തിരുവനന്തപുരം: കവടിയാറിലെ സിവിൽ സർവീസ് പരീക്ഷ കോച്ചിംഗ് സെന്ററിൽ നിന്ന് എ.സി യൂണിറ്റ് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. നിരവധി കേസുകളിലെ പ്രതിയായ വട്ടിയൂർക്കാവ് വാഴോട്ടുകോണം സ്വദേശി സെയ്ദാലിയെയാണ് (56) മ്യൂസിയം പൊലീസ് പിടികൂടിയത്. കവടിയാറിലെ ഗ്ലോബൽ ഐ.എ.എസ് അക്കാഡമിയിലാണ് ഇയാൾ മോഷണം നടത്തിയത്. അക്കാഡമിയിലെയും സമീപ സ്ഥാപനങ്ങളിലെയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സമാന കേസുകളിൽ ഉൾപ്പെട്ട പ്രതികളെകുറിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെപ്പറ്റി വിവരം ലഭിച്ചത്. പൊലീസ് തിരയുന്ന വിവരമറിഞ്ഞ് സെയ്ദാലി ഒളിവിലായിരുന്നു. പട്ടാപ്പകൽ മറ്റുള്ളവരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതിൽ വിദഗ്ദനായ സെയ്ദാലിയുടെ അറസ്റ്റോടെ പല മോഷണക്കേസുകളെകുറിച്ചും വിവരം ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
മ്യൂസിയം സി.ഐ സന്തോഷ്, എസ്.ഐ ഷാഫി ബി.എം, ശ്യാംരാജ്, സനൽകുമാർ, എ.എസ്.ഐ ഷാജി, സി.പി.ഒമാരായ സജിത്ത്, മണികണ്ഠൻ, വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.