ടി.ആർ. രാമവർമ്മ രാജ എന്ന കഥാപുരുഷന്റെ ജീവിതകഥയുടെ പൂമുഖത്ത് ദേവേന്ദ്രന്റച്ഛൻ മുത്തുപ്പട്ടർ തലയെടുപ്പോടെ നിൽപ്പുണ്ട്! സർവ ആടയാഭരണ വിഭൂഷണങ്ങളോടും കൂടി! എന്തെന്നാൽ, ടിയാന്റെ ഭവനത്തെയാണല്ലോ പണ്ടുപണ്ട് ദേവതകൾ ഒരു കലഹവും ഇല്ലാത്തതായി ചൂണ്ടിക്കാട്ടിയത്. ഇവിടെ, കനകക്കുന്നിലെ ഒരു പ്രഭാതപരിക്രമണവേളയിൽ, നവതി പിന്നിട്ട് മൂന്നാണ്ടു കഴിയുമ്പോഴും ഒരു മുപ്പതുകാരന്റെ പ്രസരിപ്പോടെ വർമ്മാജി പറയുകയാണ്; 'ഞാനും ദേവേന്ദ്രനാണ്! എന്റെ വീട്ടിലും ഏഴുപതിറ്റാണ്ടായി കലഹമേയില്ല..! "ധർമ്മപത്നി, ഇന്ദിരാംബിക എന്ന മാതാജിയും ഈ പ്രഖ്യാപനത്തെ തലകുലുക്കി പിന്തുണയ്ക്കുന്നുണ്ട്. 'ഈ തൊണ്ണൂറ്റിമൂന്നാം വയസിലും അദ്ദേഹം എനിക്കൊരല്ലലും തരുന്നില്ല." മെയ്ഡ് ഫോർ ഈച്ച് അദർ ആണ് ഈ പ്രായത്തിലും ഈ ദമ്പതികൾ!
മദ്യവർജ്ജനവും വർമ്മാജിയും
വീരശൂരപരാക്രമിയായ ഈ രാമവർമ്മ തിരുമനസ് പണ്ടുപണ്ട് ഇ.എം.എസിനും പട്ടത്തിനുമൊക്കെ മുമ്പ്, തിരുവിതാംകൂറിൽ എക്സൈസ് ഇൻസ്പെക്ടറായിരുന്നു... അന്നും ഇന്നും മദ്യമുണ്ട്.'വ്യാജ"നും 'ഡ്യൂപ്ലി"യും 'വാറ്റു"മുണ്ട്. താൻ മദ്യപിക്കില്ലെങ്കിലും ശുദ്ധമായ മദ്യത്തിന്റെ ഉപഭോഗത്തെ സാക്ഷാൽ ധർമ്മരാജായ്ക്ക് പോലും തടയാനാവില്ല. അപ്പോൾ പിന്നെ നിരോധനം തീർത്തും അസാദ്ധ്യം. വർജനം പ്രോത്സാഹിപ്പിക്കുകയേ നിവൃത്തിയുള്ളൂ.
1962 കാലം. അമരവിളയിൽ നിന്നാണ് കായംകുളത്തേക്കു മാറ്റമായി വരുന്നത്. അടുത്ത ഷാപ്പുലേലത്തിന് ഡിപ്പാർട്ട്മെന്റിന് നല്ല വരുമാനം വേണമെന്നായിരുന്നു മേലാവിൽ നിന്നുള്ള നിർദേശം. ഡെപ്യൂട്ടി കമ്മീഷണർ കുഞ്ഞാലിക്കുട്ടിസാറായിരുന്നു ട്രാൻസ്ഫറിന് പിന്നിൽ. ഭാര്യാസഹോദരൻ വിജയനുമൊത്ത് കൃഷ്ണപുരം കൊട്ടാരത്തിൽ പാർപ്പുതുടങ്ങി. അങ്ങനെ അവിടെ കഴിയുമ്പോൾ ശക്തൻ തമ്പുരാന്റെ ആറാം തലമുറയിൽപെട്ട ഉദയവർമ്മ രാജയ്ക്കും വേഷപ്രച്ഛന്നനായി പ്രജാ (മദ്യ)ക്ഷേമം പാലിക്കാൻ അഭിനിവേശം! സഹോദരനുമൊത്തായിരുന്നു വ്യാജസങ്കേതങ്ങൾ തേടിയുള്ള ആ നിശാസഞ്ചാരങ്ങൾ. പുതുപ്പള്ളിയായിരുന്നു അന്ന് വ്യാജന് കുപ്രസിദ്ധം. വാറ്റുനടക്കുന്ന വീടുകൾ സ്പോട്ട് ചെയ്തുവച്ചു. ഓപ്പറേഷൻ വ്യാജന്റെ ബ്ലൂപ്രിന്റ് തയാറാക്കി. നാളും നേരവും നോക്കാതെ റെയ്ഡിനിറങ്ങാൻ സഹപ്രവർത്തകരെ ക്ഷണിച്ചു. തുടക്കത്തിൽ തന്നെ കല്ലുകടി. ആർക്കും ഒരുത്സാഹവുമില്ല. ഏവരും മുഖം കുനിച്ച് നിൽക്കുന്നു. പ്രിവന്റീവ് ഓഫീസർ ശങ്കരപ്പിള്ള ഒടുവിൽ നിജസ്ഥിതി അറിയിച്ചു:
'സാറേ, ഇത് ഇരവിപേരൂരും തിരുവല്ലയുമൊന്നുമല്ല. എന്തിനും പോന്നവന്മാരാണ്. സൂക്ഷിക്കണം..."
