മലയിൻകീഴ്: ഇട വഴികളിലൂടെ രോഗിയില്ലാതെ 108 ആംബുലൻസിന്റെ പാച്ചിൽ. മലയിൻകീഴ്-ശ്രീകൃഷ്ണപുരം റോഡിലൂടെ ആംബുലൻസ് ചീറി പാഞ്ഞു. അതിന് മുന്നിലായി പോയ ഓട്ടോറിക്ഷയെ തടഞ്ഞ് നിറുത്താനാണെന്ന് വൈകിയാണ് പ്രദേശവാസികൾ അറിയുന്നത്. അപ്പോഴേക്കും നാട്ടുകാർക്ക് പറ്റാനുള്ളത് പറ്റി. ഇന്നലെ വൈകുന്നേരത്താണ് സംഭവം. കാട്ടാക്കടയിലുള്ള 108 ആംബുലൻസ് രോഗിയുമായി പോയി മടങ്ങും വഴി ഓട്ടോറിക്ഷ 108 ലെ പൈലറ്റിനോട് അപമര്യാദയായി പെരുമാറിയത്രേ. അത് ചോദ്യം ചെയ്യുന്നതിനാണ് മലയിൻകീഴ് മഞ്ചാടി റോഡ് രണ്ട് വട്ടം ചുറ്റി ക്ഷേത്ര ജംഗ്ഷനിലെത്തിയത്. ഇത്തരമൊരു കാഴ്ച പതിവില്ലാത്തതിനാൽ നാട്ടുകാരിൽ ചിലർ ഇരുചക്രവാഹനങ്ങളുമായി 108 ന് പിന്നാലെ പോയെങ്കിലും ഫലമില്ലാതെ മടങ്ങി. മലയിൻകീഴ് ശാന്തുമൂല സ്വദേശിയും മുൻ ഓട്ടോ റിക്ഷ ഡ്രൈവറുമാണ് 108 ലെ പൈലറ്റെന്നാണ് നാട്ടുകാർ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറുമായിട്ടുള്ള മുൻ വൈരാഗ്യമാണ് ഇന്നലത്തെ സംഭവത്തിന് പിന്നിൽ. കഷ്ടിച്ച് ഓട്ടോറിക്ഷ മാത്രം പോകാറുള്ള ശ്രീകൃഷ്ണപുരം മഞ്ചാടി പ്രധാന റോഡിലെ ഇടവഴിയിലൂടെയും മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പോകാനുള്ള ഇടവഴികളിലൂടെയും 108 ആംബുലൻസ് പോകുന്നത് കണ്ട് ഭയന്ന് ഇടവഴിയിൽ നിന്ന പ്രദേശവാസി താഴ്ന്ന ഭാഗത്തേക്ക് വീണ് പരിക്കേൽക്കുകയുമുണ്ടായി. എമർജൻസി ശബ്ദവും പുറപ്പെടുവിച്ച് ക്ഷേത്ര ജംഗ്ഷൻ പലവട്ടം 108 ആംബുലൻസ് ചുറ്റിയെങ്കിലും ഓട്ടോറിക്ഷയെ കണ്ടെത്താനായില്ല. രോഗിയില്ലാതെ 108 ആംബുലൻസ് ദുരുപയോഗം ചെയ്തതിന് പൊലീസിലും ആശുപത്രി അധികൃതർക്കും പൈലറ്റിനെതിരെ നാട്ടുകാർ പരാതി നൽകിയതായി അറിയുന്നു.സംഭവത്തെ സംബന്ധിച്ച് മലയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.