ബിസിനസ് ലോകം വെട്ടിപ്പിടിക്കാൻ പോയ വർക്കല സ്വദേശിയുടെ കൊലപാതകത്തിൽ ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങൾ. സ്വന്തം വളർച്ചകൊണ്ട് രാജ്യത്തെ മുഴുവൻ ഞെട്ടിച്ച ആ വർക്കല ഇടവാക്കാരന്റെ ജീവിതം 39-ാം വയസിൽ അവിടെ അവസാനിച്ചു. എന്നാൽ ആ കൊലപാതകം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുന്നു. കൊലക്കേസിലെ പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ ഒടുവിലത്തെ ആൾ ഇസാസ് ലക്ക്ഡാ വാലായെ കഴിഞ്ഞ എട്ടിന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നിട്ടും സത്യം ഇപ്പോഴും മൂടുപടത്തിനുള്ളിലാണ്.
മുംബയിലെ ബാന്ദ്ര വെസ്റ്റ്. അതിസമ്പന്നരും സെലിബ്രിറ്റികളുമൊക്കെ താമസിക്കുന്ന സ്ഥലം. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാന കമ്പനിയായ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ഓഫീസും ഉടമ തക്കിയുദ്ദീൻ അബ്ദുൽ വാഹീദിന്റെ വീടും അവിടെ തന്നെ. രണ്ടും തമ്മിൽ കഷ്ടിച്ച് ഒന്നരക്കിലോമീറ്റർ ദൂരം.
അന്ന് 1995 നവംബർ 13. കമ്പനി എം.ഡി തക്കിയുദ്ദീനെ തേടി പതിവു പോലെ ഒരു ഫോൺ വിളിയെത്തി. ഭാര്യ സജ്നി. ആവശ്യം കേട്ട് കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പം അത്താഴം കഴിക്കാമെന്ന് ഉറപ്പു നൽകി ജോലി തീർക്കുകയാണ് ജീവനക്കാർ തക്കിഭായി എന്നു തക്കിസാർ എന്നൊക്കെ വിളിക്കുന്ന തക്കിയുദ്ദീൻ. എയർലൈൻസിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിനെക്കുറിച്ച് മറ്റൊരു ചർച്ച കഴിഞ്ഞു. പുതുതായി രണ്ട് അത്യാധുനിക ബോയിംഗ് വിമാനങ്ങൾ വാടകയ്ക്ക് എടുക്കുന്നത് സംബന്ധിച്ചായിരുന്നു അത്. ഈ വിമാനങ്ങൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടു തക്കിയുദ്ദീന്റെ സഹോദരൻ ഫൈസൽ അന്ന് ലണ്ടനിലായിരുന്നു.
ബാപ്പ വരുന്നതും കാത്ത് വീട്ടിൽ അക്ഷമരായിരിക്കുന്ന മക്കളായ ഷെഹ്നാസിനെയും (എട്ട്), സാഹിലിനെയും (ഏഴ്) ഓർത്തപ്പോൾ അന്നത്തെ ജോലി ഒതുക്കി തക്കിയുദ്ദീൻ കസേരയിൽ നിന്നും എണീറ്റു. മക്കൾക്കൊപ്പം എത്താനുള്ള തിടുക്കത്തിൽ കാറിന്റെ അടുത്തേക്ക് നടന്നു. ഡ്രൈവർ ഫാറൂഖ് അഹമ്മദ് ബർക്കത്തലി ഷെയ്ഖിന്റെ മുഖത്താകെ പരിഭ്രമം. പുതുതായി ഇറക്കുമതി ചെയ്ത മെഴ്സിഡീസ് കാർ സ്റ്റാർട്ടാകാത്തതായിരുന്നു കാരണം.
