭക്കണക്കിന്റെ കൂട്ടുപലിശ കണക്കാക്കുന്നവരാൽ നിറഞ്ഞപോലെ തോന്നി.
മാത്യൂസിലെ കച്ചവടക്കാരന് നിറുത്താൻ ഭാവമില്ല. ഒരുപക്ഷേ തന്റെ കീഴ്ജീവനക്കാർക്ക് നൽകുന്നപോലെ വിപണന തന്ത്രങ്ങൾ കുത്തിനിറച്ചൊരു പ്രസംഗം കേൾക്കാതിരിക്കാനായി ഞാൻ വേഗം ലൈറ്ര് അണച്ചുകിടന്നു.
മൂന്നുദിവസങ്ങൾക്ക് ശേഷം ബാബുറാം വീണ്ടും എന്നെതേടി വന്നു. അന്നെനിക്ക് വൈകുന്നേരമായിരുന്നു ജോലി. എന്നെതന്നെ കാണണമെന്ന് അയാൾ സഹപ്രവത്തകരോട് ശഠിച്ചു. അയാളെ കണ്ടപാടേ ഞാൻ ഉള്ളിലെ കൊച്ചുമുറിയിലേക്ക് വലിഞ്ഞു. എനിക്ക് തലവേദനയാണെന്നും അതിനാൽ വിശ്രമത്തിലാണെന്നും പറഞ്ഞ് മറ്റുള്ളവർ അയാളെ തിരിച്ചയച്ചു. ഒരു ചായ കുടിച്ചതിനുശേഷം ഞാൻ വീണ്ടു സീറ്റിൽ തിരിച്ചെത്തി. അതിയായ കുറ്റബോധം തോന്നി. വേണ്ടിയിരുന്നില്ല. അയാളുടെ തീരെ പാവം പിടിച്ച കണ്ണുകൾ എനിക്കോമ്മവന്നു.
അന്നത്തെ ദിവസം മുഴുവൻ എനിക്ക് കുഴപ്പം പിടിച്ചതായിരുന്നു. ഒരു മനുഷ്യൻ വളരെ മുഷിഞ്ഞ രീതിയിൽ എന്നോട് ഇടപെട്ടു.
ഞാൻ കുടുംബത്തോടെ ഒഴിവ് കാലം ചെലവഴിക്കാനായി മണാലിയിൽ പോയിരുന്നു. പക്ഷേ പോകുംമുമ്പ് ഞാൻ ഈ സിംകാർഡ് ഫോണിൽ നിന്നുമെടുത്ത് എന്റെ പേഴ്സിൽ വച്ചിരുന്നു. തിരിച്ചിവിടെ അതായത് കേരളത്തിലെത്തിയശേഷമാണ് ഞാൻ അത് വീണ്ടും ഫോണിലേക്ക് ഇട്ടതു തന്നെ. എന്നിട്ടും എനിക്ക് മണാലിയിൽ ഫോൺ ഉപയോഗിച്ചതിന് എണ്ണായിരം രൂപ ഈടാക്കിയിരിക്കുന്നു.
അയാൾ ഉച്ചത്തിൽ സംസാരിക്കാ ൻ തുടങ്ങി. ചിലയാളുകൾക്ക് ഒരു വിചാരമുണ്ട്. ഉച്ചത്തിൽ ദേഷ്യപ്പെട്ടാൽ എന്തും നടക്കുമെന്ന്.
കസ്റ്റമർ രാജാവാണ്. ഞാൻ പുഞ്ചിരി മായ്ക്കാതെ ചോദിച്ചു.
''സർ താങ്കൾ ഇന്റർനെറ്റ് ഉപയോഗിച്ചിരിക്കുന്നു. അതാണ്. ഉപയോഗിച്ച സമയവും തീയതിയും കൃത്യമായി ബില്ലിലുണ്ടല്ലോ. ""
അയാൾ തീരെ മയമില്ലാതെ ഒച്ചയിട്ടു.
''നിങ്ങളോട് മലയാളമല്ലേ ഞാൻ പറഞ്ഞത്. സിം എന്റെ പേഴ്സിൽ ആയിരുന്നു എന്നത്. ആദ്യം ശ്രദ്ധിച്ചുകേൾക്കണം. ഈ തുക ഞാൻ അടുക്കുകയില്ല. കാരണം ഞാൻ അത് ഉപയോഗിച്ചിട്ടില്ല.""
''കള്ളം പച്ചക്കള്ളം. ""
എനിക്ക് വിളിച്ചു പറയാൻ തോന്നി.
പക്ഷേ സംയമനം പാലിച്ചു.
