അഭിനയിച്ച ചിത്രങ്ങളിലെല്ലാം വിസ്മയിപ്പിച്ച നടനാണ് ആന്റണി വർഗീസ്. അപാരമായ അഭിനയശേഷി കൊണ്ട് സ്വയം അടയാളപ്പെടുത്തിയ നടൻ കൂടിയാണ്. മനസിൽ സിനിമയെ പണ്ടേ ഒളിപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു ആന്റണി അഭിനയവഴിയിലെത്തിയത്.
ചെമ്പൻ വിനോദിന്റെ ഒപ്പമുള്ള അഭിനയം?
ഒരു നടൻ എന്നതിലപ്പുറം സ്വന്തം സഹോദരനെപ്പോലെയാണ് ചെമ്പൻ ചേട്ടൻ. ചെമ്പൻ ചേട്ടൻ തിരക്കഥയെഴുതിയ അങ്കമാലി ഡയറീസിലൂടെയാണല്ലോ ഞാൻ സിനിമയിലേക്ക് വന്നത്. സിനിമയിലെ എന്റെ ഗോഡ് ഫാദർമാരാണ് ചെമ്പൻ ചേട്ടനും ലിജോ ചേട്ടനുമൊക്കെ. അവർ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് കാണുന്ന ഈ അവസ്ഥയിൽ എത്തില്ലായിരുന്നു. സിനിമയ്ക്കപ്പുറം ജീവിതത്തിൽ പാലിച്ചുപോരേണ്ട പല ഉന്നതമായ കാര്യങ്ങളെക്കുറിച്ചും ചെമ്പൻ ചേട്ടൻ എനിക്ക് പറഞ്ഞു തരാറുണ്ട്. ഒന്നിച്ചഭിനയിക്കുന്ന സമയത്ത് അഭിനയത്തിന്റെ പല ടിപ്സുകളും പറഞ്ഞു തരും. ചെമ്പൻ ചേട്ടന്റെ മാത്രം ഷോട്ട് എടുക്കുന്ന സമയത്ത് ഞാൻ സസൂക്ഷ്മം അത് കണ്ട് മനസിലാക്കാറുണ്ട്.
ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനെ വിലയിരുത്തുമ്പോൾ?
സിനിമയിൽ വരും മുൻപേ തന്നെ ഞാൻ ലിജോ ചേട്ടന്റെ കടുത്ത ആരാധകനാണ്. എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ അസിസ്റ്റന്റായി കയറാനായിരുന്നു ആഗ്രഹം. എന്നാൽ ദൈവം എങ്ങനെയൊക്കെയോ അദ്ദേഹത്തിന്റെ അടുത്ത് എന്നെ കൊണ്ടെത്തിച്ചു. നമ്മൾ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് നടക്കും എന്നാണല്ലോ. അവസാനം അങ്ങനെ തന്നെ സംഭവിച്ചു. ലോക സിനിമയ്ക്ക് മുന്നിൽ മലയാളികൾക്ക് അഭിമാനത്തോടെ ഉയർത്തിക്കാട്ടാൻ കഴിയുന്ന സംവിധായകനാണ് ലിജോ ചേട്ടൻ. വളരെ വ്യത്യസ്തമായ രീതിയിലാണ് ഓരോ സിനിമയെയും അദ്ദേഹം സമീപിക്കുന്നത്. വളരെ ചെറിയ കഥകളിൽ നിന്നൊക്കെയാണ് അദ്ദേഹം സിനിമയെന്ന വിസ്മയം തീർക്കുന്നത്. എസ് . ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയിൽ നിന്നാണ് ജല്ലിക്കട്ട് പിറവികൊള്ളുന്നത്. മാവോയിസ്റ്റും സിനിമയും തമ്മിൽ ഒരുപാട് അന്തരമുണ്ട്. സിനിമയുടെ ദൃശ്യസാദ്ധ്യതയ്ക്ക് അനുസരിച്ചാണ് ചെറുകഥയിൽ നിന്ന് വ്യത്യസ്തമായി ജല്ലിക്കട്ടിന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്.
ടൊറന്റോ ഫിലിം ഫെസ്റ്റിവലിലെ അനുഭവം ?