അറേബ്യൻ സമുദ്രത്തിന് അഭിമുഖമായി, വലിയ ഗ്ലാസ് ജനാലകളുള്ള മനോഹരമായ ഒരു ഇരുനിലക്കെട്ടിടമായിരുന്നു തക്കിയുദ്ദീന്റെ വീട്. ഓഫിസ് ജീവനക്കാർ തക്കിയുദ്ദീനു പോകാൻ മറ്റൊരു കാർ ഏർപ്പെടുത്താൻ ഒരുക്കം തുടങ്ങിയപ്പോഴേക്കും കടുംനീലത്തിലുള്ള മെഴ്സിഡീസ് ബെൻസ് സ്റ്റാർട്ടായി. സമയം 9.25. തക്കിയുദ്ദീനുമായി കാർ മുന്നോട്ട്. പെട്ടെന്ന് തൊട്ടടുത്ത ഒരു ഇടറോഡിൽ നിന്ന് ഒരു ചുവന്ന മാരുതി വാൻ മെഴ്സിഡീസിന്റെ മുന്നിലേക്കു കയറി വഴിമുടക്കി നിന്നു. വാനിൽ നിന്നു മൂന്നുപേർ തോക്കുകളുമായി ചാടിയിറങ്ങി. അവരിൽ ഒരാൾ ചുറ്റിക കൊണ്ട് വിൻഡ് സ്ക്രീൻ തകർക്കാൻ തുടങ്ങി. മറ്റു രണ്ടുപേർ കാറിനുള്ളിലേക്ക് തുരുതുരെ വെടിവച്ചു. നിമിഷങ്ങൾക്കുള്ളിൽ അക്രമികൾ വാനിലേക്കു ഓടിക്കയറി അപ്രത്യക്ഷരായി. ഞെട്ടലിൽ നിന്നുണർന്ന ബർക്കത്തലി വാനിനെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല. കാർ അതിവേഗം ഈസ്റ്റ് വെസ്റ്റിന്റെ ഓഫിസിലേക്ക് . മറ്റു ജീവനക്കാർകൂടി ചേർന്ന് തൊട്ടടുത്ത് ഭാഭാ ജനറൽ ആശുപത്രിയിൽ തക്കിയുദ്ദീനെ എത്തിച്ചപ്പോൾ സമയം 9.55. സ്വന്തം വളർച്ചകൊണ്ട് രാജ്യത്തെ മുഴുവൻ ഞെട്ടിച്ച ആ വർക്കല ഇടവാക്കാരന്റെ ജീവിതം 39-ാം വയസിൽ അവിടെ അവസാനിച്ചു. എന്നാൽ ആ കൊലപാതകം സംബന്ധിച്ച ദുരൂഹത ഇപ്പോഴും തുടരുന്നു. കൊലക്കേസിലെ പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ ഒടുവിലത്തെ ആൾ ഇസാസ് ലക്ക്ഡാ വാലായെ കഴിഞ്ഞ എട്ടിന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നിട്ടും സത്യം ഇപ്പോഴും മൂടുപടത്തിനുള്ളിലാണ്.
ഈ കേസിലെ പ്രതി ബണ്ടി പാണ്ഡെ വേറൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ മുംബയ് ജയിലിലുണ്ട്. 2015 നവംബറിൽ ഇന്തൊനീഷ്യയിൽ പിടിയിലായ ഛോട്ടാ രാജൻ ഇപ്പോൾ ഡൽഹി തിഹാർ ജയിലിലുമുണ്ട്. പൊലിസും അന്വേഷണ ഏജൻസികളും മനസുവച്ചാൽ സത്യം മറ നീക്കും.
കൊല്ലിച്ചത് ദാവൂദോ ഛോട്ടാരാജനോ അതോ മൂന്നാമനോ?
മുംബയ് പൊലീസിന്റെ കുറ്റപത്രം അനുസരിച്ച് കൊല നടത്തിയത് ഛോട്ടാ രാജൻ സംഘമാണ്. പ്രതികൾ ഇവർ: രോഹിത് വർമ്മ, ജോസഫ് ജോൺ ഡിസൂസ, സുനിൽ മൽഗോകർ, ബണ്ടി പാണ്ഡെ, ഇജാസ് ലഡാവാല (കേസിൽ പാണ്ഡെയുടെയും ലഡാവാലയുടെയും പേരുകൾ പൊലീസ് പിന്നീടാണ് ഉൾപ്പെടുത്തിയത്).