''സർ എല്ലാം ബില്ലിലുണ്ട്. കൂടുതലൊന്നും എനിക്ക് ചെയ്യാനാകില്ല. ക്ഷമിക്കുക.""
അയാൾ ബില്ല് മേശപ്പുറത്ത് വലിച്ചെറിഞ്ഞു.
''അപ്പോൾ നിങ്ങൾ പറഞ്ഞുവരുന്നത് ഞാൻ കള്ളം പറയുകയാണെന്നാണോ.""
''അങ്ങനെ ഞാനുദ്ദേശിച്ചിട്ടില്ല സർ... പക്ഷേ ഇന്റനെറ്റ് ഉപയോഗം നടന്നതിന് തെളിവുണ്ട്. ""
''നിങ്ങൾ കസ്റ്റമറുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്. ഇനി എനിക്ക് നിങ്ങളോട് സംസാരിക്കണ്ട എനിക്ക് മാനേജരെ കാണണം.""
അയാൾ ഉച്ചത്തിൽ ആവശ്യപ്പെട്ടു.
ബ്രാഞ്ച് മാനേജർ അരവിന്ദ് സാറിന്റെ മുറിയിലേക്ക് ഒരാൾ അയാളെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹം ആ പ്രശ്നം എങ്ങനെ പരിഹരിക്കും എന്ന് ഒട്ടൊരു കൗതുകത്തോടെ ഞാൻ ആലോചിക്കേണ്ടതാണ്. പക്ഷേ എനിക്കാകെ ഒരു വല്ലായ്മയായി ആ മനുഷ്യന്റെ തൊട്ടു മുന്നേ നടന്ന ആക്രോശം എന്റെ ചിന്തകളെ ആകെ തളത്തി.
ചില ഉപഭോക്താക്കളുടെ സ്വഭാവം ചിലപ്പോൾ വളരെ വിചിത്രമാണ്. നമ്മളോട് തോൽക്കാൻ അവർ ഒരിക്കലും തയ്യാറല്ല. പക്ഷേ മാനേജമാർ ഇതേ വാചകം തന്നെ മറ്റൊരു തരത്തിൽ അവരോട് അവതരിപ്പിച്ചാൽ അവരതങ്ങ് അംഗീകരിച്ചോളും. ചിലപ്പോഴൊക്കെ ഇത്തരം ആളുകൾ മറ്റുള്ളവരോടുള്ള എന്റെ ബഹുമാനവും പ്രതീക്ഷയും വരെ ഇല്ലാതാക്കും.
ബാബുറാമിനെ തിരിച്ചയച്ചത് തെറ്റായിപ്പോയി എന്ന് വീണ്ടും വീണ്ടും മനസാക്ഷി രേഖപ്പെടുത്തി. അയാൾ ഒരു പാവവും.ശബ്ദമുയർക്കാത്തവനുമായത് കൊണ്ടാണല്ലോ ഞാൻ വളരെ എളുപ്പത്തോടെ അയാളെ ഒഴിവാക്കിയത്.
''സമത്വം അത് ഏത് തരത്തിലായാലും അത് പ്രദാനം ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.""വായിച്ചുമറന്ന ഏതോ പുസ്തകത്തിലെ വാചകം.
ഇനി ഒരിക്കൽ കൂടി ബാബുറാം വന്നാൽ നേരെ എന്റെ സീറ്രിലേക്ക് കയറ്റി വിടുവാൻ ഞാൻ സഹപ്രവത്തകരോട് ശട്ടം കെട്ടി.
എന്റെ പ്രതീക്ഷ തെറ്റിയില്ല. രണ്ട് ദിവസത്തിനു ശേഷം ബാബുറാം എത്തി.
''മാഡം ജി... തലവേദന എങ്ങനെയുണ്ട് . കുറഞ്ഞോ കൂടെകൂടെ വരാറുണ്ടോ.""
ആകുലതയോടെ അതീവ നിഷ്കളങ്കമായി ബാബുറാം ചോദിച്ചു
''ഭേദമായി. ഇടയ്ക്ക് വല്ലപ്പോഴും വരും അത്രയേയുള്ളൂ. ""
ഞാനൊരു വമ്പൻ നുണ പറഞ്ഞു.
''കടുകും ചെറിയ ഉള്ളിയും കല്ലുപ്പും ചേത്തരച്ച് നെറ്റിയിൽ പുരട്ടിയാൽ ഏത് വലിയ തലവേദനയും പൊയ്ക്കൊള്ളും.""
അയാൾ ഉറപ്പിച്ച് പറഞ്ഞു.
