local

കോട്ടയം : വേമ്പനാട്ടുകായലിൽ പാതിരാമണലിന് സമീപം കത്തി നശിച്ച ഹൗസ് ബോട്ടിന് ലൈസൻസില്ലെന്ന് കണ്ടെത്തിയതിന് പിറകെ അറുനൂറിലേറെ ബോട്ടുകൾക്ക് ലൈസൻസും യാത്രാനുമതിയുമില്ലെന്ന് തുറമുഖവകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ആലപ്പുഴയിലും കുമരകത്തുമായി എഴുനൂറ്റമ്പതോളം ബോട്ടുകളാണുള്ളത്. തുറമുഖവകുപ്പ് നിർദ്ദേശിക്കുന്ന സജ്ജീകരണങ്ങൾ ഒരുക്കാൻ കഴിയാത്ത ബോട്ടുകളാണ് ലൈസൻസ് പുതുക്കാത്തത്. ഇവയ്ക്ക് യാത്രാനുമതി ഇല്ലെങ്കിലും സർവീസ് നടത്തുന്നത് തടയാൻ കഴിയുന്നില്ല.

ഹൗസ് ബോട്ടുകളിൽ പല തവണ തീപിടിച്ചിട്ടുണ്ട്. ഇത് പുറം ലോകം അറിയാതെ മൂടിവയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബോട്ടു ജീവനക്കാർക്ക് പരിശീലനം നൽകാൻ ഫയർഫോഴ്സ് നിർദ്ദേശം വച്ചിട്ടും ആരും താത്പര്യം കാണിച്ചില്ല. തീപടരുമ്പോൾ ഫയർ എക്സ്റ്റിംഗ് ക്യുഷർ ഉപയോഗിച്ചാൽ തടയാനാകും. എന്നാൽ മിക്ക ബോട്ടിലും ഇതില്ല. ഉള്ളവയിലാകട്ടെ ജീവനക്കാർക്ക് പരിശീലനവും നൽകിയിട്ടില്ല. ആവശ്യത്തിന് ലൈഫ് ജാക്കറ്റുമില്ല . ലൈസൻസ് പുതുക്കുമ്പോൾ ഇതെല്ലാം വേണമെന്നാണ് നിയമം. ലൈസൻസില്ലാതെയാണ് ആറു വർഷമായി കത്തി നശിച്ച ബോട്ട് സർവീസ് നടത്തിയിരുന്നത്. ബോട്ട് ഉടമകളും പല തവണ മാറി. ബോട്ട് ഉടമയ്ക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൗസ് ബോട്ട് ഉടമകളുടെ യോഗം കളക്ടർ 31 ന് വിളിച്ചിട്ടുണ്ട്.

ലൈഫ് ജാക്കറ്റ് ദൈവത്തിന്റെ കൈയിൽ!

കുമരകത്ത് നിന്ന് പാതിരാമണലിലേക്ക് സഞ്ചാരികളുമായി പോകുകയായിരുന്ന ഓഷിയാനോ ബോട്ട് വ്യാഴാഴ്ചയാണ് അഗ്നിക്കിരയായത്. ആഴം കുറഞ്ഞ സ്ഥലത്തേക്ക് ബോട്ട് അതിവേഗത്തിൽ ഓടിച്ചതിനാൽ സഞ്ചാരികൾ കായലിൽ ചാടി രക്ഷപ്പെടുകയായിരുന്നു. കുട്ടികളെ ഉയർത്തിപ്പിടിച്ച് വെള്ളത്തിൽ നിന്നവരെയും മറ്റ് യാത്രക്കാരെയും കുമരകം മുഹമ്മ സർവീസ് ബോട്ടും ചെറു വള്ളങ്ങളും രക്ഷിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ബോട്ടിൽ ലൈഫ് ജാക്കറ്റ് ആവശ്യത്തിനില്ലായിരുന്നു. തീഅണയ്ക്കൽ ഉപകരണം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് യാത്രക്കാർ പറഞ്ഞു.