അമ്പത് ശതമാനം മലയാളികളും അമ്പത് ശതമാനം വിദേശികളുമായിരുന്നു ചിത്രം കാണാൻ ഉണ്ടായിരുന്നത്. മലയാളികൾ ആസ്വദിക്കാത്ത പല സീനുകളിലും വിദേശികൾ കൈയടിച്ചു ചിരിക്കുന്നത് ഞങ്ങളെ അദ്ഭുതപ്പെടുത്തി. എങ്ങനെയാണ് ഇത്രയും ആൾക്കൂട്ടത്തെ വച്ച് ഇത് ചിത്രീകരിച്ചതെന്ന് അവർ ചോദിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലുകളിലൊന്നാണ് ടൊറന്റോ ഫിലിം ഫെസ്റ്റിവൽ. അവിടെ പോകാൻ കഴിഞ്ഞത് തന്നെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. വിദേശ പ്രതിനിധികളുടെ മുന്നിൽ നിൽക്കുമ്പോൾ അന്നുവരെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ലാത്തൊരു സന്തോഷം തോന്നി. സ്റ്റേജിൽ കയറി സംസാരിക്കണമെന്നുണ്ടായിരുന്നു. ഇംഗ്ലീഷിൽ അല്പം ആത്മവിശ്വാസക്കുറവുള്ളതുകൊണ്ടു അതിന് മുതിർന്നില്ല.
ആദ്യത്തെ മൂന്നു സിനിമകളും ലിജോ ജോസ് പെല്ലിശേരിയുടെ ക്യാമ്പിൽ നിന്നാണല്ലോ?
അതെ. തീർത്തും അവിചാരിതമായി സംഭവിച്ചതാണ്. പലരും പറയുന്നത് എനിക്ക് ലിജോ ചേട്ടനുമായി കോൺട്രാക്ട് ഉണ്ടെന്നൊക്കെയാണ്. അങ്കമാലി ഡയറീസിന് ശേഷം ഞാൻ നൂറോളം തിരക്കഥകൾ കേട്ടെന്ന് വരെ പലരും പ്രചരിപ്പിച്ചു. കുറച്ചധികം തിരക്കഥകൾ കേട്ടു എന്നത് സത്യമാണ്. ഒരു നടൻ എന്ന നിലയിൽ കൂടുതൽ തിരക്കഥകൾ കേൾക്കുന്നത് വളരെ സന്തോഷമുള്ള കാര്യമല്ലേ. അതിൽ നിന്നല്ലേ മികച്ചത് ലഭിക്കുന്നത്. എനിക്ക് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളല്ലേ തിരഞ്ഞെടുക്കാൻ കഴിയൂ. എനിക്ക് ഇണങ്ങാത്ത കഥാപാത്രങ്ങൾ ചെയ്ത് എന്തിനാണ് ഒരു സിനിമ നശിപ്പിക്കുന്നത്. അതിന് താത്പര്യമില്ലാത്തതുകൊണ്ടാണ് കൂടുതൽ സിനിമകൾ ചെയ്യാത്തത്.
അഭിനയത്തിൽ ആന്റണിയെ ഞെട്ടിച്ച സഹതാരങ്ങൾ?
ചെമ്പൻ ചേട്ടനും വിനായകൻ ചേട്ടനും. ആക്ഷൻ പറയുമ്പോൾ അവർ എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കുന്നതെന്ന് മനസിലാകുന്നില്ല. അങ്കമാലി ഡയറീസിൽ അഭിനയിക്കുന്ന സമയത്ത് ടിറ്റോ ചേട്ടന്റെ പ്രകടനവും എന്നെ അദ് ദുതപ്പെടുത്തി.
അവാർഡുകൾ എത്രത്തോളം ഊർജ്ജം നൽകുന്നുണ്ട്?
ഒരുപാട് അവാർഡുകൾ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഏഷ്യ വിഷൻ, ഏഷ്യാനെറ്റ്, സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ, സൈമ തുടങ്ങിയ അവാർഡുകൾ ലഭിച്ചു. സ്റ്റേജിൽ കയറുമ്പോൾ കിട്ടുന്ന കൈയടിയും ബഹളവുമെല്ലാം ശരിക്കും വലിയ ഊർജമാണ് നൽകുന്നത്. ശരീരത്തിലേക്ക് ഒരു പ്രത്യേക ഊർജം പ്രവേശിക്കുന്നത് പോലെ.
സിനിമയല്ലാതെ ആന്റണി ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്?
യാത്രയാണ് എന്റെ പ്രധാന വിനോദം. 12 രാജ്യങ്ങളിൽ യാത്ര ചെയ്തു. അങ്കമാലി ഡയറീസിന് ശേഷമാണ് അത്യാവശ്യം കാശൊക്കെ കിട്ടിയത്. അതുവരെ സീറോ ബാലൻസായിരുന്നു എന്റെ ബാങ്ക് അക്കൗണ്ട്.