തിരുവനന്തപുരം: അനധികൃതമായി നിർമ്മിച്ച കെട്ടിടത്തെക്കുറിച്ച് അന്വേഷിക്കാൻ വിജിലൻസ് സംഘം ഫയൽ ആവശ്യപ്പെട്ടപ്പോൾ കാണാനില്ലെന്ന വിചിത്രമറുപടിയുമായി നഗരസഭ. കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ച് നഗരത്തിൽ നടത്തിയ നിർമ്മാണങ്ങൾ കണ്ടെത്തുന്നതിനായി വിജിലൻസ് സംഘം ഇന്നലെ നടത്തിയ പരിശോധനയ്ക്കിടെയാണ് ഗുരുതര വീഴ്ച കണ്ടെത്തിയ കെട്ടിടത്തിന്റെ ഫയൽ നൽകാൻ നഗരസഭയോട് ആവശ്യപ്പെട്ടത്. കാലടി വിനായക സ്റ്റോറിൽ നടത്തിയ പരിശോധനയിലാണ് കെട്ടിടം റോഡിനോട് ചേർന്ന് കെട്ടിട നിർമ്മാണചട്ട പ്രകാരമുള്ള ദൂരപരിധി പാലിക്കാതെ നിർമ്മിച്ചതെന്ന് കണ്ടെത്തിയത്. ഫയൽ കാണാനില്ലെന്ന മറുപടി ലഭിച്ചതോടെ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് വിജിലൻസ് സംഘം അറിയിച്ചു. മണക്കാട്ട് ആഡിറ്റോറിയം നിർമ്മിച്ചത് തണ്ണീർ തടത്തിലാണെന്നും വിജിലൻസ് കണ്ടെത്തി. കരമന, തളിയലിലെ സൂപ്പർ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 2012ൽ 1200 ചതുരശ്ര അടി കെട്ടിടം നിർമ്മിക്കാൻ അനുമതി വാങ്ങിയ ശേഷം 3500 ചതുരശ്ര അടി കെട്ടിടം പൂർത്തീകരിച്ചതായും കണ്ടെത്തി. ദൂരപരിധിയോ പാർക്കിംഗ് സൗകര്യങ്ങളോ പരിഗണിക്കാതെ ഉദ്യോഗസ്ഥർ നിർമ്മാണം നിയമവിധേയമാക്കി നൽകുകയും പുതിയ കെട്ടിട നമ്പരുകൾ അനുവദിക്കുകയും ചെയ്‌തു. കിഴക്കേകോട്ടയിലെ ടെക്സ്റ്റൈൽസ് കെട്ടിടം അനുമതി ഇല്ലാതെയാണ് 6000 ചതുരശ്ര അടിയിൽ നിർമ്മിച്ചതെന്നും വിജിലൻസ് കണ്ടെത്തി. കരമന മരുതൂർകടവിലെ അപ്പാർട്ട്‌മെന്റ് കെട്ടിടം കരമന ആറിൽ നിന്നും തീരദേശ പരിപാലന നിയമപ്രകാരമുള്ള ദൂരം പാലിച്ചില്ലെന്ന് പ്രാഥമികമായി കണ്ടെത്തി. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും വിജിലൻസ് സംഘം അറിയിച്ചു. ടൗൺ പ്ലാനിംഗ്, റവന്യു വിഭാഗങ്ങളിലെ ചില ഉദ്യോഗസ്ഥർ ഇടനിലക്കാർ മുഖേന ലക്ഷങ്ങൾ കൈക്കൂലി വാങ്ങി അനധികൃത നിർമ്മാണങ്ങൾക്ക് കൂട്ടനിൽക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. വിജിലൻസ് ഡയറക്ടർ അനിൽകാന്തിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷ്, വിജിലൻസ് ദക്ഷിണ മേഖല എസ്.പി. ജയശങ്കർ, വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്.പി കെ ഇ. ബൈജു, വിജിലൻസ് ഇന്റലിജൻസ് എസ്.പിയുടെ ചുമതലയുള്ള ഇ.എസ്. ബിജുമോൻ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. മിന്നൽ പരിശോധനയെ സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.