ഒരേ പോലെ ഗുണഗണങ്ങളുള്ള ഭാര്യഭർത്താക്കന്മാർ കുറവായിരിക്കും. ചിലർ കാഴ്ചയിൽ വളരെ അനുരൂപരായിരിക്കും. പക്ഷേ സ്വഭാവത്തിൽ വ്യത്യസ്തത വരാം. ഒരാൾ ചൂടൻ. മറ്റേയാൾ സൗമ്യ. ഒരാൾ സുന്ദരൻ, മറ്റേയാൾ നിറം കുറഞ്ഞത്. വിദ്യാഭ്യാസം, സമ്പത്ത്, കുടുംബമഹിമ തുടങ്ങി പൊള്ളയായ പലകാര്യങ്ങളിലും ഏറ്റക്കുറച്ചിലുകൾ വരാം. കഴിഞ്ഞമാസം എൺപതുകഴിഞ്ഞ ഭാരതിയമ്മയുടെ ജീവിതനിരീക്ഷണങ്ങൾ ഇങ്ങനെ പോകുന്നു. ഭൂമിയിൽ നല്ലൊരു വിത്ത് കുഴിച്ചിട്ടാൽ അത് വെറുതെയാവില്ല. അതിന്റെ സമയമാകുമ്പോൾ മുളയ്ക്കും. അതുപോലെയാണ് നാം ചെയ്യുന്ന കർമ്മങ്ങളും. പ്രഭാകരന്റെ ജീവിതം അതിനുദാഹരണമായി മുത്തശ്ശി അവതരിപ്പിച്ചു.
പ്രഭാകരൻ നടത്തയിലും സംസാരത്തിലും ചിന്തയിലും വേഗതയുള്ളവൻ. റിട്ടയർ ചെയ്തു ആറുമാസം മുമ്പ് രോഗം വന്നതും വേഗത്തിൽ തന്നെ. രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു പരിശോധന. ഒരു കുഴപ്പവുമില്ലെന്ന് കുടുംബാംഗങ്ങളോട് കളവ് പറഞ്ഞു. പിന്നീട് ചില സുഹൃത്തുക്കളെ കാണാനെന്ന പേരിലാണ് ആശുപത്രിയിലും പരിശോധനകൾക്കും പോയത്. ഒരു ദിവസം ബാങ്കിൽ വച്ചിരുന്ന ആധാരം ഭാര്യയുടെ കൈയിൽ ഏല്പിച്ചു. ഒപ്പം ഒരു പാസ് ബുക്കും. അതിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു.
ഒരാഴ്ച കഴിഞ്ഞ് ഭാര്യ ബാങ്കിൽ ചെല്ലുമ്പോഴാണ് ഭർത്താവിന്റെ ഗുരുതരമായ അസുഖത്തെക്കുറിച്ച് സൂചനകിട്ടിയത്. ദീർഘമായ അവധി ദിവസങ്ങൾക്ക് തൊട്ടുമുൻപത്തെ പ്രവൃത്തിദിനം പോലെ ചെയ്യാനുള്ള കാര്യങ്ങൾ അതിവേഗത്തിൽ പ്രഭാകരൻ ചെയ്തു തീർക്കാൻ ശ്രമിച്ചു. ആശങ്കയോ ഉത്കണ്ഠയോ ആ മുഖത്തുണ്ടായിരുന്നില്ല. എല്ലാവരെയും നടുക്കി നടത്തപോലെ, സംസാരം പോലെ വേഗത്തിലായിരുന്നു അവസാനയാത്രയും. കണ്ണടച്ചുതുറക്കും പോലെ എന്ന് ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്ത പലരും പറയുന്നുണ്ടായിരുന്നു.
അധികം വൈകാതെ ഭാര്യയും കിടപ്പിലായി. വിദഗ്ദ്ധ പരിശോധനകൾക്കുശേഷമാണ് പ്രഭാകരന്റെ രോഗം വീടുവിട്ട് പോയിട്ടില്ലെന്ന് മനസിലായത്. ഇത്രയും സൗമ്യയായ അവരെയും രോഗം പിടിച്ചുകളഞ്ഞല്ലോ. അവർ ഭർത്താവിന്റെ മാതാപിതാക്കളെ എത്ര നന്നായിട്ടാണ് പരിചരിച്ചത്. എന്നിട്ടും ദൈവം കനിഞ്ഞില്ലല്ലോ എന്നൊക്കെ പലരും അടക്കം പറഞ്ഞു. രോഗം കലശലാണെന്ന് ഡോക്ടറും ബന്ധുക്കളും വിധിയെഴുതിയെങ്കിലും രോഗിക്ക് ഒരു കൂസലുമുണ്ടായില്ല. ഇടയ്ക്കിടെ രക്തം ഛർദ്ദിക്കും. അതു തുടച്ചിട്ട് അവർ പുഞ്ചിരിക്കും. മരുമകൾ ഒരിക്കൽ അവർ ഛർദ്ദിച്ച രക്തം രണ്ടുകൈയും കുമ്പിളാക്കി പുറത്തുകളയുന്നത് കണ്ട് രോഗാന്വേഷണത്തിനെത്തിയ ഒരു ബന്ധു പറഞ്ഞു: മഹാഭാഗ്യവതി തന്നെ. ഇങ്ങനെയൊരു മരുമകളെ ദൈവം കൊണ്ടുവന്ന് കൂട്ടിയല്ലോ. വർഷങ്ങൾക്ക് മുമ്പ് മണ്ണിൽ കുഴിച്ചിട്ട ഒരു വിത്തുമുളച്ചു അത്രേയുള്ളൂ. നാം ചെയ്യുന്ന ഒരു കർമ്മവും പാഴാകുന്നില്ല. അത് നന്മയായാലും തിന്മയായാലും - ഭാരതിയമ്മയുടെ വാക്കുകൾക്ക് തിളക്കമുണ്ടായിരുന്നു.
(ഫോൺ : 9946108220)