''നിങ്ങളുടെ നാട്ടിലെ ഒറ്റമൂലിയാണോ ഇത് ""
''അങ്ങനെയൊന്നുമില്ല മാഡം ജി. ഭാര്യ ചെയ്യുന്നത് കണ്ടിട്ടുണ്ട്. ""
''എന്നാണ് താങ്കൾ നാട്ടിൽ പോകുന്നത് ബാബുറാം ""
ഞാൻ വിശേഷം ചോദിച്ചു.
''അവിടെ എനിക്കാരുമില്ല മാഡം ജി. ഒരു മലയിടിച്ചിലിൽ എല്ലാം പോയി. എന്റെ അകന്ന ബന്ധുവിന്റെ മരുമകൻ ഇവിടെ ഒരു ഹോട്ടലിൽ പണിക്കാരനാണ്. അവനാണ് എന്നെ ഇവിടേക്ക് കൊണ്ടുവന്നത്. ""
ബാബുറാം ഓർമ്മകൾ തീർത്ത വലയിൽ സ്വയം കുടുങ്ങിയ ചിലന്തിയെപ്പോലെ തോന്നിച്ചു. അതിൽനിന്നും അയാളെ പുറത്തുകൊണ്ട് വരേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. കാരണം ഞാനാണല്ലോ അയാളെ ഓർമ്മകൾ ചികയാൻ പ്രേരിപ്പിച്ചത്.
''എന്തായി ബാബുറാം. പൊലീസ് സ്റ്റേഷനിൽ പോയിരുന്നോ നിങ്ങളുടെ പരാതി സംബന്ധിച്ച് ആരെങ്കിലും ഞങ്ങളുടെ കമ്പനിയിൽ നിന്നും നിങ്ങളെ വിളിച്ചിരുന്നോ. നിങ്ങൾ എന്തിനാണ് ഒരാളെ ഇത്രയും ഭയക്കുന്നത് ബാബുറാം ""
''മാഡം ജി അവന് സാധിക്കാത്തതായി ഒന്നുമില്ല. ഞാൻ നിങ്ങളുമായി സംസാരിച്ച കാര്യം പോലുമവൻ അറിഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടുത്തെ ഹെഡ് ഓഫീസിൽ നിന്നും എന്റെ പേരിൽ രേഖപ്പെടുത്തിയ പരാതിയെ കുറിച്ച് പറയാനായി ഒരു സാറ് വിളിച്ചിരുന്നു. കോളുകളെല്ലാം ഞാൻ തന്നെ വിളിച്ചതാണിതെന്ന് അവരും പറയുന്നു. എനിക്ക് വയ്യ. ഞാൻ ആരോടാണ് പരാതി പറയുക. എന്നെ കൈവെടിയല്ലേ മാഡം ജി ""
ബാബുറാം കരച്ചിലിന്റെ വക്കോളമെത്തി. തൊട്ടപ്പുറത്തെ കൗണ്ടറിൽ ഇരിക്കുന്ന കസ്റ്റമർ പാളി നോക്കി.
''തലവച്ചുകൊടുത്തു അല്ലേ ""
സുധീ ർ ചിരിയോടെ പതുക്കെ പറഞ്ഞു.
''നിങ്ങൾ വിഷമിക്കാതിരിക്കൂ. ഇത് ഇന്ത്യയാണ്. അങ്ങനെ ഒരാളുടെ അടിമയായി അയാളെ പേടിച്ച് കഴിയേണ്ട ആവശ്യം ഇവിടെയില്ല ബാബുറാം.""
''നോക്കൂ മാഡം ജി. ഈ വിളികളിൽ പലതും പുറം രാജ്യത്തേക്കാണ് പോയിട്ടുള്ളത് എന്ന് താങ്കളുടെ ഹെഡ് ഓഫീസിൽ നിന്നും വിളിച്ച ആ സാർ എന്നോട് പറഞ്ഞു. എനിക്ക് സ്വന്തക്കാരായി മറുനാടുകളിൽ ആരും തന്നെയില്ല. എന്തിനേറെ... അങ്ങോട്ട് വിളിക്കുന്നത് എങ്ങനെയെന്നുപോലും എനിക്കറിയില്ല. ""
അയാൾ എനിക്ക് നേരെ വിവരങ്ങ ളടങ്ങിയ ആ കടലാസ് നീട്ടി. ഞാൻ അപ്പോഴാണ് അതിലേക്ക് വിശദമായി നോക്കിയത്. ഇന്ത്യയ്ക്ക് പുറത്ത് പലയിടങ്ങിലേക്കും വിളികൾ പോയിരിക്കുന്നു.
പക്ഷേ എല്ലാത്തിലും ഒരു ഹലോ പറയാവുന്ന ദൈർഘ്യം മാത്രം. ചിലതിൽ അത്ര പോലുമില്ല. ആ നമ്പറി ൽ പോയ എസ്.ടി.ഡികോളുകളുടെ സ്വഭാവവും ഇത് തന്നെ.