രോഹിത് വർമ്മ 2000 ൽ ബാങ്കോക്കിൽ ദാവൂദ് സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ജോസഫ് ജോൺ ഡിസൂസ വാഹിദ് കൊല്ലപ്പെട്ടതിന്റെ പിറ്റേമാസം തന്നെ പിടിയിലായെങ്കിലും 1998 ൽ തെളിവില്ലെന്നു പറഞ്ഞ് സെഷൻസ് കോടതി വിട്ടയച്ചു. 2004 ൽ മുംബയിൽ പൊലീസ് എൻകൗണ്ടറിൽ ഇൻസ്പെക്ടർ പ്രദീപ് ശർമ വെടിവച്ചു കൊന്നു. സുനിൽ മൽഗോക്കറിനെ പിടിച്ചെങ്കിലും ഡിസൂസയ്ക്കൊപ്പം വിട്ടയച്ചു. ബണ്ടി പാണ്ഡെയെ 2010 ൽ വിയറ്റ്നാമിൽ വച്ച് പിടിച്ചു. മറ്റൊരു വധ ഗൂഢാലോചനക്കേസിൽ 2014 ൽ ജീവപര്യന്തം തടവുശിക്ഷ. ഛോട്ടാരാജന്റെ നിർദ്ദേശപ്രകാരമാണ് കൊലയെന്ന് മൊഴി നൽകിയത് ഡിസൂസ. 1996 ൽ ഒരു ഇംഗ്ളീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഛോട്ടാ രാജനും ഇതു സ്ഥിരീകരിച്ചു. വാഹിദിനു ദാവൂദുമായി ഉണ്ടായിരുന്ന ബന്ധമാണു കാരണമെന്നും പറഞ്ഞു.
2003 ൽ രഹസ്യാന്വേഷണ ഏജൻസി 'റോ" മുംബയ് അധോലോകത്തു നിന്നു ചോർത്തിയ ചില ഫോൺ സംഭാഷണങ്ങളിൽ ദാവൂദ് സംഘമാണു കൊലയ്ക്കു പിന്നിലെന്ന സൂചനയുണ്ടായിരുന്നു. ഇതിന്റെ പ്രതിഫലം സംബന്ധിച്ച ചില വിവരങ്ങളും ലഭിച്ചു. സമാനമായ കൂടുതൽ ഫോൺ സന്ദേശങ്ങൾകൂടി ലഭിച്ചതോടെ 'റോ" 2005 ൽ പുനരന്വേഷണം നിർദ്ദേശിച്ചുവെങ്കിലും മുംബയ് പൊലീസ് അതിനു തയാറായില്ല.
പൊലീസിന്റെ ഒളിച്ചുകളിയും കഴുകന്മാരുടെ വിരുന്നും
ഈസ്റ്റ് വെസ്റ്റ് എയർലൈനു ശേഷം ആരംഭിച്ച ജെറ്റ് എയർവേയ്സിന്റെ ഉടമ നരേഷ് ഗോയലിലേക്ക് സംശയത്തിന്റെ മുന എത്തിയിരുന്നു. തക്കിയുദ്ദീൻ കൊല്ലപ്പെട്ടു. ഈസ്റ്റ് വെസ്റ്റ് തകർന്നു. നരേഷ് ഗോയലിന്റെ ജെറ്റ് എയർവെയ്സ് ഇന്ന് രാജ്യത്തെ പ്രമുഖ എയർലൈൻസായി തഴച്ചുവളർന്നു. നരേഷ് ഗോയലിനെ കുറിച്ച് മലയാളി പത്രപ്രവർത്തകനായ ജോസി ജോസഫ് തന്റെ 'കഴുകന്മാരുടെ വിരുന്ന് " ( A Feast of Vultures -The Hidden Business of Democracy in India) എന്ന് എഴുതിയപ്പോൾ നരേഷ് കോടതിയിൽ മാനനഷ്ടത്തിന് കേസ് നൽകി. പക്ഷെ, തെളിവുകളുമായി കോടതിയിലെത്തിയ ജോസി ജോസഫിനുമേൽ വിജയം നേടാൻ നരേഷിനായില്ല. കൊല്ലിച്ചത് നരേഷ് ഗോയലെന്ന് തീർത്തു പറയാനാകില്ലെന്ന് ഈസ്റ്റ് വെസ്റ്റിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും തക്കിയുദ്ദീന്റെ ഇളയസഹോദരനുമായ ഫൈസൽ വാഹീദ് പറഞ്ഞു. പക്ഷേ, ഈസ്റ്റ് കോസ്റ്രിനെ തകർക്കാൻ നരേഷ് ഗോയൽ നിരന്തരമായി ശ്രമിച്ചിരുന്നുവെന്ന് പല സംഭവങ്ങളും നിരത്തി അദ്ദേഹം പറയുന്നു.