(ഇരുദേശങ്ങളെയും കഥാപുരുഷൻ മുമ്പ് വ്യാജവേട്ട നടത്തി വിറപ്പിച്ചിട്ടുണ്ട്.)
'ധൈര്യമായി എന്റെ കൂടെ വരൂ..നിങ്ങളുടെ ദേഹത്ത് ഒരു തരി മണ്ണ് പോലും വീഴാതെ ഞാൻ നോക്കിക്കൊള്ളാം."
മൂന്നു പ്രിവന്റീവ് ഓഫീസർമാർ പിന്നെയും ഭയന്നു പിന്മാറി. എന്നാൽ, എക്സൈസ് ഗാർഡുമാരിൽ എട്ടുപേരും അനുയാത്രയ്ക്ക് തയ്യാറായി. റെയ്ഡിൽ അനിഷ്ടസംഭവങ്ങൾ ഒന്നുമേ ഉണ്ടായില്ല! സ്പോട്ട് ചെയ്തുവച്ചിരുന്ന വീടുകളിൽ നിന്നു വ്യാജൻ പിടികൂടി മഹസർ തയ്യാറാക്കുമ്പോൾ പ്രിവന്റീവ് ഓഫീസർമാരും സ്ഥലത്തെത്തി.ശങ്കരപ്പിള്ള ലീവിൽ പ്രവേശിക്കാൻ പോകുന്നുവെന്ന വാർത്ത അറിയിക്കുവാനാണ് അവരെത്തിയത്! എന്നാൽ പിന്നീടയാൾ ലീവ് പിൻവലിച്ചു.
അബ്കാരി കുത്തകയ്ക്കെതിരെ
അക്കാലത്ത്, കായംകുളത്ത് ഒരു ഷാപ്പ് കോൺട്രാക്ടർ ഉണ്ടായിരുന്നു. അയാൾക്കെതിരെ ലേലം കൊള്ളാൻ ആരും ധൈര്യപ്പെടില്ല. ലേലം കൊണ്ടാൽ തന്നെ നേരാം വണ്ണം ഷാപ്പ് നടത്തിക്കൊണ്ടുപോകാൻ ഗുണ്ടകൾ സമ്മതിയ്ക്കില്ല. ചെറിയ തുകയ്ക്ക് ലേലത്തിൽ പിടിച്ച്, വലിയ തുകയ്ക്ക് മറിച്ചു വിൽക്കുകയായിരുന്നു അയാളുടെ അടവ്. ഓണാട്ടുകരയിൽ അക്കാലത്ത് വ്യാജന്മാർ കൊഴുക്കാൻ കാരണവും ഈ അബ്കാരിയായിരുന്നു. ചില ഷാപ്പുകൾ ഇയാളുടെ നേരിട്ടുള്ള മേൽനോട്ടത്തിലും നടത്തും. അവിടങ്ങളിൽ അധികം വരുന്ന കള്ള് പുളിപ്പിച്ച് വിനാഗിരിയാക്കാൻ വിടില്ല. വാറ്റി വ്യാജനാക്കും! ഇടലാഭം കൊണ്ട് കൊഴുത്ത ഈ അബ്കാരിയെ ഒതുക്കേണ്ടത് ഡിപ്പാർട്ട്മെന്റിന്റെയും ആവശ്യമായി. അപ്പോഴാണ് ഒരു ദാമോദരൻ കോൺട്രാക്ടർ വർമ്മാജിയെ രഹസ്യമായിക്കണ്ട് അഭ്യർത്ഥിക്കുന്നത് ; 'സാറ് എന്നെ ഒന്ന് സഹായിക്കണം.കഴിഞ്ഞ തവണ ഷാപ്പ് താരാമെന്നുപറഞ്ഞു അയാളെന്നെ പറ്റിച്ചു". ഏറ്റവും പുറകിലിരുന്നു വിളിച്ച് ലേലത്തുക കൂട്ടണമെന്നും അബ്കാരി ആര് തനിക്കെതിരെ ലേലം വിളിക്കുന്നുവെന്നു മനസിലാക്കാൻ തിരിഞ്ഞുനോക്കുന്നതിന് മുമ്പ് ഇരിക്കണമെന്നും വർമ്മാജി കോൺട്രാക്ടർക്ക് നിർദേശം നൽകി. ലേലം തുടങ്ങി. അതാ, ലേലത്തുക പടിപടിയായി ഉയരുന്നു! തലേന്നാൾ നടന്ന പത്തനംതിട്ട ലേലം മോശമായതിൽ അരിശം പൂണ്ടിരിക്കുകയായിരുന്ന ബോർഡ് മെമ്പർ ഗോവിന്ദമേനോന്റെ മുഖം സുപ്രസന്നം!