പലവിധ സംശയങ്ങൾ എന്റെ മനസിൽ ഉണർന്നു. ഇനി ഏതെങ്കിലും കോഡുകളുടെ രഹസ്യകൈമാറ്റമായിരിക്കുമോ ഈ വിളികളുടെ പിന്നിൽ.
പക്ഷേ കൂടെ താമസിക്കുന്നവർ ബാബുറാമിന്റെ ഫോണിൽ തൊടുകപോലുമില്ലെന്ന് അയാൾ ആണയിട്ട് ഉറപ്പ് നൽകുന്നു.
ഈ മനുഷ്യൻ എന്നെ വല്ലാതെ കുഴപ്പം പിടിച്ച ഒരു പ്രശ്നത്തിലേക്ക് തള്ളിയിട്ടിരിക്കുന്നു.തീർച്ചയായും ലോകത്തിലെ പല ഭാഗത്തുള്ള നമ്പറിലേക്ക് വിളിക്കുവാനുള്ള പരിജ്ഞാനമോ ആവശ്യമോ ബാബുറാമിനില്ല.
''മാഡം ജി ഇന്നലെ രാത്രി പതിവുപോലെ ഒരു മണി നേരത്ത് അവർ വിളിച്ചിരുന്നു. എന്നെ ഒരുപാട് കളിയാക്കി. അവനെ പിടിക്കുവാൻ ആർക്കും സാധിക്കില്ലെന്നവർ ഉറപ്പ് പറഞ്ഞു. ""
എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
''ഇയാൾ എന്ത് ചെയ്യുന്നു? നിങ്ങളുടെ അടുത്താണോ താമസം? ""
'' മാഡം ജി. അവൻ എന്തു ചെയ്യുന്നുവെന്നോ എവിടെയാണ് താമസിക്കുന്നതെന്നോ എനിക്കറിയില്ല. അവന്റെ നമ്പർ പോലും എന്റെ മൊബൈലിൽ തെളിയുകയില്ല. പക്ഷേ ഒരിക്കൽ അവൻ എന്നോട് അവന്റെ പേര് പറഞ്ഞിരുന്നു. ""
ഹെയ്തം!അതാണവന്റെ പേര്.
വീണ്ടും വീണ്ടും ബാബുറാം കാര്യങ്ങൾ കുഴപ്പിക്കുന്നു.
'' ഇതൊരിക്കലും സാധ്യമല്ല,നിങ്ങൾ നേരിട്ട് കാണാത്ത ഒരുവൻ നിങ്ങളുടെ നമ്പർ ഉപയോഗിച്ച് വിളിക്കുന്നു. അതും ഒരു കാര്യവുമില്ലാതെ പല നമ്പറുകളിലേക്ക് നിങ്ങൾഎന്നെക്കുറിച്ച് എന്താണ് വിചാരിക്കുന്നത്? ഞാൻ അത്ര വിഡ്ഢിയൊന്നുമല്ല ബാബുറാം""
ദേഷ്യം എന്നെ കിതപ്പിച്ചു. വാക്കുകൾ മുറിഞ്ഞു.
'' മാഡം ജി ഈ നാടുകൾ എനിക്കറിയില്ല. പിന്നെ അവന്റെ പേര് ഹെയ്തം... അതുപോലും എനിക്ക് പുതുമയാണ്. ഇത്തരത്തിലൊരു പേര് ഞാൻ മുൻപ് ഒരിക്കലും കേട്ടിട്ടില്ല. പിന്നെ എങ്ങനെ ഞാൻ...""
ബാബുറാം നിസഹായതയോടെ എന്നെ നോക്കി.
ഹെയ്തം അയാളെ വിളിച്ച ദിവസവും മറ്റും കുറിച്ചെടുത്തതിനുശേഷം ബാബുറാമിനോട് രണ്ടുദിവസങ്ങൾക്ക് ശേഷം തിരിച്ചുവരാൻ ആവശ്യപ്പെട്ടു. ബാബുറാം പോയതിനുശേഷം ഞാനിത് സഹപ്രവർത്തകരുമായി പങ്കുവയ്ച്ചു.