''സംഭവം നടന്ന അടുത്ത ദിവസം വൈകിട്ട് ഞാൻ തിരുവനന്തപുരത്ത് എത്തി. മൂന്നു നാലു ദിവസം കഴിഞ്ഞ് ഞാൻ മുംബയിലെത്തി. അപ്പോൾ മുംബയ് എനിക്ക് സുരക്ഷിതമല്ല മാറി നിൽക്കണമെന്ന് പൊലീസുകാരിൽ ചിലർ പറഞ്ഞു. എന്റെ മനസ് അപ്പോഴേക്കും മരവിച്ചിരുന്നു. അതുകൊണ്ടു തന്നെ പേടിയൊന്നും തോന്നിയില്ല. ഞാൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ തേടിപ്പോയി. ബാന്ദ്രാ വെസ്റ്റിലെ പൊലീസ് കമ്മിഷണർ മുതൽ അന്നത്തെ മുഖ്യമന്ത്രിയെ വരെ പോയികണ്ടു. ഇവർ കേസന്വേഷണം തുടക്കം പോലും നടത്തിയിരുന്നില്ല. സംഭവം നടന്ന ദിവസം തന്നെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള പോരായി ചിത്രീകരിച്ച് എഴുതി തള്ളാനായിരുന്നു തിടുക്കം.
ദൃക്സാക്ഷിയൊന്നും ഇല്ലെന്നായിരുന്നു പൊലീസ് എന്നോടു പറഞ്ഞത്. ഞാൻ അന്വേഷിച്ചിറങ്ങി. മൂന്നു ദിവസത്തിനുള്ളിൽ ദൃക്സാക്ഷികളെ ഡ്രൈവറുടെ സഹായത്തോടെ കണ്ടെത്തി. അവർ എല്ലാം പറഞ്ഞു. തക്കിസാർ ഞങ്ങളെ കാണുമ്പോൾ കൈ കാണിച്ചിട്ടാണ് പോകുന്നത്. അന്നും കാറിന്റെ ഗ്ലാസ് താഴ്ത്തി വിഷ് ചെയ്യാൻ ഒരുങ്ങുമ്പോഴായിരുന്നു. ഒരു കാർ വന്ന് ബ്ളോക്ക് ചെയ്തത് എന്നൊക്കെ. ഇതെല്ലാം ഞാൻ റെക്കാർഡ് ചെയ്തു. ഇവരെ ഞാൻ പൊലീസിന് മുന്നിൽ എത്തിച്ചു. പക്ഷേ, പൊലീസ് പരുഷമായാണ് അവരെ ചോദ്യം ചെയ്തത്. അതിലൊരാൾ കരയും പോലെയായി. ഞാൻ ടേപ്പ് നൽകിയിട്ടും കമ്മിഷണറും പൊലീസും കേട്ടില്ല. എന്റെ കൈയിൽ നിന്നും പണം വാങ്ങാൻ വേണ്ടിയാണ് ഇവർ വന്നതെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തി. നേപ്പാളിയെ പോലെയുള്ള ആളായിരുന്നു വെടിവച്ചതെന്നാണ് അവർ പറഞ്ഞത്. എന്നാൽ അപ്പോൾ പിടികൂടിയത് ഒരു ദക്ഷിണേന്ത്യക്കാരനെയായിരുന്നു.
ഞാൻ പോയി പൊലീസ് സ്റ്റേഷനിൽ സംസാരിച്ചതല്ലാതെ നമ്മുടെ കുടുംബത്തിലെ ഒരാളോടും എന്താണ് നടന്നത് എന്ന് ഒരു പൊലീസുകാരൻ പോലും ചോദിച്ചില്ല. രണ്ടു ദിവസം മുമ്പ് ഒരാൾ സർദാർജിയുടെ വേഷത്തിൽ ഓഫീസിൽ വന്നിരുന്നു. നിങ്ങളുടെ എം.ഡി ഇവിടെയല്ലേ താമസിക്കുന്നത് എന്നു ചോദിച്ചു. അടുത്താണ് താമസം എന്നു പറഞ്ഞു. ഇതേകുറിച്ച് അന്വേഷണം നടത്തിയില്ല
ജെറ്റ് എയർവേയ്സിൽ പിണങ്ങിയെന്നും പറഞ്ഞ് ഒരാൾ ഞങ്ങളുടെ കമ്പനിയിൽ വന്ന് ജോലിചെയ്തു. ഇവിടത്തെ കാര്യങ്ങളൊക്കെ മനസിലാക്കി മുങ്ങി. ഇതു സംബന്ധിച്ച് തക്കിഭായിയും നരേഷ് ഗോയലുമായി വഴക്കുണ്ടായി. ഇത് പൊലീസ് കേസാകുമെന്നറിഞ്ഞപ്പോൾ നരേഷ് പ്ളേറ്റ് മാറ്റി. തക്കി സഹോദരനെ പോലെയാണെന്ന് നമ്മുടെ സീനിയർ മാനേജർ റാം മനോഹറിനോട് പറഞ്ഞത്. നമ്മുടെ കമ്പനിയിൽ നിന്നും ആളുകളെ വലിച്ചാണ് ജെറ്റ് എയർവേസ് തുടങ്ങിയത്. നമ്മളെ തളർത്തായി സി.ബി.ഐ പരിശോധനകൾ നടത്തി. മുന്തിയ ഇംഗ്ളീഷ് പത്രത്തിൽ വാർത്ത വന്നു.