അക്കൊല്ലം 'കുത്തക അബ്കാരിക്ക് " ഇടലാഭം തീരെ ലഭിച്ചില്ല.എന്നാൽ കുത്തകയെ എതിർത്തതിന്റെ ഔദ്യോഗിക പ്രതികരണം വർമ്മാജിയെത്തേടി വൈകാതെ എത്തി. ഒരു ദിവസം 'കുത്തക" യുടെ വീട്ടിൽ നിന്ന് ഒരു ഫോൺ കാൾ. അസിസ്റ്റന്റ് കമ്മീഷണറായിരുന്നു ലൈനിൽ.'താൻ ഒന്ന് ഇവിടെവരെ വരണം.' ചെന്നപ്പോൾ ഒരു ഗ്ലാസ് നാരങ്ങാവെള്ളം നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു; 'പൊട്ടക്കനയം നമ്മുടെ ആളാണ്. വർമ്മയും അങ്ങനെതന്നെ കാണണം." സല്യൂട്ട് നൽകി തിരികെപ്പോന്നു. വൈകാതെയെത്തി,തിരുവനന്തപുരത്ത് ഫ്ളയിംഗ് സ്ക്വാഡിലേക്ക് ട്രാൻസ്ഫർ.
കൊലകൊല്ലി ലക്ഷ്മണൻ
വെട്ടും കുത്തുമൊന്നും പുത്തരിയല്ലാത്ത ഭീകരരായിരുന്നു അക്കാലത്തെയും വാറ്റുകാർ. കൗമാരത്തിൽ പഠിച്ച കളരിമുറകൾ പയറ്റിനോക്കാൻ ഇത് പലേടത്തും അവസരമൊരുക്കി. കളിയിക്കാവിളയിലെ പഴയ ഉച്ചക്കടയിൽ ചാർജെടുത്ത ആഴ്ചയിൽ, വരുന്നൂ ഒരു ഊമക്കത്ത്. ലക്ഷ്മണൻ എന്ന കുപ്രസിദ്ധ വാറ്റുകാരനെക്കൊണ്ട് പൊറുതിമുട്ടിയ ഒരു നാട്ടുകാരന്റേതായിരുന്നു കത്ത്. ലക്ഷ്മണൻ വേട്ടയ്ക്കിറങ്ങുമ്പോൾ കൂടെ വരാൻ ഗാർഡുമാരിൽ മിക്കവർക്കും ഭയം. വർമ്മാജീസംഘം സ്പോട്ടിലെത്തും മുന്നേ പൊന്തക്കാട്ടിൽ നിന്ന് ലക്ഷ്മണൻ ചാടിവീണു. വർമ്മാജിക്ക് അടവ് പിഴച്ചില്ല, നേരേ തിരിഞ്ഞുനിന്ന് ഇടതുമുട്ടുകൊണ്ട് നെഞ്ചാംകൊട്ടയ്ക്ക് ഒരൂന്ന്! വലതുകൈകൊണ്ട് വെട്ടുകത്തിക്കയ്യിൽ ഒരു തട്ട്! അന്ന് ഒഴിപ്പുനിർത്തിയ ലക്ഷ്മണൻ പിന്നീടെന്നും മർമ്മം നോക്കി പെരുമാറാനറിയുന്ന ഇൻസ്പെട്ടരേമാനെ ഭയഭക്തിബഹുമാനങ്ങളോടേ കണ്ടിട്ടുളളൂ! ഇരവിപേരൂർ റേഞ്ചിലെ വെണ്ണിക്കുളത്താണ് വിദഗ്ദ്ധയായ ആ വില്ലത്തി വാണിരുന്നത്. ഒഴിപ്പുകാരിയായതിനാൽ നേരിട്ട് ചെന്ന് ഓടിച്ചിട്ടുപിടിക്കുക പ്രയാസം. മുഷിഞ്ഞ കൈലിയും ഷർട്ടുമണിഞ്ഞ്, ചുട്ടിത്തോർത്തും തോളിലിട്ട്, മിനുങ്ങാൻ ചെന്ന പശുക്കച്ചവടക്കാരന് ഒരു ബുദ്ധിമുട്ടുമില്ലാതെ സാധനം കിട്ടി. എന്നാൽ പ്രതിയെ പിടികൂടാൻ ശ്രമിക്കവേ നായികയുടെ ബോഡീഗാർഡ് പിന്നിൽ നിന്ന് കഠാരയുമായി കുത്താനാഞ്ഞു. ഗാർഡ് ഇടിക്കുള സമയോചിതമായി കുത്ത് തടുത്തില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ, ഇത് പറ
യുവാൻ ആളുണ്ടാകുമായിരുന്നില്ല.