''ഒന്നില്ലെങ്കിൽ അയാൾ നുണ പറയുകയാണ്. അല്ലെങ്കിൽ അയാളെ ആരോ വിളിച്ച് പറ്റിക്കുന്നുണ്ട്. എന്ത് തന്നെയായാലും അയാളുടെ പ്രശ്നം പെട്ടെന്ന് തീർക്കുക. ഇയാൾ മിക്ക ദിവസങ്ങളിലും ഇതേ പരാതിയുമായി ഇവിടെ കയറിയിറങ്ങിയാൽ നമ്മുടെ വിശ്വാസ്യത നഷ്ടപ്പെടും. സോഷ്യൽ മീഡിയയിലൊക്കെ ആളുകൾ ഒരു കാരണം കിട്ടാൻ കാത്തിരിക്കുകയാണ് പ്രതികരിക്കാൻ.""
'' ഊർമിള നിങ്ങൾ നെറ്റ് വർക്ക് ഡിപ്പാർട്ട്മെന്റുമായും ഐ.ടിക്കാരുമായും ഉടനെ ബന്ധപ്പെടുക.ഞാൻ അവർക്ക് ഒരു മെയിൽ അയക്കാം.""
ബ്രാഞ്ച് മാനേജർ ചെറിയൊരു അങ്കലാപ്പോടെ പറഞ്ഞുനിറുത്തി.
പിറ്റേന്ന് വൈകിട്ട് ഞാൻ ഓഫീസിൽ നിന്നും നേരത്തെയിറങ്ങി. പച്ചക്കറി വാങ്ങി എലൈറ്റ് സൂപ്പർ മാർക്കറ്റിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ
'' മാഡം ജി " എന്ന വിളിയോടെ ബാബുറാം പിന്നിൽ.
''ബാബുറാം ഇവിടെ?""
''ഇതിനപ്പുറത്തുള്ള ഹോട്ടലിലാ എനിക്ക് പണി. ഞാൻ മാഡംജിയെ ദൂരെ നിന്നും കണ്ടിരുന്നു."
അയാൾ എന്റെ അരികിലേക്ക് കുറച്ചുകൂടി തലനീട്ടിപ്പിടിച്ചു സ്വകാര്യമായി പറഞ്ഞു.
''ഹെയ്തം ഇന്നലെയും വിളിച്ചിരുന്നു. പതിവുപോലെ രാത്രി ഒരുമണിക്ക് അവൻ പിടിക്കപ്പെടും എന്നുറപ്പായാൽ എന്നെകൂടി കൊല്ലും എന്ന് ഭീഷണിപ്പെടുത്തി.""
'' ബാബുറാം നമ്മൾക്ക് ആ നമ്പർ അങ്ങ് മാറ്റിയാലോ. അപ്പോളവൻ എങ്ങനെ നിങ്ങളെ കണ്ടുപിടിക്കും?""
എനിക്ക് എന്റെ ബുദ്ധിയിൽ മതിപ്പ് തോന്നി.
'' കാര്യമില്ല മാഡം ജി മൂന്ന് കമ്പനികളിലായി അഞ്ചോളം നമ്പർ ഞാൻ മാറ്റി കളഞ്ഞു. എന്നിട്ടും അവൻ എന്നെ കണ്ടുപിടിക്കുന്നു.""
''ഹാ എന്തു കഥ? അവന് നിങ്ങളോട് എന്താണിത്ര ദേഷ്യം? ഇങ്ങനെ ചെയ്തിട്ട് അവനെന്ത് നേട്ടം? ""
'' മാഡം ജി അറിയില്ല. എനിക്ക് പേടിയാകുന്നു.""
'' ആട്ടെ ബാബുറാം. ഇനി ഞാൻ നിങ്ങൾക്ക് ഇതിൽ എന്ത് സഹായമാണ് ചെയ്യേണ്ടത്? കണ്ടുപിടിച്ചു എന്നറിഞ്ഞാൽ ഹെയ്തം നിങ്ങളെ വകവരുത്തും എന്നു പറയുന്നു. അപ്പോൾ പിന്നെ അയാളെ ഒഴിവാക്കാൻ ഒരു വഴിയേ ഉള്ളൂ.നിങ്ങൾ ഫോൺ റീചാർജ് ചെയ്യാതിരിക്കുക. അല്ലെങ്കിൽ ഫോൺ ഉപയോഗം നിറുത്തുക. അതല്ലേ വഴിയുള്ളൂ.""
''മാഡം ജി അങ്ങനെയായിരുന്നു ഞാൻ ആദ്യം കരുതിയത്. പക്ഷേ അവൻ എന്നെ വിളിച്ച് എങ്ങനെയെങ്കിലും റീചാർജ് ചെയ്യിച്ചിരിക്കും. ഒരു കാര്യമുണ്ട് മാഡംജി എനിക്കിപ്പോൾ ഹെയ്തം വിളിച്ചില്ലെങ്കിൽ എന്റെ ജീവിതത്തിൽ ആരുമില്ലാത്തത് പോലെയാണ്. അവനെ കണ്ട് പിടിച്ച് ശിക്ഷിക്കാനല്ല എന്റെ ഉദ്ദേശം. മറിച്ച് കോളുകൾ വിളിച്ച് എന്റെ പൈസ കളയരുത് എന്ന് അഭ്യർത്ഥിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവന്റെ സൗഹൃദം എനിക്ക് വേണം.""