തക്കിഭായിയുടെ കുടുംബാംഗങ്ങൾ കേസുമായി പോകാത്തതെന്ത്?
പൊലീസ് പറഞ്ഞിരുന്നത് ഛോട്ടാരാജൻ കൊല്ലിച്ചതെന്നാണ്. എന്റെ പുസ്തകത്തിലാണ് ദാവൂദിനെ കൊണ്ട് ബിസിനസ് പക കാരണം നരേഷ് ഗോയൽ ചെയ്യിച്ചതെന്ന് വ്യക്തമാക്കിയത്. തക്കിയുദ്ദീന്റെ മരണ ശേഷം കുടുംബാംഗങ്ങൾ പേടിച്ചു പോയി. ബിസിനസ് പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഒരു അദ്ധ്യായത്തിലും അടുത്ത അദ്ധ്യായത്തിൽ നരേഷ് ഗോയലും ദാവൂദും തമ്മിലുള്ള ബന്ധവുമാണ് പറഞ്ഞിരുന്നു. ഇതു രണ്ടും കൂട്ടി വായിച്ചിട്ടാണ് അവർ കേസ് കൊടുത്തത്.
ഈ കൊലപാതകം ഒരു ബിസിനസിന്റെ അവസാനമായിരുന്നു. തക്കിയുദ്ദീന്റെ കുടുംബം ആകെ ഉലഞ്ഞു പോയി. അവർ പലവഴിക്കു പോയി. ഇസാസിന്റെ അറസ്റ്റു കൊണ്ടൊന്നും ഈ കൊലാപാതകത്തിന്റെ ചുരുളഴിയില്ല. തക്കിയുദ്ദീനും അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നുണ്ടെങ്കിൽ നരേഷ് ഗോയൽ അടക്കമുള്ള ബിസിനസ് ശത്രുക്കൾക്കെതിരെ അന്വേഷണം കൊണ്ടു വരണം. ഞാനെന്റെ ബുക്കിൽ ഇത്രയും വിവരങ്ങൾ വെളിപ്പെടുത്തിയിട്ടും ബന്ധുക്കളോ സുഹൃത്തുക്കളോ കൂടെ ജോലി ചെയ്തിരുന്നവരോ രാഷ്ട്രീയസമ്മർദ്ദം ചെലുത്താൻ മടിച്ചു. അതിനു കാരണം ഈ കുടുംബത്തിനോ സുഹൃത്തുക്കൾക്കോ മറച്ചുവയ്ക്കാവുന്ന രഹസ്യം ഉണ്ടോ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്. ആ ബുക്കിന്റെ പേരിൽ എനിക്കു കേസ് ഉണ്ടാവുകയും ഞാൻ എഴുതിയത് സത്യമാണെന്ന് കോടതിക്ക് ബോദ്ധ്യം വന്നിട്ടും ആരും തുടർ അന്വേഷണ ആവശ്യം കോടതിയിൽ പോലും ഉന്നയിച്ചില്ല. ഒരുപക്ഷെ, കുടുംബത്തിന്റെ താങ്ങും തണലുമായ ഒരാൾ മരിച്ചതിന്റെ ഷോക്കിൽ നിന്നും മോചിതരാകാത്തതുകൊണ്ടും ആകാം ബിസിനസ് ലോകം വെട്ടിപ്പിടിക്കാൻ പോയ മലയാളികളായ തക്കിയുദ്ദീനും രാജൻ പിള്ളയ്ക്കും നീതി കിട്ടിയിട്ടില്ല.