വെള്ളത്തിലാശാന്മാർ
ഇരവിപേരൂർ റേഞ്ചിലെ തന്നെ കുമ്പനാട്ടാണ് ഈ സംഭവം നടക്കുന്നത്. ഒരു കൃഷിയിടത്തിലായിരുന്നു വ്യാജ വിൽപ്പന. പതിവുപോലെ ഒഴിപ്പുകാരനെ ഓടിച്ചിട്ടു പിടിച്ചു. സാധനം ഒളിപ്പിച്ചുവെച്ചിരുന്ന സ്ഥലമായിരുന്നു വിചിത്രം; ചേമ്പുകൃഷിവാരത്തിലെ വെള്ളത്തിനടിയിൽ. ഇവിടെയും വേഷപ്രച്ഛന്നനായായിരുന്നു വേട്ട. ഓർമ്മയിൽ ഇന്നും മങ്ങാതെ നിൽക്കുന്നൂ,സർവീസ് സ്റ്റോറിക്ക് കൊഴുപ്പേകുന്ന ചില സഹപ്രവർത്തകരുടെ വിക്രിയകൾ. ചെങ്ങന്നൂർ കല്ലിശ്ശേരി ഷാപ്പിൽ പരിശോധനയ്ക്ക് ചെന്നപ്പോൾകണ്ട കാഴ്ച ഇന്നും മറന്നിട്ടില്ല: ഷാപ്പിലെ ബെഞ്ചിൽ സുഖനിദ്രയിലാണ്ടിരുന്ന വ്യക്തിയെ കണ്ട് ഞെട്ടിപ്പോയി. കാലത്ത് സാമ്പിൾ ശേഖരിക്കാനായി പറഞ്ഞുവിട്ട പ്രിവന്റീവ് ഓഫീസറായിരുന്നു വിദ്വാൻ!
തീർത്തും ആസ്വാദ്യകരവും ചിരന്തന സംതൃത്വവും മുപ്പതു വർഷത്തെ ഈ എക്സൈസ് ജീവിതം. എന്നാൽ മർമ്മത്തിൽ തൊട്ടുള്ള ചില ഔദ്യോഗിക നടപടികൾ രാഷ്ട്രീയ ഇടപെടലുകൾ ക്ഷണിച്ചു വരുത്താതെയുമിരുന്നില്ല.1955 ൽ എക്സൈസ് ഇൻസ്പെക്ടറായി തൃശൂരിൽ ചാർജെടുത്തപ്പോൾ നടത്തിയ ടിഞ്ചർസിഞ്ചിബെറീസ് വേട്ട ഏറെ വിവാദം സൃഷ്ടിച്ചു. (ആൽക്കഹോൾ ചേർന്ന ഒരു മരുന്നാണ് ടിഞ്ചർ. ചുക്ക് ചേർന്ന മരുന്നാണ് സിഞ്ചിബെറീസ്. സിഞ്ചിബെറീസിൽ ഒന്നര ഇരട്ടി വെള്ളം ചേർത്താൽ ഒന്നാന്തരം ചാരായമായി.) ഏറെ രാഷ്ട്രീയ സ്വാധീനമുള്ള ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് ഇവ 'വ്യാജനായി" ഒഴുകിക്കൊണ്ടിരുന്നത് വർമ്മാജി പിടിച്ചെടുത്തു. തലസ്ഥാനത്തെ പബ്ലിക് ഓഫീസിൽ നിന്ന് വൈകാതെ വരുന്നൂ ഒരു ഇണ്ടാസ്; ഷോക്കോസ് നോട്ടീസ്!