ഇത്രയേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും ഹെയ്തമിന്റെ സൗഹൃദം ബാബുറാം ആഗ്രഹിക്കുന്നു എന്നത് എന്നിൽ വളരെയേറെ വിസ്മയം ജനിപ്പിച്ചു.
''നിങ്ങൾക്കത് അവനോട് തന്നെ പറഞ്ഞൂടെ ബാബുറാം? " "
''ഇല്ല മാഡം ജി... എനിക്കവനെ പേടിയാണ്. നിങ്ങൾക്കേ അതിന് സാധിക്കൂ. ""
''വിചിത്രം തന്നെ ബാബുറാം.""
'' നിങ്ങളുടെ കമ്പനിയുടെ ടെലിഫോൺ കേബിളുകളുടെ ഇടയിൽ എവിടെയോ അവനുണ്ട് മാഡം ജി. ഈ ലോകത്ത് എന്നെ സ്ഥിരമായി ബന്ധപ്പെടുന്ന ഒരേയൊരു വ്യക്തി അവനാണ്. എനിക്കവനെ കണ്ടുപിടിച്ചേ മതിയാകൂ." "
''ബാബുറാം... നിങ്ങൾ ഒരു കാര്യം മനസിലാക്കണം. ഇത് പൈപ്പ് ലൈനിൽ ഒളിച്ചിരിക്കുന്നവനെ പുറത്തുകൊണ്ടുവരുന്ന പോലെയുള്ള ഒരു ജോലിയല്ല ടെക്നോളജിയാണ്. ഹാ അതിനെക്കുറിച്ച് നിങ്ങൾക്കെന്തറിയാനാണ്...എന്തായാലും മറ്റന്നാൾ ഓഫീസിലേക്ക് വരൂ." "
ബാബുറാം ഞാൻ ആവശ്യപ്പെടാതെ തന്നെ പച്ചക്കറികൾ വണ്ടിയിലേക്ക് വച്ചുതന്നു. ഞാൻ കൊടുത്ത പൈസ വാങ്ങാൻ നിൽക്കാതെ അയാൾ പോയി. അയാളെ ഇങ്ങനെ പരിഹസിക്കേണ്ടിയിരുന്നില്ല പാവം!
പിറ്റേന്ന് ഹെഡ് ഓഫീസിൽ നിന്നും ഐ.ടി സൂപ്പർ വൈസർ സുബ്രഹ്മണ്യസ്വാമി വിളിച്ചു. ബാബുറാം അവകാശപ്പെട്ട പോലെ ഹെയ്തം അയാളെ വിളിച്ചു എന്നു പറയുന്ന നേരത്തോ അതിനടുത്ത സമയത്തോ ഒരു വിളിപോലും അയാളുടെ മൊബൈലിലേക്ക് വന്നിട്ടില്ല എന്ന് സ്വാമി തറപ്പിച്ചു പറഞ്ഞു.
''അപ്പോൾ കക്ഷി നിങ്ങളെ കളിപ്പിക്കുകയാണ്. ""
ബ്രാഞ്ച് മാനേജർ കളിയാക്കി.
''അല്ല സർ... എവിടെയോ എന്തോ കുഴപ്പമുണ്ട്. എനിക്ക് നെറ്റ് വർക്ക് ഡിപ്പാർട്ട്മെന്റുകാരുടെ മറുപടി കൂടി ലഭിക്കട്ടെ അതിനുശേഷം നമ്മൾക്കൊരു തീരുമാനത്തിലെത്താം.""
ടെക്നോളജിയേക്കാൾ മനുഷ്യന്റെ വാക്കുകളെയും അവന്റെ വികാരങ്ങളെയുമാണ് എനിക്ക് വിശ്വാസം എന്ന് ആ വാക്കുകളിലൂടെ ഞാൻ പറയാതെ പറഞ്ഞു. പിറ്റേന്ന് ബാബുറാം ഉച്ചയോടടുത്ത് ഓഫീസിലെത്തി.
'' നിങ്ങൾ നുണ പറയുകയായിരുന്നല്ലേ. നിങ്ങളെത്തേടി ഒരു ഹെയ്തമിന്റെയും കോൾ വന്നിട്ടില്ല. നിങ്ങൾ പറഞ്ഞ സമയങ്ങളിലൊന്നും ഹെയ്തം നിങ്ങളെ വിളിച്ചിട്ടില്ല. നിങ്ങൾ ഒന്നില്ലെങ്കിൽ സത്യം പറയണം. അല്ലെങ്കിൽ ഇവിടെ നിന്നും പോകണം.""