ഇല്ല അധോലോക ബന്ധം
തക്കിയുദ്ദീനോ തങ്ങൾക്കോ അധോലോക ബന്ധം ഇല്ലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അടിവരയിട്ടു പറയുന്നു. ബഹറിൻ രാജകുടുംബവുമായി നല്ല ബന്ധമുണ്ടായിരുന്ന തക്കിയുദ്ദീന്റെ സഹോദരൻ നാസറുദ്ദീന് ഗൾഫ് മാൻ പവർ എന്ന റിക്രൂട്ടിംഗ് ഏജൻസി ഉണ്ടായിരുന്നു. പ്രതിവർഷം അയ്യായിരം പേരെയാണ് ഈ കമ്പനി റിക്രൂട്ട് ചെയ്തിരുന്നത്. പിന്നീട് തുടങ്ങിയ ഈസ്റ്റ് വെസ്റ്റ് ട്രാവൽസ് 1985 ഓടെ രാജ്യത്തെ നമ്പർ വൺ ആയി. 40 ശതമാനം എയർ ടിക്കറ്റുകളും ഞങ്ങളാണ് നൽകിയിരുന്നത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച പുതിയ നയം അനുസരിച്ചാണ് എയർലൈൻ തുടങ്ങുന്നത്. അതിനു മുമ്പ് തക്കിഭായി പ്രധാനമന്ത്രിയെ കണ്ട് സംസാരിക്കുകയും ചെയ്തു. ദാവൂദ് ഇബ്രാഹിമുമായി ഞങ്ങൾക്ക് ഒരു ബന്ധവുമില്ല- തക്കിയുദ്ദീന്റെ വാഹിദിന്റെ സഹോദരൻ ഫൈസൽ പറയുന്നു. ''ഉണ്ടായിരുന്നുവെങ്കിൽ 1997ൽ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് സാമ്പത്തിക പ്രതിസന്ധിയിൽ പെടില്ലായിരുന്നുവല്ലോ? മുംബയ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മേമൻ കുടുംബാംഗങ്ങൾക്ക് ഇന്ത്യയിൽ നിന്ന് പോകാൻ ടിക്കറ്റ് നൽകിയത് ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ആണ് എന്നായിരുന്നു മറ്റൊരു ആരോപണം. ടൈംസ് ഓഫ് ഇന്ത്യയുടെ ഒന്നാം പേജിൽ ഈ വാർത്ത വന്നു. എന്നാൽ ആ ടിക്കറ്റുകൾ നൽകിയത് ഈസ്റ്റ് വെസ്റ്റ് ട്രാവൽ ആൻഡ് ടൂർസ് എന്ന മറ്റൊരു ട്രാവൽ ഏജൻസി ആയിരുന്നു. ആ വാർത്ത പക്ഷേ, ഞങ്ങൾക്കു വല്ലാതെ ദ്രോഹം ചെയ്തു""–ഫൈസൽ പറഞ്ഞു.
ചിറകു മുളയ്ക്കുമോ വീണ്ടും
ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് പുനരാരംഭിക്കാനുള്ള തീരുമാനത്തിലാണ് കമ്പനിയുടെ ചെയർമാനും തക്കിയുദ്ദീന്റെ സഹോദരനുമായ നാസറുദ്ദീന്റെ തീരുമാനം. ഇതിനോട് മറ്റ് സഹോദരങ്ങളും യോജിച്ചുവരുന്നു. ബാങ്കിന് 30 കോടി രൂപ കൊടുക്കാനുണ്ട് 100 കോടിയിൽ കുറയാത്ത ആസ്തി ബാങ്കിലുണ്ട്. അത് ഉടനെ ഒത്തുതീർപ്പാക്കും. കോവളത്ത് ഉൾപ്പെടെയുള്ള വസ്തുവകകൾ പ്രയോജനപ്പെടുത്തി ബിസിനസ് വിപുലമാക്കും. താൽപര്യമുള്ള കുടുംബാംഗങ്ങളെ മുഴുവൻ കൂട്ടും - അദ്ദേഹം പറഞ്ഞു. കാലം പ്രതികൂലമല്ലേ എന്നു ചോദിച്ചപ്പോൾ എല്ലാവരും മടിച്ചു നിന്നപ്പോഴായിരുന്നു നമ്മൾ എയർലൈൻ തുടങ്ങിയത് എന്നായിരുന്നു ഫൈസലിന്റെ മറുപടി. വനവാസം കഴിഞ്ഞുവെന്ന് നാസറുദ്ദീനും.