1. രാജ്യം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതിനിടെ രാജ്യത്തില്‍ അഞ്ചിടത്ത് സ്‌ഫോടനം. അസമിലെ ദിബ്രുഗഡ്, സൊണാരി ജില്ലകളിലെ അഞ്ചിടത്താണ് സ്‌ഫോടനം നടന്നത്. ശക്തിയേറിയ ഗ്രനേഡ് സ്‌ഫോടനം ആണ് നടന്നത് എന്നാണ് പ്രാഥമിക വിവരം. ദിബ്രുഗഡിലെ ഗ്രഹം ബസാര്‍, എടി റോഡിലെ ഗുരുദ്വാര, ദുലിയാജന്‍ എന്നിവടങ്ങളില്‍ സ്‌ഫോടനം നടന്നു. സൊണാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിയോക് ഘടിലും സ്‌ഫോടനം ഉണ്ടായി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി.
2. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. സ്‌ഫോടനത്തിന്റെ പിന്നില്‍ ഉള്‍ഫ തീവ്ര വാദികളാണെന്ന് സംശയം. സ്‌ഫോടനങ്ങളെ ശക്തമായി അപലപിക്കുന്നു എന്ന് അസം മുഖ്യമന്ത്രി പറഞ്ഞുയ ജനങ്ങള്‍ തീര്‍ത്തും അവഗണിച്ചതിലെ ജാള്യത മറച്ചു വയ്ക്കാന്‍ ആണ് തീവ്രവാദ സംഘടനകള്‍ ഈ വിശുദ്ധ ദിനത്തില്‍ ആക്രമണം നടത്തിയത് എന്നും അദ്ദേഹം വിമര്‍ശിച്ചു. കുറ്റക്കാരെ പിടികൂടാന്‍ ശക്തമായ നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
3. 71ാം റിപ്പബ്ലിക്ക് ദിനാഘോഷ നിറവില്‍ രാജ്യം. രാജ്യ തലസ്ഥാനത്തെ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചതോടെ ആണ് ഡല്‍ഹിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. പ്രൗഢ ഗംഭീരമായി ചടങ്ങുകള്‍ രാജ്പഥില്‍ നടന്നു. പരേഡ് കമാന്‍ഡര്‍ ലെഫ് ജനറല്‍ അസീത് മിസ്ത്രയില്‍ നിന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരൊ ആയിരുന്നു വിശിഷ്ടാതിഥി. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധത്തിന്റെയും ഭീകരാക്രമണ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഒരുക്കിയ ആയിരുന്നു പരിപാടി. സുരക്ഷ കണക്കില്‍ എടുത്ത് കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിരുന്നു. രാഷ്ട്രപതി വിശിഷ്ട സേവാ മെഡലുകള്‍ വിതരണം ചെയ്തു. ആര്‍മി നേവി എയര്‍ഫോഴ്സ് സേന വിഭാഗങ്ങളുടെ പരേഡും സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യ പ്രദര്‍ശനവും ചടങ്ങില്‍ നടന്നു. നിശ്ചല ദൃശ്യങ്ങളില്‍ ഇത്തവണയും കേരളത്തിന്റേത് ഇല്ലായിരുന്നു.
4. നിയമസഭാ പ്രമേയത്തെ തള്ളി പറഞ്ഞ ഗവര്‍ണറെ പിന്‍വലിക്കണം എന്ന് കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് നിലനില്‍ക്കുന്നത് എന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നോട്ടീസ് നല്‍കി ഇരിക്കുന്നത്. സഭയില്‍ ഈ കാര്യം ചര്‍ച്ച ചെയ്യണമോ എന്നത് കാര്യോപദേശക സമിതി തീരുമാനിക്കും എന്നും സ്പീക്കര്‍. കേന്ദ്രം ഗവര്‍ണറെ തിരിച്ച് വിളിക്കണം എന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണറെ പിന്‍വലിക്കാന്‍ പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സര്‍ക്കാര്‍-ഗവണര്‍ പോര് നിലനില്‍ക്കെ ആണ് പുതിയ നീക്കങ്ങള്‍.
5. അതേസമയം, കേരളത്തിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല എന്ന് നിയമ മന്ത്രി എ.കെ ബാലന്‍. കേന്ദ്രവും കേരളവും തമ്മില്‍ നേരത്തെയും തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഗവണര്‍റും സര്‍ക്കാരും ആയി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഇല്ല. പ്രതിപക്ഷം കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുക ആണെന്നും മന്ത്രിയുടെ വിമര്‍ശനം. കേന്ദ്ര, സംസ്ഥാന ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ല. പൗരത്വ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരിന് വ്യക്തമായ അഭിപ്രായമുണ്ട്. സര്‍ക്കാര്‍ നിലപാട് തെറ്റ് എന്ന് സുപ്രീംകോടതി പറഞ്ഞാല്‍ അത് അംഗീകരിക്കും എന്നും നിയമ മന്ത്രി കൂട്ടിച്ചേര്‍ത്തു.
6. കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാന്‍ നിയമസഭയും. ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതില്‍ പുതിയ വിവരങ്ങള്‍ ആരാഞ്ഞുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണം എന്ന് കേന്ദ്രത്തിനോട് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ നിയമസഭ, പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശബ്ദവോട്ടോടെ ആണ് പ്രമേയം പാസാക്കിയത്. പൗരത്വ ഭേദഗതി നിയമം ഭരണഘടനയുടെ വ്യവസ്ഥകള്‍ തകര്‍ക്കുകയാണ്. അതിനാല്‍ ഈ നിയമം പിന്‍വലിക്കണം എന്ന് പ്രമേയത്തില്‍ ആവശ്യം. എല്ലാ മത വിഭാഗങ്ങളില്‍പെട്ടവരും നിയമങ്ങള്‍ക്ക് മുന്നില്‍ തുല്യരാണെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് പാര്‍ലമെന്ററികാര്യ മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു.
7. പൗരത്വ നിയമത്തിന് എതിരെ പ്രമേയം പാസാക്കണം എന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. കേരളമാണ് പൗരത്വ നിയമ ഭേദദതിക്ക് എതിരെ ആദ്യം പ്രമേയം പാസാക്കിയത്. കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്ത് എഴുതിയിരുന്നു. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കി. സമാനമായി രാജസ്ഥാനിലും പ്രമേയം പാസായതോടെ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ ഉള്ള മറ്റ് സംസ്ഥാനങ്ങളും ഇതേ മാര്‍ഗം സ്വീകരിച്ചേക്കും.
8. ചൈനയില്‍ കൊറോണ വൈറസ് ബാധ ദ്രുതഗതിയില്‍ പടരുന്നു എന്ന് പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ മുന്നറിയിപ്പ്. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്. ഗൗരവമായ സാഹചര്യത്തിലൂടെ ആണ് രാജ്യം കടന്ന് പോകുന്നത് എന്ന് ചൈനീസ് പ്രസിഡന്റ് അറിയിച്ചു. വൈറസ് ബാധയില്‍ 42 പേര്‍ മരിച്ചു എന്നും ജിന്‍പിങ് സ്ഥിരീകരിച്ചു. വുഹാനില്‍ മാത്രം 1400 പേര്‍ക്ക് വൈറസ് ബാധയേറ്റു. കൊറോണ വൈറസ് ചൈനയില്‍ കൂടുതല്‍ പടരുമെന്ന് യൂറോപ്യന്‍ ഗവേഷണ സംഘം മുന്നറിയിപ്പ് നല്‍കിയിട്ട് ഉണ്ട്.