ഇത്രയും കടുപ്പിച്ച് ഞാൻ ഒരാളോടും ഇന്നേവരെ സംസാരിച്ചിട്ടില്ല.
''ഞാൻ പറഞ്ഞതത്രയും സത്യമാണ് മാഡംജി. പക്ഷേ അത് തെളിയിക്കാൻ എനിക്കാവുന്നില്ലല്ലോ. ക്ഷമിക്കണം. "
ബാബുറാം തിരിഞ്ഞുനടന്നു.
****************
'' ഹഹഹഹഹഹ്""
ഒരു വലിയ പൊട്ടിച്ചിരിയായിരുന്നു മാത്യൂസിന്റെ പ്രതികരണം.
''അയാൾക്ക് മൂത്ത വട്ടാടോ. ഇത് മനസിലാക്കാൻ സാധിക്കാതെ പോയ നിന്ന് കുറിച്ചോർത്താ എന്റെ സഹതാപം മുഴുവൻ. ""
''മാത്യൂസ് അയാൾക്ക് വട്ടൊന്നുമില്ല. പൂർണബോധത്തിലാണ് സംസാരം.""
''ഊർമിള, നീ ഒരു കാര്യം മനസിലാക്കണം. ഭ്രാന്ത് പലതരത്തിലുണ്ട്. എല്ലാ ഭ്രാന്തന്മാരും തുണി പറിച്ചോടുന്നവരോ, ഉറയ്ക്കാത്ത ദൃഷ്ടിയുള്ളവരോ അല്ല. നീയിപ്പറഞ്ഞ ബാബുറാമിന്റെ പ്രശ്നം അപര വ്യക്തിത്വവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഭ്രാന്തിന്റെ വകഭേദമായിരിക്കും.""
''മാത്യൂസിന് അതെങ്ങനെ അറിയാം? ഞാൻ ബാബുറാമിന് വേണ്ടി വാദിക്കുവാൻ തീരുമാനിച്ചു.""
മാത്യൂസ് കട്ടിലിൽ കാലുകൾ നീട്ടിയിരുന്ന് ഒരു പ്രസംഗത്തിനുള്ള കോപ്പ് കൂട്ടി.
''ടെക്നിക്കലി പോസിബിൾ അല്ലാത്തൊരു കാര്യമാണ് അയാൾ പറയുന്നത് എന്ന് മാത്രമല്ല അയാൾ പറയുന്നതിൽ യാതൊരു തെളിവുമില്ല. ഈ പറഞ്ഞ ഹെയ്തം അയാളെ വിളിച്ചതിന് വരെ തെളിവില്ല. പിന്നെന്താ വല്ല പ്രേതമോ ഭൂതമോ മറ്റാണോ ഈ ഹെയ്തം? ചുമ്മാ വെളിവില്ലാതെ ഓരോരുത്തന്മാർ പറയുന്നതും കേട്ട് വിശ്വസിക്കാൻ കുറേ ആൾക്കാരും ഒന്നില്ലെങ്കിൽ അവൻ മുഴുകഞ്ചാവാ. അല്ലെങ്കിൽ അവൻ ഒരു മാനസിക രോഗിയാ. ""
''ങ്ങാ...പിന്നെ നീ വേണമെങ്കിൽ രണ്ടുമൂന്ന് സിനിമകൾ കണ്ട് നോക്ക്.""
''ഐഡന്റിറ്റി, ഫ്രാങ്കി& ആലീസ്, ഓ...സോറി നിനക്ക് ഇംഗ്ളീഷ് പടങ്ങൾ ഇഷ്ടമല്ലല്ലോ അല്ലേ. എന്നാ പോയി ഒന്നുകൂടി മനസ്സിരുത്തി ആ മണിച്ചിത്രത്താഴ് കാണ്. അപ്പൊ നിനക്ക് കാര്യങ്ങളുടെ കിടപ്പ് മനസിലാകും.""
ഇത്രയും പറഞ്ഞു കൊണ്ട് മാത്യൂസ് ഉറങ്ങാൻ പോയി.
പിറ്റേന്നുതന്നെ ബാബുറാമിനെ കാണണമെന്നും നിസഹായനായ ഒരു മനുഷ്യജീവിയോട് ഒരല്പം കാരുണ്യത്തോടെ സംസാരിക്കണമെന്നും ഞാൻ തീരുമാനിച്ചു. അപ്പോൾതന്നെ ഞാൻ എന്റെ സുഹൃത്തും സാമൂഹ്യപ്രവർത്തകയുമായ എമിലിമറിയത്തിന് വാട്സാപ്പ് അയച്ചു.