1979ൽ കൊല്ലം അസിസ്റ്റന്റ് കമ്മീഷണറായിരിക്കേ, 22 ഗാർഡുമാരെ പ്രിവന്റീവ് ഓഫീസർമാരായി പ്രൊമോട്ട് ചെയ്തതും ഒരാളെ ഗാർഡായി തരംതാഴ്ത്തിയതും അന്നത്തെ ഭരണകക്ഷിയിൽ പെട്ട പ്രബലനായ ഒരു ട്രേഡ് യൂണിയൻ നേതാവിന് രുചിച്ചില്ല. പ്രമോഷന്റെ പേരിൽ തടയേണ്ടത് തടയാത്തതായിരുന്നു അപ്രീതിക്ക് കാരണം! ഗാർഡായി തരാം താഴ്ത്തിയ വ്യക്തിയെക്കൊണ്ട് ഹൈക്കോടതിയിൽ കേസുകൊടുപ്പിച്ചായിരുന്നു അയാൾ പ്രതികാരം വീട്ടിയത്. എന്നാൽ കോടതി പറഞ്ഞു;' ഇയാളെ ആറ് മാസം മുമ്പേ തരം താഴ്ത്തേണ്ടതായിരുന്നു!"പ്രിവന്റീവ് ഓഫീസർ ടെസ്റ്റ് പാസാകാതെ പിൻവാതിലിലൂടെ നിയമനം നേടിയ വിദ്വാനായിരുന്നു കക്ഷി. 1968ൽ മികച്ച എക്സൈസ് ഇൻസ്പെക്ടർക്കുള്ള രാമൻപിള്ള മെമ്മോറിയൽ സ്വർണമെഡൽ. സ്തുത്യർഹ സേവനത്തിനുള്ള മറ്റനേകം കാഷ് അവാർഡുകൾ കേരളത്തത്തിലങ്ങോളമിങ്ങോളം ഇരുപത്തിയേഴുസ്ഥലങ്ങളിലെ സംഭവബഹുലമായ സേവനാനുഭവങ്ങൾ. 1985ൽ സാഹസിക മദ്യാനുഭവങ്ങളുടെ വലിയൊരു രസക്കുടുക്കയുമായി സ്വസ്ഥം ഗൃഹഭരണം എന്ന രണ്ടാം യുവത്വത്തിലേക്ക്.
കൂടുമ്പോൾ ഇമ്പമുണ്ടാകുന്നിടം
അച്ഛൻ കൊട്ടാരക്കര ഏറ്റിക്കട മഠത്തിൽ നാരായണൻ നമ്പൂതിരി, അമ്മ തുളിശാല കോയിക്കൽ തങ്കമ്മ തമ്പുരാട്ടി. അമ്മാവൻ രാമവർമ്മ തമ്പുരാന്റെയും നെടുമുടി കൊച്ചുമാത്തൂർ കൗമാരികുഞ്ഞമ്മയുടെയും മകൾ ഇന്ദിരാംബികയാണ് വർമ്മാജിയുടെ ഭാര്യ മോഹൻ (റിട്ട. ബാങ്ക് മാനേജർ), പ്രമീള ( വീട്ടമ്മ ),സുരേഷ് ബാബു (ബാർക്ക് ശാസ്ത്രജ്ഞൻ), കൃഷ്ണകുമാർ (ദുബായ് ), അനിൽകുമാർ എന്നിവർ മക്കൾ. 94ാം വയസിലും നിറഞ്ഞ പ്രസരിപ്പും ഉള്ളുണർത്തുന്ന നർമ്മച്ചീന്തുകളുമായി പാങ്ങോട് വിവേകാനന്ദ നഗറിലെ വീട്ടിൽ തിരുവല്ല കടപ്ര തുളിശാല കോയിക്കൽ രാമവർമ്മ രാജ എന്ന കേരളത്തിലെ ഏറ്റവും പ്രായം ചെന്ന ഈ സീനിയർ റിട്ടയേർഡ് എക്സൈസ് ഉദ്യോഗസ്ഥനുണ്ട്. തൊണ്ണൂറ്റിനാലാം വയസിലും ഒറ്റയ്ക്ക് നഗരത്തിലെവിടെയും സ്കൂട്ടറിലും കാറിലും ചെത്തി നടക്കുന്ന ഒരത്ഭുത പ്രതിഭാസമായി.
(ലേഖകന്റെ ഫോൺ : 93498 74528)