''എനിക്ക് നാളെയൊരു സഹായം വേണം. ഒരു മനുഷ്യനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാനാണ്. ""
എമിലി മറുപടി അയക്കാതെ അപ്പോൾതന്നെ എന്നെ ഫോണിൽ വിളിച്ചു ബാബുറാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞാൻ അവളോട് പങ്കുവച്ചു.
''ഊർമിളേ നിന്റെ മാത്യൂസ് പറഞ്ഞതിനെ അങ്ങനെ തള്ളിക്കളയാനൊക്കില്ല. ഈ 3 ജി, 4 ജി യുഗത്തിൽ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരുണ്ട്. കാലത്തിന്റെ കളിയാണ്. പഴയൊരു മൊബൈലുമായി മറ്റുള്ളവരുടെ ഒപ്പം ഓടിയെത്താൻ കഴിയാതെ കിതയ്ക്കുന്ന വിളിക്കാനും പറയാനും സൗഹൃദം പങ്കിടാനും ആരുമില്ലാത്തവർ. തിരക്കുള്ള മനുഷ്യർക്കിടയിൽ കിടന്ന് ശ്വാസം മുട്ടുന്നവർ. നിനക്ക് കേൾക്കുമ്പോൾ ആശ്ചര്യം തോന്നും. എന്നാൽ പല വീടുകളിലും ജോലി സ്ഥലങ്ങളിലും കാണാം ഇങ്ങനെ ചിലരെ. എന്തായാലും ഞാൻ അയാളുമായി സംസാരിക്കട്ടെ. ഒക്കെ നമ്മൾക്ക് ശരിയാക്കാമെന്നേ. ""
എമിലി എന്നെ സമാധാനിപ്പിച്ച് ഫോൺ വച്ചു.
ഇത് അവൾ പരിഹരിച്ചുകൊള്ളും. അത്യാവശ്യം നല്ലൊരു സൈക്കോളജിസ്റ്റ് കൂടിയാണ് കക്ഷി. എനിക്ക് എന്തോ നല്ല ആശ്വാസം തോന്നി.
പിറ്റേന്ന് മാത്യൂസ് നീട്ടിപ്പിടിച്ച പത്രത്താളിൽ ഒരു വാർത്ത കാണിച്ചുതന്നു.
''അന്യസംസ്ഥാന തൊഴിലാളി കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിരിക്കുന്നു. നാല്പത്തിയഞ്ചുകാരനായ ജാർഖണ്ഡ് സ്വദേശി ബാബുറാമാണ് ആത്മഹത്യ ചെയ്തത്""
''മാത്യൂസ് കണ്ടോ... ഹെയ്തം അയാളെ കൊന്നിരിക്കുന്നു. എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല ""
'' നിനക്കും പകർന്ന് വട്ട്?""
''മാത്യൂസ്...അയാളിലെ ഏകാന്തതയുടെ പേരായിരുന്നു ഹെയ്തം.""
അന്നേരം നേർത്ത ശബ്ദത്തിൽ മാത്യൂസ് പറഞ്ഞു.
''വിഷമിക്കാതെ നീ ഇങ്ങനെ ഒരു പാവമാകല്ലേ. വേഗം ഓഫീസിൽ പോകാനൊരുങ്ങൂ. ഇവിടെയിരുന്നാൽ നീ ഓരോന്ന് ചിന്തിച്ച് കൂട്ടും.""
''ഞാനൊന്ന് മനസ് വച്ചിരുന്നെങ്കിൽ അയാളെ രക്ഷിക്കാമായിരുന്നോ മാത്യൂസ്?""
മാത്യൂസ് ഒന്നും മിണ്ടാതെ എന്നെ ചേർത്തുപിടിച്ചു.
ബാബുറാമിന്റെ നമ്പറിൽ നിന്നും അയാളല്ലാതെ മറ്റാരും വിളിക്കുന്നില്ല എന്ന നെറ്റ് വർക്ക് ഡിപ്പാർട്ട്മെന്റ് തലവന്റെ ഇ-മെയിൽ എനിക്ക് അയച്ചു കൊണ്ട് ബ്രാഞ്ച് മാനേജർ അതിനു മുകളിൽ എഴുതി ചോദിച്ചു.
''so, can we close the case?""
എന്റെ മറുപടി വളരെ ചെറിയ വാക്യങ്ങളിൽ ഒതുങ്ങി.
sir,
The customer deceased. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല.
Regards,
Urmila Manohar Mathews
Customer service representative